‘എക്സിക്യൂട്ടീവ് രേഖ’ തൊഴിൽ തർക്കങ്ങൾ കുറക്കുന്നു –മാനവ വിഭവശേഷി മന്ത്രാലയം
text_fieldsറിയാദ്: നീതിന്യായ മന്ത്രാലയവുമായി സഹകരിച്ച് നടപ്പിലാക്കിയ ഏകീകൃത തൊഴിൽ കരാറിലെ എക്സിക്യൂട്ടീവ് രേഖ പരമ്പരാഗത നടപടികളിലൂടെ കടന്നുപോകാതെ തൊഴിലാളികൾക്ക് അവരുടെ കുടിശ്ശിക വേതനം നേരിട്ട് ക്ലെയിം ചെയ്യാൻ അനുവദിക്കുന്നുവെന്ന് സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം ഔദ്യോഗിക വക്താവ് മുഹമ്മദ് അൽറിസ്കി പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് മാനവ വിഭവശേഷി വക്താവ് ഇക്കാര്യം പറഞ്ഞത്.
തൊഴിൽ കരാറിലെ എക്സിക്യൂട്ടീവ് രേഖ തൊഴിൽ വിപണിയിലെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും പരിഹരിക്കുന്നതിനുമുള്ള സംവിധാനങ്ങളിലെ അടിസ്ഥാനപരമായ മാറ്റത്തെ പ്രതിനിധീകരിക്കുന്നു. കാരണം ഇത് തൊഴിൽ തർക്കങ്ങൾ കുറയ്ക്കുകയും ന്യായവും സുതാര്യവുമായ തൊഴിൽ അന്തരീക്ഷം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുവെന്നും വക്താവ് വിശദീകരിച്ചു.
ധാരാളം സമയവും പരിശ്രമവും ആവശ്യമുള്ള മൂന്ന് ഘട്ടങ്ങളെ ഇത് ഒരൊറ്റ ഘട്ടത്തിലേക്ക് ചുരുക്കുന്നു. അഞ്ച് ദിവസത്തിൽ കൂടാത്ത കാലയളവിനുള്ളിൽ നടപ്പാക്കാൻ കഴിയുന്നു. തൊഴിലാളികൾക്കും തൊഴിലുടമകൾക്കും നിയമ പരിരക്ഷയുടെ നിലവാരം ഉയർത്തുക, തൊഴിൽ വിപണിയിൽ നീതിയുടെയും ന്യായത്തിന്റെയും തത്വങ്ങൾ ഏകീകരിക്കുക എന്നിവയാണ് ഈ നടപടിയുടെ പ്രാഥമിക ലക്ഷ്യമെന്ന് വക്താവ് പറഞ്ഞു.
വേതന വ്യവസ്ഥ എക്സിക്യൂട്ടിവ് രേഖ സ്വീകരിക്കുന്നത് കരാർ ബന്ധത്തിലെ രണ്ട് കക്ഷികൾക്കും അധിക രേഖകളുടെ ആവശ്യമില്ലാതെ നേരിട്ട് അവരുടെ അവകാശങ്ങൾ അവകാശപ്പെടാൻ അനുവദിക്കുന്നു. ഇത് അവകാശങ്ങളുടെ പരിഹാരം വേഗത്തിലാക്കുകയും തർക്കങ്ങൾ കുറയ്ക്കുകയും ചെയ്യുന്നു. അതേസമയം തൊഴിൽ അന്തരീക്ഷത്തിന്റെ സ്ഥിരതയും ചട്ടങ്ങൾ പാലിക്കുന്നതിന്റെ നിലവാരവും വർധിപ്പിക്കുന്നുവെന്നും വക്താവ് പറഞ്ഞു.
‘എക്സിക്യൂട്ടീവ് രേഖ’ നടപ്പിലാക്കുന്നത് രണ്ട് ഘട്ടങ്ങളിലായാണ് . ആദ്യ ഘട്ടം ‘ഖിവ’ പ്ലാറ്റ്‌ഫോമിൽ നിന്നാണ് ആരംഭിക്കുന്നത്. അവിടെ കരാർ ബന്ധം രേഖപ്പെടുത്തുകയും കരാർ ഇലക്ട്രോണിക് ആയി നീതിന്യായ മന്ത്രാലയത്തിന്റെ ഡോക്യുമെന്റേഷൻ സെന്ററിലേക്ക് അയയ്ക്കുകയും അവിടെ അതിന് ഒരു എക്സിക്യൂട്ടീവ് നമ്പർ നൽകുകയും ചെയ്യുന്നു.
രണ്ടാം ഘട്ടത്തിലെ നടപടികളിൽ വേതനം വൈകിയാൽ തൊഴിലാളിക്ക് ഇലക്ട്രോണിക് ആയി അപേക്ഷ സമർപ്പിക്കാൻ അനുവദിക്കുന്നത് ഉൾപ്പെടുന്നു. മന്ത്രാലയത്തിന്റെ സംവിധാനങ്ങളിലൂടെയും ‘മദാദ്’ പ്ലാറ്റ്‌ഫോം വഴി വേതന സംരക്ഷണ പരിപാടിയിലൂടെയും പേയ്‌മെന്റ് പരിശോധന ഉടനടി നടത്തുന്നു. ഈ സംയോജിത സംവിധാനം നടപടിക്രമങ്ങളുടെ വേഗത വർധിപ്പിക്കുകയും കാലതാമസത്തിനോ തടസ്സത്തിനോ ഉള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നുവെന്ന് വക്താവ് പറഞ്ഞു.


