മസ്ജിദുൽ ഹറാമിലെ ജീവനക്കാർക്ക് പ്രഥമ ശുശ്രൂഷ പരിശീലനം നൽകി
text_fieldsമക്ക: മസ്ജിദുൽ ഹറാമിലെ ജീവനക്കാർക്ക് മക്ക മേഖലയിലെ സൗദി റെഡ് ക്രസന്റ് അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ അടിസ്ഥാന പ്രഥമ ശുശ്രൂഷ കഴിവുകളെക്കുറിച്ചുള്ള പരിശീലന വർക്ഷോപ് സംഘടിപ്പിച്ചു. 3,860 ലധികം ട്രെയിനികൾക്ക് വർക്ഷോപ്, പ്രയോജനം ലഭിച്ചതായി അധികൃതർ അറിയിച്ചു. സൈദ്ധാന്തികവും പ്രായോഗികവുമായ പരിശീലന സെഷനുകളാണ് പരിപാടിയോടനുബന്ധിച്ച് ഒരുക്കിയത്. പങ്കെടുത്തവർക്ക് 'കാർഡിയോപൾമണറി' (സി.പി.ആർ) പുനരുജ്ജീവനത്തിലും ഓട്ടോമേറ്റഡ് എക്സ്റ്റേണൽ ഡിഫിബ്രില്ലേറ്ററുകളുടെ ഉപയോഗത്തിലും പ്രായോഗിക പരിശീലനം നൽകി. കൂടാതെ ബോധക്ഷയം, ശ്വാസതടസ്സം, രക്തസ്രാവം, ചെറിയ പരിക്കുകൾ, ഒടിവുകൾ തുടങ്ങിയ വിവിധ പരിക്കുകൾക്കുള്ള അടിയന്തര സാഹചര്യങ്ങളോട് പ്രതികരിക്കുന്നതിനെക്കുറിച്ചുള്ള സൈദ്ധാന്തികവും പ്രായോഗികവുമായ സെഷനുകളും ഉൾപ്പെടുത്തിയായിരുന്നു പരിശീലനം നൽകിയതെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
മസ്ജിദുൽ ഹറാമിലെത്തുന്ന തീർഥാടകർക്ക് അടിയന്തര സാഹചര്യങ്ങളോട് പ്രതികരിക്കാനുള്ള സന്നദ്ധത വർധിപ്പിക്കുന്നതിന് വിവിധ രാജ്യങ്ങളിലെ ജീവനക്കാർക്ക് അവശ്യമായ പരിശീലനം നൽകി. വിവിധ ഭാഷകളിൽ ആശയവിനിമയം നടത്താൻ കഴിവുള്ളവരെ കൂടി മസ്ജിദുൽ ഹറാമിൽ ഒരുക്കിയിട്ടുണ്ടെന്ന് അതോറിറ്റി ചൂണ്ടിക്കാട്ടി.
പ്രഥമ ശുശ്രൂഷയെക്കുറിച്ച് ജീവനക്കാരിൽ അവബോധം ഉണ്ടാക്കാനും അടിയന്തിര സാഹചര്യങ്ങളെ നേരിടാൻ ആവശ്യമായ പ്രായോഗിക കഴിവുകൾ ഹറമിലെ ജീവനക്കാരിൽ ശക്തീകരിക്കുന്നതിനും പരിപാടി വഴിവെച്ചു. മനുഷ്യജീവൻ രക്ഷിക്കുന്നതിൽ പ്രഥമ ശുശ്രൂഷയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ബൃഹത്തായ പദ്ധതികളാണ് സൗദി റെഡ് ക്രസന്റ് അതോറിറ്റി ഇപ്പോൾ കൂടുതൽ സജീവമാക്കുന്നത്. ആരോഗ്യകരവും സുരക്ഷിതവുമായ ഒരു സമൂഹം വാർത്തെടുക്കുന്നതിനുള്ള സൗദി വിഷൻ 2030 ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി അടിയന്തരഘട്ടത്തിൽ ജീവൻ രക്ഷിക്കാനും സാമൂഹിക ഉത്തരവാദിത്തം നിർവഹിക്കാനും കഴിവുള്ള ഒരു വിഭാഗത്തെ തയാറാക്കുക എന്നതാണ് പ്രഥമ ശുശ്രൂഷ പരിശീലനം വഴി ബന്ധപ്പെട്ടവർ ലക്ഷ്യം വെക്കുന്നത്.