ഡോ. നിഷ മധു ജുബൈൽ ഇന്ത്യൻ സ്കൂളിന്റെ പുതിയ പ്രിൻസിപ്പൽ
text_fieldsജുബൈൽ ഇന്ത്യൻ സ്കൂളിന്റെ പുതിയ പ്രിൻസിപ്പലായി ചുമതലയേറ്റ ഡോ. നിഷ മധു, 2. സഹപ്രവർത്തകർ സ്വീകരണം നൽകുന്നു
ജുബൈൽ: മലയാളിയായ ഡോ. നിഷ മധു ജുബൈൽ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂളിന്റെ പുതിയ പ്രിൻസിപ്പലായി ചുമതലയേറ്റു. വിദ്യാഭ്യാസരംഗത്ത് ഏറെ പരിചയസമ്പത്തുള്ള ഡോ. നിഷ, മുമ്പ് ഇറാം അക്കാദമി ഓഫ് സ്പോർട്സ് ആൻഡ് എക്സലൻസിൽ പ്രിൻസിപ്പളായിരുന്നു. പാലക്കാട് സ്വദേശിനിയാണ്. പശ്ചിമബംഗാളിൽനിന്നുള്ള ആർ.കെ. ആലംഗീർ ഇസ്ലാം വിരമിച്ച ഒഴിവിലാണ് ഡോ. നിഷയുടെ നിയമനം. വിദ്യാഭ്യാസത്തിൽ ഡോക്ടറേറ്റ്, ബോട്ടണിയിൽ ബിരുദാനന്തര ബിരുദം, എം.എഡ്., എം.ബി.എ (ഹ്യൂമൺ റിസോഴ്സ് മാനേജ്മെന്റ്) എന്നീ യോഗ്യതകളുള്ള ഡോ. നിഷ സൈക്കോളജി ആൻഡ് കൗൺസിലിങ്ങിൽ ഡിപ്ലോമയും കരസ്ഥമാക്കിയിട്ടുണ്ട്.
10 വർഷത്തോളം മിഡിൽ ഈസ്റ്റിലെ വിവിധ വിദ്യാഭ്യാസ-ഇതര മേഖലകളിൽ പ്രവർത്തിച്ചിട്ടുള്ള അവർ ഇന്ത്യയിൽ സ്കൂളുകളിൽ അഞ്ച് വർഷം പ്രിൻസിപ്പലായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2023ലെ തമിഴ്നാട് സർക്കാറിന്റെ അക്കാദമിക് എക്സലൻസ് അവാർഡും 2025ലെ ഗ്ലോബൽ ഫൗണ്ടേഷൻ ‘ടോപ് 50 വിമൻ ഐക്കൺ - ബെസ്റ്റ് പ്രിൻസിപ്പൽ’ അവാർഡും ലഭിച്ചിട്ടുണ്ട്.
ജില്ലാ കലോത്സവത്തിൽ കലാതിലകമായിരുന്ന ഡോ. നിഷ സംഗീതം, നൃത്തം തുടങ്ങി വിവിധ കലാരംഗങ്ങളിലും തന്റേതായ മികവ് തെളിയിച്ചിട്ടുണ്ട്.ഊർജസ്വലതയും പരിചയസമ്പത്തുമുള്ള ഡോ. നിഷ പ്രിൻസിപ്പലായി എത്തുന്നതോടെ പുതിയ കാലഘട്ടത്തിന് അനുസരിച്ചുള്ള മാറ്റങ്ങൾ ഉൾക്കൊണ്ട് പാഠ-പാഠ്യേതര വിഷയങ്ങളിൽ സ്കൂൾ കൂടുതൽ ഉയരങ്ങളിലേക്ക് കുതിക്കുമെന്ന പ്രതീക്ഷയിലാണ് വിദ്യാർഥികളും രക്ഷിതാക്കളും.


