റിയാദിൽ ഡ്രൈവറില്ലാ വാഹന സർവീസ്; പൈലറ്റ് ഘട്ടത്തിന് വൻ സ്വീകാര്യത, വിപുലീകരണത്തിനൊരുങ്ങി അധികൃതർ
text_fieldsറിയാദിൽ സർവീസ് നടത്തുന്ന സെൽഫ് ഡ്രൈവിംഗ് വാഹനം
റിയാദ്: സൗദി പൊതുഗതാഗത അതോറിറ്റി റിയാദിൽ ആരംഭിച്ച സ്വയം ഓടുന്ന (സെൽഫ് ഡ്രൈവിംഗ്) വാഹന സർവീസിന്റെ പ്രാരംഭ പൈലറ്റ് ഘട്ടത്തിന് വൻ ജനസ്വീകാര്യത. സർവീസ് തുടങ്ങിയതു മുതൽ ഇതുവരെ ആയിരത്തിലധികം യാത്രക്കാർ ഈ സേവനത്തിന്റെ ഭാഗമായതായി അധികൃതർ അറിയിച്ചു.
പബ്ലിക് ട്രാൻസ്പോർട്ട് അതോറിറ്റി, സാങ്കേതിക, ഓപ്പറേഷണൽ പങ്കാളികളായ ഊബർ, വീറൈഡ് എന്നിവരുമായി സഹകരിച്ചാണ് ഈ നൂതന പദ്ധതി നടപ്പാക്കുന്നത്. റിയാദിലെ റോഷൻ വാട്ടർഫ്രണ്ട്, പ്രിൻസസ് നൂറ ബിൻത് അബ്ദുൾറഹ്മാൻ യൂനിവേഴ്സിറ്റി എന്നീ രണ്ട് നിശ്ചിത റൂട്ടുകളിലാണ് നിലവിൽ ഈ സേവനം ലഭ്യമാക്കിയിട്ടുള്ളത്. ഓരോ സ്ഥലത്തും യാത്രക്കാരെ കയറ്റാനും ഇറക്കാനുമായി പ്രത്യേക സ്റ്റേഷനുകൾ ഒരുക്കിയിട്ടുണ്ട്. ഊബർ ആപ്പ് വഴി താൽപ്പര്യമുള്ളവർക്ക് ഈ ഡ്രൈവറില്ലാ വാഹനങ്ങൾ ബുക്ക് ചെയ്ത് യാത്ര ചെയ്യാം.
ദേശീയ ഗതാഗത, ലോജിസ്റ്റിക്സ് സേവന തന്ത്രത്തിന്റെയും സൗദി വിഷൻ 2030-ന്റെയും ലക്ഷ്യങ്ങൾക്കനുസൃതമായി, സ്മാർട്ടും സുസ്ഥിരവുമായ ഗതാഗത രീതികളിലേക്ക് മാറാനും ഗതാഗത മേഖലയിൽ ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ സ്വീകരിക്കാനും ലക്ഷ്യമിട്ടുള്ള അതോറിറ്റിയുടെ അതുല്യമായ സംരംഭങ്ങളിൽ ഒന്നാണ് ഈ സർവീസ്. ജനറൽ ട്രാൻസ്പോർട്ട് അതോറിറ്റിയുടെ നേരിട്ടുള്ള നിയമപരവും സാങ്കേതികവുമായ മേൽനോട്ടത്തിലാണ് സർവീസ് പ്രവർത്തിക്കുന്നത്. സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഓരോ വാഹനത്തിലും ഒരു സുരക്ഷാ ഓഫീസറെ നിയമിച്ചിട്ടുണ്ട്. ഇവർ വാഹനത്തിന്റെ സുരക്ഷ ഉറപ്പാക്കുകയും സ്മാർട്ട് സിസ്റ്റങ്ങളുടെ പ്രവർത്തനം നിരീക്ഷിക്കുകയും ചെയ്യും.
ഈ വർഷം അവസാനത്തോടെ റിയാദിലെ കൂടുതൽ പ്രധാനപ്പെട്ട റൂട്ടുകളിലേക്കും സ്ഥലങ്ങളിലേക്കും സർവീസ് വ്യാപിപ്പിക്കാൻ ഓപ്പറേഷണൽ പദ്ധതികൾ ലക്ഷ്യമിടുന്നു. നിലവിലെ വാഹനങ്ങളുടെ എണ്ണം 20 ലധികമായി വർധിപ്പിക്കാനും പദ്ധതിയുണ്ട്. ആഭ്യന്തര മന്ത്രാലയം, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി അതോറിറ്റി, സൗദി ഡാറ്റാ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റി, ജനറൽ അതോറിറ്റി ഫോർ സർവേ ആൻഡ് ജിയോസ്പേഷ്യൽ ഇൻഫർമേഷൻ, സൗദി സ്റ്റാൻഡേർഡ്സ്, മെട്രോളജി ആൻഡ് ക്വാളിറ്റി ഓർഗനൈസേഷൻ ഉൾപ്പെടെയുള്ള സർക്കാർ പങ്കാളിത്തത്തോടെയായിരിക്കും വിപുലീകരണം നടപ്പിലാക്കുക. സൗദിയിലെ ഗതാഗതത്തിന്റെ ഭാവിയെ പ്രതിനിധീകരിക്കുന്ന ഈ സ്മാർട്ടും സുരക്ഷിതവുമായ യാത്ര അനുഭവിച്ചറിയാൻ പൊതുജനങ്ങളോട് അതോറിറ്റി ആഹ്വാനം ചെയ്തു.


