ഡിജിറ്റൽ മേഖലയിൽ വൻ കുതിപ്പ്; ഈ രംഗത്ത് 3,89,000ത്തിലധികം സ്പെഷലിസ്റ്റുകൾ, സ്ത്രീ പങ്കാളിത്തത്തിലും റെക്കോഡ്
text_fieldsയാംബു: ആഗോളതലത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന മേഖലകളിൽ ഒന്നായി സൗദിയിലെ ഡിജിറ്റൽ മേഖല മാറുന്നതായി റിപ്പോർട്ട്. രാജ്യത്തെ ഡിജിറ്റൽ രംഗത്തെ പ്രഫഷനുകളിലെ സ്പെഷലിസ്റ്റുകൾ മിഡിലീസ്റ്റിലെ ഏറ്റവും വലിയ പ്രതിഭകളായി മാറിയതായി കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റെ ആക്ടിങ് ഡെപ്യൂട്ടി മന്ത്രി സഫ അൽറഷീദ് പറഞ്ഞു.
'നാളത്തെ തൊഴിൽ മേഖലയെ ശാക്തീകരിക്കൽ;വിഷൻ 2030 ൽ നിന്നുള്ള ഉൾക്കാഴ്ചകൾ' എന്ന ശീർഷകത്തിൽ കഴിഞ്ഞ ദിവസം റിയാദിൽ നടന്ന ഡിജിറ്റൽ അവബോധ പരിപാടികയിൽ സംസാരിക്കുകയായിരുന്നു അവർ. 2,00,000 ത്തിലധികം ആളുകൾക്ക് ഈ പരിപാടി ഓഫ്ലൈനിലും ഓൺലൈനിലുമായി പ്രയോജനം ലഭിച്ചതായി അധികൃതർ പറഞ്ഞു.
3,89,000 ത്തിലധികം മികവുറ്റ ഉദ്യോഗസ്ഥരാണ് ഡിജിറ്റൽ പ്രഫഷനുകളിൽ സൗദിയിൽ ഇപ്പോൾ സേവനം ചെയ്യുന്നത്. ഇതിൽ സ്ത്രീപങ്കാളിത്തം രാജ്യത്ത് റെക്കോഡ് വർധനയാണ് രേഖപ്പെടുത്തിയത്. ഡിജിറ്റൽ സമ്പദ്വ്യവസ്ഥ ശക്തമായ വളർച്ചക്കാണ് സാക്ഷ്യം വഹിച്ചത്.
രാജ്യത്തെ നിരവധി സർവകലാശാലകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) സ്പെഷൽ കോഴ്സുകളും സാങ്കേതിക രംഗത്തെ പ്രത്യേക പരിശീലന പദ്ധതികളും ഏറെ ഫലം കിട്ടിയതായും മന്ത്രാലയം വ്യക്തമാക്കി. സൗദിയിൽ ഡിജിറ്റൽ മേഖലയിലെ തൊഴിൽ ശക്തിയുടെ 35 ശതമാനം ഇപ്പോൾ സ്ത്രീകളാണ്. ആഗോളതലത്തിൽ ജി 20 ശരാശരിയേക്കാൾ കൂടുതലാണിത്.
2018 ൽ വെറും ഏഴു ശതമാനമുണ്ടായിരുന്ന വളർച്ച പിന്നീടുള്ള ഓരോ വർഷങ്ങളിലും കുത്തനെ വർധനയുണ്ടായതായാണ് റിപ്പോർട്ട്. സൗദിയുടെ സമ്പൂർണ വികസന പദ്ധതിയായ വിഷൻ 2030 പ്രകാരം വൈവിധ്യമാർന്ന ഡിജിറ്റൽ സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കുന്നത് രാജ്യത്തിന്റെ പൗരന്മാരിലുള്ള നിക്ഷേപങ്ങളെ ആശ്രയിച്ചിരിക്കുന്നുവെന്ന് വിലയിരുത്തുന്നു.
പൊതു, സ്വകാര്യ മേഖലകളും അക്കാദമിക് സ്ഥാപനങ്ങളും തമ്മിലുള്ള പങ്കാളിത്തം വികസിപ്പിക്കുന്നത് ഡിജിറ്റൽ രംഗത്തെ കുതിപ്പിന് ആക്കം കൂട്ടി. ആഗോള ഡിജിറ്റൽ സമ്പദ് വ്യവസ്ഥ മൂന്നു മുതൽ നാലു ശതമാനം വരെ വളർന്നുവെങ്കിൽ സൗദിയിൽ അത് 10 ശതമാനത്തിലധികമാണ് വളർച്ച രേഖപ്പെടുത്തിയത്.