പ്രവാസ ലോകത്തും തെരഞ്ഞെടുപ്പ് ആവേശം വാനോളം; ‘നാട്ടിലേക്കുള്ള വിളി’കളുമായി മലയാളികൾ
text_fieldsജുബൈൽ: കേരളം നിയമസഭ തെരഞ്ഞെടുപ്പിെൻറ ചൂടിലേക്ക് കടക്കുമ്പോൾ, തങ്ങൾ പിന്തുണക്കുന്ന മുന്നണികൾ അധികാരത്തിലെത്തുമെന്ന വലിയ പ്രതീക്ഷയോടെ ഗൾഫ് മലയാളികളും ആവേശത്തിലാണ്. ഏപ്രിൽ ഒമ്പതിന് നടക്കുന്ന വോട്ടെടുപ്പിന് മുന്നോടിയായി വിദേശത്തെ മലയാളികൾക്കിടയിൽ രാഷ്ട്രീയ ചർച്ചകളും പ്രചാരണ പ്രവർത്തനങ്ങളും സജീവമായിക്കഴിഞ്ഞു. പൊതുവായ കൂടിച്ചേരലുകളിലും സദസ്സുകളിലും പ്രധാന ചർച്ചാവിഷയം തെരഞ്ഞെടുപ്പ് തന്നെയാണ്.
എന്നാൽ, വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നതും സർവിസുകളുടെ കുറവും നാട്ടിൽ പോയി വോട്ട് ചെയ്യാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
ഈ പരിമിതികൾക്കിടയിലും കേരളത്തിലെ തെരഞ്ഞെടുപ്പ് ഗോദയിൽ തങ്ങളുടേതായ അടയാളപ്പെടുത്തലുകൾ നടത്താനുള്ള ഒരുക്കത്തിലാണ് മലയാളി സമൂഹം. തുടർഭരണം ലക്ഷ്യമിടുന്ന എൽ.ഡി.എഫും, മാറ്റത്തിനായി കൊമ്പുകോർക്കുന്ന യു.ഡി.എഫും, സാന്നിധ്യമുറപ്പിക്കാൻ ശ്രമിക്കുന്ന ബി.ജെ.പിയും തമ്മിലുള്ള കനത്ത പോരാട്ടമാണ് ഇത്തവണ പ്രവാസ ലോകത്തും ചർച്ചയാകുന്നത്. നാട്ടിലെത്താൻ കഴിയാത്തവർ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി സ്വന്തം പാർട്ടികൾക്കായി സജീവമായി ഇടപെടുന്നുണ്ട്.
സ്ഥാനാർഥികളുടെ വിശേഷങ്ങൾ പങ്കുവെച്ചും രാഷ്ട്രീയ നിലപാടുകൾ വിശകലനം ചെയ്തും സൈബർ ഇടങ്ങളിൽ പ്രവാസികൾ സജീവമാണ്. കൃത്യമായ രാഷ്ട്രീയ അവബോധത്തോടെയുള്ള കുറിപ്പുകളും ചർച്ചകളും പ്രവാസി ഗ്രൂപ്പുകളിൽ നിറയുന്നുണ്ട്.
കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും വോട്ടുകൾ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ‘നാട്ടിലേക്കുള്ള വിളി’കളും ഇപ്പോൾ ഊർജിതമാണ്. നാട്ടിലുള്ള ബന്ധുക്കളെയും സുഹൃത്തുക്കളെയും ഫോണിൽ വിളിച്ച് തങ്ങൾ വിശ്വസിക്കുന്ന മുന്നണികൾക്ക് വോട്ട് നൽകേണ്ടതിെൻറ ആവശ്യകത പ്രവാസികൾ ബോധ്യപ്പെടുത്തുന്നു. ഓരോ വോട്ടും നിർണായകമായ തെരഞ്ഞെടുപ്പിൽ പ്രവാസികളുടെ ഈ ഇടപെടലുകൾ വലിയ സ്വാധീനം ചെലുത്തും. ഏപ്രിൽ ഒമ്പതിന് നടക്കുന്ന വോട്ടെടുപ്പിെൻറ ഫലം മേയ് നാലിനാണ് പുറത്തുവരുന്നത്. കേരളത്തിെൻറ രാഷ്ട്രീയ ഭാവി എങ്ങോട്ടാണെന്നത് വലിയ പ്രതീക്ഷയോടെയാണ് പ്രവാസ ലോകം ഉറ്റുനോക്കുന്നത്.


