ഹജ്ജ് വേളയിൽ 2,000 പേർ ഇലക്ട്രിക് സ്കൂട്ടറുകൾ പ്രയോജനപ്പെടുത്തി
text_fieldsഹജ്ജ് വേളയിൽ ഉപയോഗിച്ച ഇലക്ട്രിക് സ്കൂട്ടറുകൾ
മക്ക: ഈ വർഷത്തെ ഹജ്ജ് വേളയിൽ 2,000 പേർ യാത്രക്ക് ഇലക്ട്രിക് സ്കൂട്ടറുകൾ പ്രയോജനപ്പെടുത്തി. ഹജ്ജ് വേളയിൽ പ്രായമായ തീർഥാടകരുടെയും ഭിന്നശേഷിക്കാരുടെയും സഞ്ചാരം സുഗമമാക്കാൻ ലക്ഷ്യമിട്ടുള്ള ഈ സേവനം പൊതുഗതാഗത അതോറിറ്റിയാണ് ഒരുക്കിയത്. രണ്ട് വർഷം മുമ്പാണ് ഹജ്ജ് വേളയിൽ അതോറിറ്റി ഇലക്ട്രിക് സ്കൂട്ടറുകളിൽ പരീക്ഷണം ആരംഭിച്ചത്. കഴിഞ്ഞ വർഷം പരീക്ഷണം വിപുലീകരിച്ചു. ഈ വർഷം സംരംഭം കൂടുതൽ വിപുലമാക്കി. ഇതോടെ ഹജ്ജ് വേളയിൽ തീർഥാടകരുടെ യാത്രാരംഗത്ത് ഒരു പ്രധാന സേവനമായി ഇലക്ട്രിക് സ്കൂട്ടർ മാറി.
മൂന്ന് വഴികളിലൂടെ ഹറമിലേക്കുള്ള തീർഥാടകരുടെ സഞ്ചാരം സുഗമമാക്കുന്നതിന് സ്ഥിരമായ പാതകൾ ഒരുക്കുകയാണ് ഇലക്ട്രിക് സ്കൂട്ടർ യാത്ര സംരംഭത്തിലൂടെ അതോറിറ്റി ലക്ഷ്യമിട്ടത്. ആദ്യ പാത അറഫക്കും മുസ്ദലിഫക്കും ഇടയിൽ ആരംഭിക്കുന്നതാണ്. ഇത് നാല് കിലോമീറ്ററാണ് . മറ്റൊന്ന് 1.2 കിലോമീറ്റർ നീളത്തിൽ ജംറയിലേക്ക് എത്തുന്ന പടിഞ്ഞാറൻ പാലമാണ്. മൂന്നാമത്തേത് 1.2 കിലോമീറ്ററുള്ള ജംറയിലേക്ക് എത്തുന്ന കിഴക്കൻ പാലമാണ്. തീർഥാടകർക്ക് വേഗമേറിയതും കാര്യക്ഷമവും സുരക്ഷിതവുമായ ഒന്നിലധികം ഗതാഗത മാർഗങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഈ സംരംഭത്തിൻ കീഴിൽ നാല്, മൂന്ന്, ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടും.