ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇ-ഗേറ്റ്സ് സേവനം ആരംഭിച്ചു
text_fieldsജിദ്ദ: ജിദ്ദ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇ-ഗേറ്റ്സ് സേവനത്തിന് തുടക്കം കുറിച്ചു. മക്ക മേഖല ഡെപ്യൂട്ടി ഗവർണർ അമീർ സൗദ് ബിൻ മിഷാൽ ബിൻ അബ്ദുൽ അസീസ് പദ്ധതി ഉദ്‌ഘാടനം ചെയ്തു. മനുഷ്യ ഇടപെടലില്ലാതെ യാത്രാ നടപടിക്രമങ്ങൾ യാന്ത്രികമായി പൂർത്തിയാക്കുന്ന 70 ഗേറ്റുകൾ ഉൾപ്പെടുന്ന ഇ-ഗേറ്റ്സ് സേവനമാണ് പ്രാരംഭമായി ആരംഭിച്ചത്. സൗദി വിമാനത്താവളങ്ങളിലെ യാത്രക്കാർക്ക് മികച്ച സേവനം നൽകുന്നതിനായി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട്സ്, എയർപോർട്ട്സ് ഹോൾഡിംഗ് കമ്പനി, സൗദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റി (എസ്.ഡി.എ.ഐ.എ) എന്നിവ പ്രതിനിധീകരിക്കുന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ സഹകരണത്തോടെയാണ് ഇ-ഗേറ്റ്സ് സേവനം ആരംഭിച്ചത്.
ഇ-ഗേറ്റുകൾ വഴി യാത്രക്കാർക്ക് അവരുടെ യാത്രാ നടപടിക്രമങ്ങൾ വേഗത്തിലും സുരക്ഷിതമായും പൂർത്തിയാക്കാൻ സാധിക്കും. ആധുനിക സാങ്കേതികവിദ്യകളും കൃത്രിമബുദ്ധിയും ഉപയോഗിച്ച് യാത്രാ നടപടിക്രമങ്ങൾ സുഗമമാക്കലും ത്വരിതപ്പെടുത്തലുമാണ് പദ്ധതിയുടെ ലക്ഷ്യം. ഇത് സമയവും പരിശ്രമവും ലാഭിക്കാൻ സഹായിക്കുന്നു. രാജ്യത്തിന്റെ വിഷൻ 2030 ന്റെ ലക്ഷ്യങ്ങൾക്കുള്ളിൽ വ്യോമയാന മേഖല സേവനങ്ങളുടെ വികസനത്തിന് സംഭാവന നൽകുന്നതിനും പ്രാദേശികമായും അന്തർദേശീയമായും യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനും സ്മാർട്ട് സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തി ദേശീയ വ്യോമയാന തന്ത്രത്തിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും പദ്ധതി സഹായകരമാവും. ജിദ്ദ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഒന്നാം നമ്പർ ഹാളിനും എക്സിക്യൂട്ടീവ് ഓഫീസ് സൗകര്യങ്ങൾക്കുമിടയിലാണ് 70 ഇ-ഗേറ്റുകൾ സ്ഥാപിച്ചിരിക്കുന്നത്.
ഒരു ഗേറ്റിലൂടെ ഒരു ദിവസം 2,500 യാത്രക്കാർക്ക് വരെ യാത്ര ചെയ്യാൻ കഴിയും. ഇതുവഴി വിമാനത്താവളത്തിന് പ്രതിദിനം 1,75,000 യാത്രക്കാർക്ക് സേവനം നൽകാൻ സാധിക്കും. പാസ്‌പോർട്ടും മുഖചിത്രവും സ്കാൻ ചെയ്യുക വഴി യാത്രക്കാരന്റെ ഐഡന്റിറ്റി പരിശോധിക്കാനുള്ള കഴിവ് ഇ-ഗേറ്റുകൾക്കുണ്ട്. ഇത് നടപടിക്രമങ്ങൾ ത്വരിതപ്പെടുത്തുന്നതിനും വിമാനത്താവളങ്ങളിലെ പ്രവർത്തന പ്രക്രിയകളുടെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലും നിയോം ബേ വിമാനത്താവളത്തിലും ഇ-ഗേറ്റ് സംവിധാനം വിജയകരമായി ആരംഭിച്ചതിന് ശേഷമാണ് മൂന്നാമതായി പദ്ധതി ജിദ്ദ വിമാനത്താവളത്തിലും ആരംഭിച്ചത്.