Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightദമ്മാമിൽ 'കിഴക്കൻ...

ദമ്മാമിൽ 'കിഴക്കൻ പ്രവിശ്യ ഫോട്ടോഗ്രാഫർ' പ്രദർശനത്തിന് തുടക്കമായി

text_fields
bookmark_border
ദമ്മാമിൽ കിഴക്കൻ പ്രവിശ്യ ഫോട്ടോഗ്രാഫർ പ്രദർശനത്തിന് തുടക്കമായി
cancel
camera_alt

‘കിഴക്കൻ പ്രവിശ്യ ഫോട്ടോഗ്രാഫർ’ പ്രദർശനമേള ദമ്മാം കൾച്ചർ ആൻഡ് ആർട്സ് അസോസിയേഷൻ ഡയറക്ടർ യൂസഫ് അൽ ഹർബി ഉദ്ഘാടനം ചെയ്യുന്നു

Listen to this Article

ദമ്മാം: സൗദി അറേബ്യയുടെ സാംസ്കാരികവും പ്രകൃതിദത്തവുമായ വൈവിധ്യങ്ങൾ വിളിച്ചോതുന്ന ‘കിഴക്കൻ പ്രവിശ്യ ഫോട്ടോഗ്രാഫർ’ പ്രദർശനത്തിന് ദമ്മാമിൽ തുടക്കമായി. ദമ്മാമിലെ കൾച്ചർ ആൻഡ് ആർട്സ് അസോസിയേഷൻ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ അസോസിയേഷൻ ഡയറക്ടർ യൂസഫ് അൽ-ഹർബി പ്രദർശനം ഉദ്ഘാടനം ചെയ്തു.

സൗദിയിലെ വിവിധ പ്രദേശങ്ങളെ കോർത്തിണക്കി കലാപരമായ സർവേ ലക്ഷ്യമിടുന്ന ‘കിങ്​ഡം ഫോട്ടോഗ്രാഫർ’ എന്ന ബൃഹദ് പദ്ധതിയുടെ ആദ്യ ഘട്ടമാണ് ദമ്മാമിൽ ആരംഭിച്ചിരിക്കുന്നത്.


കിഴക്കൻ പ്രവിശ്യയിലെ വാസ്തുവിദ്യ, പ്രകൃതിഭംഗി, ജനജീവിതം, പൗരാണിക സംസ്കാരം എന്നിവയുടെ കാമറകൾ ആവാഹിച്ച നേർചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്​.​ സഞ്ചാരികളെ ആകർഷിക്കുന്ന അപൂർവ സ്ഥലങ്ങൾ കണ്ടെത്തുകയും സൗദിയുടെ പൈതൃകം ഫോട്ടോകളിലൂടെ സംരക്ഷിക്കുകയും ചെയ്യുകയാണ്​ ലക്ഷ്യം.

കിഴക്കൻ പ്രവിശ്യയിൽ ആരംഭിച്ച ഈ യാത്ര വരും മാസങ്ങളിൽ നജ്‌റാൻ, അൽ ബാഹ, തബൂക്ക്, റിയാദ് തുടങ്ങി രാജ്യത്തി​ന്‍റെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിക്കും. എട്ട് ദിവസം നീണ്ടുനിൽക്കുന്ന ഈ പ്രദർശനത്തിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമാണ്.

‘ഫോട്ടോഗ്രാഫിയിൽ താൽപ്പര്യമുള്ള പ്രതിഭകളെ ഒരു കുടക്കീഴിൽ കൊണ്ടുവരികയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. മികച്ച നിലവാരമുള്ള ചിത്രങ്ങൾ പകർത്താൻ ശേഷിയുള്ള നിരവധി കലാകാരന്മാരെ ഇതിലൂടെ കണ്ടെത്താനായിട്ടുണ്ട്. ഇവർക്ക് സ്ഥിരമായ പിന്തുണയും വിദ്യകൾ കൈമാറാനുള്ള വേദിയും ഒരുക്കുന്നതിലൂടെ മേഖലയിലെ സാംസ്കാരിക മുന്നേറ്റത്തിന് കരുത്തുപകരാനാകും’ -പദ്ധതി സൂപ്പർവൈസർ അബ്ബാസ് അൽ ഖാമിസ്.

ഭാവി പരിപാടികൾ

ജനുവരി അവസാനത്തിലും ഫെബ്രുവരി ആദ്യവാരത്തിലുമായി ദൃശ്യകല, സാഹിത്യം, നാടകം, സംഗീതം എന്നിവയുമായി ബന്ധപ്പെട്ട കൂടുതൽ പരിപാടികൾ കൾച്ചർ ആൻഡ് ആർട്സ് അസോസിയേഷൻ ആസ്ഥാനത്ത് അരങ്ങേറുമെന്ന് അധികൃതർ അറിയിച്ചു. കഴിവും ആധുനിക ഉപകരണങ്ങളുമുള്ള ഫോട്ടോഗ്രാഫർമാരെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ സൗദി അറേബ്യയുടെ സമഗ്രമായ ഒരു ദൃശ്യരേഖ (വിഷ്വൽ മാപ്​) തയ്യാറാക്കുകയാണ് ഈ പര്യടനത്തിലൂടെ ലക്ഷ്യമിടുന്നത്.

Show Full Article
TAGS:exhibition Dammam photography 
News Summary - 'Eastern Province Photographer' exhibition opens in Dammam
Next Story