ഭരണനിർവഹണത്തിന് കരുത്തായി എഫ്.ഐ.ഐ ഫൗണ്ടേഷന്റെ 'സേജ്' എ.ഐ പ്ലാറ്റ്ഫോം
text_fieldsറിയാദ്: പൊതുനയ രൂപീകരണ പ്രക്രിയ കാര്യക്ഷമമാക്കാനും, നടപ്പിലാക്കുന്നതിന് മുമ്പുതന്നെ അതിന്റെ പ്രായോഗിക ഫലങ്ങൾ മുൻകൂട്ടി അറിയാനും സഹായിക്കുന്നതിനായി ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനിഷ്യേറ്റിവ് (എഫ്.ഐ.ഐ) ഫൗണ്ടേഷൻ പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) പ്ലാറ്റ്ഫോം പുറത്തിറക്കി. 'സേജ്' എന്ന് പേരിട്ടിരിക്കുന്ന ഈ പ്ലാറ്റ്ഫോം, ലോകമെമ്പാടുമുള്ള നയരൂപകർത്താക്കളെയും ഭരണാധികാരികളെയും ശാക്തീകരിക്കുന്നതിലൂടെ പൊതുസേവനങ്ങൾ കൂടുതൽ കാര്യക്ഷമവും, സമഗ്രവും, പൗരന്മാരിലേക്ക് കേന്ദ്രീകരിച്ചുള്ളതുമാക്കാൻ ലക്ഷ്യമിടുന്നു.
ആഗോള എ.ഐ വിദഗ്ധരുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത 'സേജ്', എ.ഐയുടെ സഹായത്തോടെയുള്ള നയ സിമുലേഷൻ, പരമാധികാര കമ്പ്യൂട്ടിങ് ശേഷി, ഓരോ രാജ്യത്തിന്റെയും പശ്ചാത്തലങ്ങൾക്കനുസരിച്ച് രൂപകൽപന ചെയ്ത ബഹുഭാഷ കോ-പൈലറ്റുകൾ എന്നിവ സമന്വയിപ്പിക്കുന്നു. നിർദേശിക്കപ്പെടുന്ന നയങ്ങളുടെ സാമൂഹിക, സാമ്പത്തിക സ്വാധീനം മുൻകൂട്ടി മാതൃകയാക്കാൻ ഈ പ്ലാറ്റ്ഫോം സർക്കാറുകളെ അനുവദിക്കുന്നു. വിദ്യാഭ്യാസം, ആരോഗ്യം, ഊർജം, ഗതാഗതം തുടങ്ങിയ മേഖലകൾക്കായി പ്രാദേശിക ഡെവലപ്പർമാർക്ക് സ്റ്റാൻഡേർഡ് ചെയ്ത പോളിസി സൊല്യൂഷനുകൾ സൃഷ്ടിക്കാൻ കഴിയുന്ന ഒരു തുറന്ന 'ഗവേണൻസ് ആപ് സ്റ്റോറും' 'സേജ്'ൽ ഉൾപ്പെടുന്നു. ഇത് രാജ്യങ്ങൾക്കിടയിലുള്ള ഡിജിറ്റൽ സഹകരണം വർധിപ്പിക്കാൻ സഹായിക്കും.
ഈ സാങ്കേതികവിദ്യക്ക് പൊതുതാൽപര്യം സംരക്ഷിക്കുന്നതിൽ വലിയ പങ്കുണ്ടെന്ന് എഫ്.ഐ.ഐ ഫൗണ്ടേഷൻ എക്സിക്യൂട്ടിവ് കമ്മിറ്റി ചെയർമാനും ആക്ടിങ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസറുമായ റിച്ചാർഡ് ആട്ടിയാസ് പറഞ്ഞു. മനുഷ്യന്റെ തീരുമാനമെടുക്കാനുള്ള ശേഷിയെ ശക്തിപ്പെടുത്തുന്ന കാഴ്ചപ്പാടാണ് 'സേജ് പ്ലാറ്റ്ഫോം പ്രതിഫലിപ്പിക്കുന്നത്. 'സേജി'ന്റെ ആൽഫാ പതിപ്പ് 2025 നവംബർ 22, 23 തീയതികളിൽ ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ ആദ്യമായി അവതരിപ്പിക്കും. തുടർന്ന് ആഗോള പരിശീലന സെഷനുകൾക്ക് ശേഷം 2026ൽ നടക്കുന്ന എഫ്.ഐ.ഐ10 കോൺഫറൻസിലായിരിക്കും പൂർണമായ പതിപ്പ് പുറത്തിറക്കുക.


