വശ്യമനോഹരം, ഹാഇലിലെ അൽ ദിദാൻ റിസർവ്
text_fieldsഹാഇലിലെ അൽ ബത്തയിൽ സ്ഥിതിചെയ്യുന്ന അൽ ദിദാൻ റിസർവ് പ്രദേശത്തെ കാഴ്ചകളിൽനിന്ന്
ഹാഇൽ : ഹാഇൽ നഗരത്തിന് വടക്ക് അൽബത്തയിൽ സ്ഥിതി ചെയ്യുന്ന പ്രകൃതി സംരക്ഷണ കേന്ദ്രമായ അൽ ദിദാൻ റിസർവ് സന്ദർശകരെ ആകർഷിക്കുന്നു. വശ്യമനോഹരമായ പ്രകൃതി കാഴ്ചകൾ ആസ്വാദിക്കാൻ അവധിക്കാലത്ത് ധാരാളം സന്ദർശകരാണ് എത്തുന്നത്.
വൈവിധ്യമാർന്ന സസ്യജാലങ്ങളുടെയും സ്വർണ വർണമുള്ള മണൽക്കൂനകളുടെയും പർവതങ്ങളുടെയും പൂച്ചെടികളുടെയും വ്യത്യസ്തമായ ഭൂപ്രകൃതിയുടെ അനുഭവം കൊണ്ടും അനുഗൃഹീതമായ ഒരിടമാണിത്. വിവിധ പ്രദേശങ്ങളിൽ നിന്നെത്തുന്ന വിനോദസഞ്ചാരികളെ ആവോളം ആകർഷിക്കുന്ന കാഴ്ചയാണിവിടെ.
ഹാഇലിലെ അൽ ബത്തയിൽ സ്ഥിതിചെയ്യുന്ന അൽ ദിദാൻ റിസർവ് പ്രദേശത്തെ കാഴ്ചകളിൽനിന്ന്
2022ൽ ഉദ്ഘാടനം ചെയ്യപ്പെട്ട 10,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള റിസർവ് കാണാൻ വസന്തകാലങ്ങളിലും അവധി ദിനങ്ങളിലും സന്ദർശകർ കുടുംബത്തോടൊപ്പം എത്താറുണ്ട്. സായാഹ്ന വെളിച്ചത്തിൽ ആകർഷകമായ നിറങ്ങൾ പകർന്ന് ഇവിടത്തെ സമൃദ്ധമായ പൂച്ചെടികളുടെ വർണാഭമായ ചാരുത ഏറെ ഹൃദ്യമായ ദൃശ്യം ഒരുക്കുന്നു.
വൈവിധ്യമാർന്ന കുടിലുകൾ, ഇരിപ്പിടങ്ങൾ, കഫേകൾ, പ്രാദേശിക ഭക്ഷണം, സീസണിലെ കാർഷിക ഉൽപന്നങ്ങൾ എന്നിവയെല്ലാം ആഭ്യന്തര വിദേശ സഞ്ചാരികളെ ഇങ്ങോട്ട് മാടിവിളിക്കുന്ന ഘടകങ്ങളാണ്. സന്ദർശകർക്കായി വിവിധ സൗകര്യങ്ങളും ഈ റിസർവ് മേഖലയിൽ ഒരുക്കിയിട്ടുണ്ട്. പ്രദേശത്തെ വേറിട്ട സൗന്ദര്യവും സീസണിലെ കാലാവസ്ഥയും ഇവിടെയെത്തുന്നവർക്ക് അതുല്യമായ അനുഭവം പ്രദാനം ചെയ്യുകയും ചെയ്യുന്നു.