ഒടുവിൽ ആ പെട്ടി തുറന്നു, അതൊരു കഷ്ണം കിസ്വയായിരുന്നു
text_fieldsസിറിയയിലെ ഉമയ്യദ് പള്ളിയിൽ സൂക്ഷിച്ചിരിക്കുന്ന സൗദി അറേബ്യ സമ്മാനിച്ച കഅ്ബയുടെ കിസ്‌വയുടെ ഒരു ഭാഗം സൂക്ഷിച്ചിരിക്കുന്ന പെട്ടി
റിയാദ്: ആഴ്ചകളായി സിറിയക്കാർ ഒരു ജിജ്ഞാസയിലായിരുന്നു. ദമാസ്കസിലെ പ്രശസ്തമായ ഉമയ്യദ് പള്ളിയിൽ സൂക്ഷിച്ചിരിക്കുന്ന, സൗദി അറേബ്യ സമ്മാനിച്ച ആ പെട്ടിയിൽ എന്താണ്? ആകാംക്ഷ മുറ്റിയ അന്തരീക്ഷത്തിൽ ഉത്തരം തേടി അലഞ്ഞ ചോദ്യത്തിന് ഒടുവിൽ ഉത്തരമായിരിക്കുന്നു. സിറിയൻ വിമോചനദിനമായ ഇന്ന് (ഡിസംബർ എട്ട്) പ്രസിഡൻറ് അഹമ്മദ് അൽ ഷറ പള്ളിയിലെത്തി പെട്ടിയെ പുതച്ചിരുന്ന പച്ച വിരി മാറ്റി. അതിെൻറ ചില്ല് മേലടപ്പിനുള്ളിലൂടെ ജനം കണ്ടു, മക്കയിലെ വിശുദ്ധ കഅ്ബയുടെ സ്വർണ നൂലുകൾ കൊണ്ട് ഖുർആൻ വചനങ്ങളും മറ്റും തുന്നിച്ചേർത്ത കറുത്ത പട്ടുവസ്ത്രത്തിെൻറ ഒരു കഷ്ണം.
വിമോചനദിനമായ ഡിസംബർ എട്ടിന് സിറിയൻ പ്രസിഡൻറ് അഹമ്മദ് അൽ ഷറ പെട്ടിയെ പുതപ്പിച്ചിരുന്ന പച്ച വിരി മാറ്റിയപ്പോൾ
സിറിയയുമായി സൗഹൃദം പുനഃസ്ഥാപിച്ച ശേഷം സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ അയച്ചുെകാടുത്ത സമ്മാനമായിരുന്നു അത്. പ്രസിഡൻറ് അഹമ്മദ് അൽ ഷറ അതേറ്റുവാങ്ങി ഉമയ്യദ് പള്ളിയിൽ ഒരു പച്ചത്തുണികൊണ്ട് മറച്ച് സൂക്ഷിച്ചുവെച്ചു. പെട്ടി തുറക്കാനോ ഉള്ളിലെന്താണെന്ന് വെളിപ്പെടുത്താനോ ഗവൺമെൻറ് തയ്യാറായില്ല. അതോടെ കുറച്ച് ആഴ്ചകളായി സിറിയൻ ജനത ആലോചിച്ചത് ആ പെട്ടിയിൽ എന്തായിരിക്കുമെന്നാണ്. ജിജ്ഞാസ മുറ്റി വീർപ്പുമുട്ടലായപ്പോൾ വിമോചനദിനമായ ഡിസംബർ എട്ടിന് പെട്ടി തുറന്ന് എന്താണെന്ന് വെളിപ്പെടുത്തുമെന്ന് അധികൃതർ വ്യക്തമാക്കി.
അതോടെ സമാധാനമായ ജനങ്ങൾ പിന്നെ ആ ദിവസത്തിനുവേണ്ടിയുള്ള കാത്തിരിപ്പിലായി. ഒടുവിൽ ആ ദിനം വന്നെത്തി. വിമോചനദിനാഘോഷങ്ങൾക്കിടെ ഇന്ന് രാവിലെ ഉമയ്യദ് പള്ളിയിലേക്ക് പ്രസിഡൻറ് അഹമ്മദ് അൽ ഷറ എത്തി. അതിന് മുമ്പ് ജനക്കൂട്ടത്താൽ പള്ളി നിറഞ്ഞുകവിഞ്ഞിരുന്നു. ഓരോവർഷത്തേയും കഅ്ബയുടെ പുടവ (കിസ്വ) മാറ്റൽ ചടങ്ങിന് ശേഷം പഴയ പുടവ കഷണങ്ങളാക്കി സൗഹൃദ രാജ്യങ്ങൾക്കും ലോകനേതാക്കൾക്കും സമ്മാനിക്കുന്ന പതിവ് സൗദി അറേബ്യക്കുണ്ട്. കിസ്‌വയുടെ ഒരു ഭാഗം സമ്മാനമായി നൽകുന്നത് ഉന്നത പദവിയിലുള്ളവർക്കും അടുത്ത സഖ്യകക്ഷികൾക്കും മാത്രം ലഭിക്കുന്ന അപൂർവ ബഹുമതിയാണ്.
‘ഗ്രേറ്റ് മോസ്ക് ഓഫ് ദമാസ്കസ്’ ആയ ഉമയ്യദ് പള്ളിയിൽ ഇത് സ്ഥാപിക്കുന്നത് സൗദി അറേബ്യയും സിറിയയും തമ്മിലുള്ള ആഴത്തിലുള്ള മത-സാംസ്കാരിക ബന്ധങ്ങളുടെ പുനഃസ്ഥാപനം, മക്ക എന്ന പുണ്യഭൂമിയും ചരിത്രപ്രധാനമായ ദമാസ്കസും തമ്മിലുള്ള ഐക്യത്തിെൻറ സന്ദേശം, 2024 ഡിസംബറിലെ രാഷ്ട്രീയ മാറ്റത്തിന് ശേഷം വന്ന പുതിയ സിറിയൻ നേതൃത്വത്തിനുള്ള അംഗീകാരവും, രാജ്യത്തിെൻറ ‘പുതിയ അധ്യായത്തിനുള്ള’ പിന്തുണയും എന്നെല്ലാമുള്ള നിലയിലാണ്.
മുൻ ബഷാറുൽ അസദ് ഭരണകൂടത്തിെൻറ പതനത്തേയും രാഷ്ട്രീയമാറ്റത്തേയുമാണ് സിറിയ വിമോചന ദിനമായി ആഘോഷിക്കുന്നത്. അതിെൻറ ഒന്നാം വാർഷികമായിരുന്നു ഇന്ന് (ഡിസംബർ എട്ട്).


