Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightദമ്മാമിൽ ‘കീം’ പരീക്ഷ...

ദമ്മാമിൽ ‘കീം’ പരീക്ഷ കേന്ദ്രം വേണം: ജനപ്രതിനിധികൾ ഇടപെടുന്നു; അധികൃതർക്ക് കത്തെഴുതി

text_fields
bookmark_border
ദമ്മാമിൽ ‘കീം’ പരീക്ഷ കേന്ദ്രം വേണം: ജനപ്രതിനിധികൾ ഇടപെടുന്നു; അധികൃതർക്ക് കത്തെഴുതി
cancel

ജുബൈൽ: സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിലുള്ള മലയാളി വിദ്യാർത്ഥികളുടെ ദീർഘകാല ആവശ്യമായ ‘കീം’ പരീക്ഷ കേന്ദ്രം ദമ്മാമിൽ അനുവദിക്കണമെന്ന ആവശ്യത്തിന് ശക്തമായ രാഷ്​ട്രീയ പിന്തുണ. അടുത്ത അധ്യയന വർഷം മുതൽ പരീക്ഷ കേന്ദ്രം യാഥാർത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഷാഫി പറമ്പിൽ എം.പി, ഡോ. വി. ശിവദാസൻ എം.പി എന്നിവർ കേരള പ്രവേശന പരീക്ഷ കമീഷണർക്ക് കത്തയച്ചു.

നിലവിൽ കിഴക്കൻ പ്രവിശ്യയിൽ പരീക്ഷ കേന്ദ്രമില്ലാത്തത് പ്രവാസി വിദ്യാർത്ഥികൾക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്​ടിക്കുന്നത്. പരീക്ഷ എഴുതുന്നതിനായി അയൽ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യേണ്ടി വരുന്നത് വലിയ സാമ്പത്തിക ബാധ്യതക്കും മാനസിക പ്രയാസങ്ങൾക്കും കാരണമാകുന്നുണ്ട്. യാത്ര സൗകര്യങ്ങളുടെ അഭാവം മൂലം പല വിദ്യാർത്ഥികൾക്കും പരീക്ഷ എഴുതാൻ സാധിക്കാതെ അക്കാദമിക് വർഷം തന്നെ നഷ്​ടമാകുന്ന സാഹചര്യമുണ്ടെന്ന് ഷാഫി പറമ്പിൽ എം.പി ചൂണ്ടിക്കാട്ടി. മേഖലയിലെ വലിയ മലയാളി ജനസംഖ്യയും പരീക്ഷാർത്ഥികളുടെ എണ്ണവും പരിഗണിച്ച് പരീക്ഷ സൗകര്യം അടിയന്തരമായി മെച്ചപ്പെടുത്തണമെന്ന് ഡോ. വി. ശിവദാസൻ എം.പി ആവശ്യപ്പെട്ടു.

ദേശീയതലത്തിലുള്ള ജെ.ഇ.ഇ പരീക്ഷകൾ നിലവിൽ വിജയകരമായി നടത്തിവരുന്ന ദമ്മാം ഇന്ത്യൻ ഇൻറർനാഷനൽ സ്കൂളിനെ ‘കീം’ പരീക്ഷ കേന്ദ്രമായി പരിഗണിക്കാവുന്നതാണെന്ന് എം.പിമാർ നിർദ്ദേശിച്ചു. കേരള പ്രവേശന പരീക്ഷ കമീഷണർ റിയാദിലെ ഇന്ത്യൻ എംബസിയുമായും സ്കൂൾ അധികൃതരുമായും ചർച്ച നടത്തി ജെ.ഇ.ഇ മാതൃകയിൽ കേന്ദ്രം അനുവദിക്കണമെന്നാണ് പ്രധാന ആവശ്യം.

ഇന്ത്യൻ ഓവർസീസ് ഫോറം കിഴക്കൻ പ്രവിശ്യാ പ്രസിഡൻറ്​ അനിൽ മൽപാനിയുടെ നേതൃത്വത്തിൽ എംബസി ഉദ്യോഗസ്ഥരെയും രാഷ്​ട്രീയ-സാമൂഹിക പ്രതിനിധികളെയും ഏകോപിപ്പിച്ചുകൊണ്ട് ശക്തമായ ശ്രമങ്ങളാണ് നടക്കുന്നത്. ഒ.ഐ.സി.സി ഭാരവാഹി ബിജു കല്ലുമല, നവോദയ പ്രതിനിധി രഞ്ജിത്ത് വടകര എന്നിവരും നിവേദനങ്ങൾ സമർപ്പിക്കുന്ന പ്രവർത്തനങ്ങളിൽ സജീവമാണ്.

വിദ്യാർത്ഥികളുടെ ഭാവി മുൻനിർത്തി രാഷ്​ട്രീയ ഭേദമന്യേ ജനപ്രതിനിധികൾ ഒന്നിച്ച പ്രവാസി സമൂഹത്തിന് വലിയ പ്രതീക്ഷയാണ് നൽകുന്നത്. അധികൃതരുടെ ഭാഗത്തുനിന്ന് ഉടൻ അനുകൂലമായ തീരുമാനം ഉണ്ടാകുമെന്ന കാത്തിരിപ്പിലാണ് കിഴക്കൻ പ്രവിശ്യയിലെ മലയാളി സമൂഹം.

Show Full Article
TAGS:KEAM exam center Dammam political suppport Saudi Arabia News Edu News 
News Summary - Demand for KEAM exam center in Dammam: Representatives intervene; letter sent to authorities
Next Story