ജിദ്ദയിൽ വീണ്ടും ഫുട്ബാൾ ആരവം: 30-ാം വാർഷിക തിളക്കത്തിൽ 21-ാമത് 'സിഫ്' ചാമ്പ്യൻസ് കിക്കോഫ് നവംബർ ഏഴിന്
text_fieldsസിഫ് ഭാരവാഹികൾ ജിദ്ദയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുന്നു.
ജിദ്ദ: പ്രവാസി ഫുട്ബാൾ ചരിത്രത്തിലെ തന്നെ ഏറ്റവും പഴക്കമുള്ളതും പ്രൊഫഷനൽ നിലവാരം പുലർത്തുന്നതുമായ സൗദി ഇന്ത്യൻ ഫുട്‌ബോൾ ഫോറം (സിഫ്) 30-ാം വാർഷികത്തിന്റെ നിറവിൽ. മുപ്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന 21-ാമത് സിഫ് ചാമ്പ്യൻസ് ലീഗിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നവംബർ ഏഴ് വെള്ളിയാഴ്ച വൈകീട്ട് അഞ്ച് മണിക്ക് ജിദ്ദയിലെ ജാമിഅ കിങ് അബ്ദുൾ അസീസ് യൂനിവേഴ്സിറ്റി സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരങ്ങൾക്ക് കിക്കോഫ് കുറിക്കുക. 11 ആഴ്ചകൾ നീണ്ടുനിൽക്കുന്ന ഫുട്ബാൾ മാമാങ്കത്തിൽ മൊത്തം 51 മത്സരങ്ങളാണ് ഉണ്ടാവുക. എ, ബി, ഡി എന്നിങ്ങനെ മൂന്ന് ഡിവിഷനുകളിലായി 27 ടീമുകളാണ് ടൂർണമെന്റിൽ കിരീടത്തിനായി പോരാടുന്നത്. ഏറ്റവും സീനിയർ ടീമുകളുടെ വിഭാഗമായ എ ഡിവിഷനിൽ ആറ് ടീമുകളും ബി ഡിവിഷനിൽ 16 ടീമുകളും ജൂനിയർ വിഭാഗം ഡി ഡിവിഷനിൽ അഞ്ച് ടീമുകളുമാണ് ടൂർണമെന്റിൽ മാറ്റുരക്കുക.
27 ടീമുകളിലായി 675 കളിക്കാർ ടൂര്ണമെന്റിനായി ബൂട്ടണിയും. ഇന്ത്യൻ സൂപ്പർ ലീഗ് (ഐ.എസ്.എൽ), ഐലീഗ്, സന്തോഷ് ട്രോഫി മത്സരങ്ങളിലെ മികച്ച താരങ്ങൾ ഉൾപ്പെടെ നിരവധി ദേശീയ, അന്തർദേശീയ കളിക്കാർ മുൻ വർഷങ്ങളിലെ പോലെ ഇത്തവണയും സിഫ് ടൂർണമെന്റിലെ പ്രമുഖ ടീമുകൾക്കായി കളത്തിലിറങ്ങും. പല താരങ്ങളും ഇതിനോടകം തന്നെ ജിദ്ദയിലെത്തി ടീമുകൾക്കൊപ്പം പരിശീലനം ആരംഭിച്ചു കഴിഞ്ഞു. നിലവാരമുള്ള മികച്ച മത്സരങ്ങൾ കാണാനുള്ള 11 ആഴ്ചകളാണ് ജിദ്ദയിലെ ഫുട്ബാൾ പ്രേമികൾക്ക് മുന്നിലുള്ളതെന്ന് സിഫ് പ്രസിഡന്റ് ബേബി നീലാമ്പ്ര പറഞ്ഞു.
1995 ൽ രൂപീകരിച്ച ലോകത്തിലെ തന്നെ ആദ്യത്തെ പ്രവാസി ഫുട്ബാൾ ഭരണ സംവിധാനങ്ങളിൽ ഒന്നായ സിഫ്, കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി തികച്ചും പ്രൊഫഷണലായിട്ടാണ് അതിന്റെ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നത്. ഈ സീസണിലും കുറ്റമറ്റ രീതിയിൽ ടൂർണമെന്റ് സംഘടിപ്പിക്കാനുള്ള എല്ലാ സന്നാഹങ്ങളും ഒരുക്കിയിട്ടുണ്ട്. അമ്പയറിങ് ലൈസൻസുള്ള സൗദി റഫറിമാരായിരിക്കും മത്സരങ്ങൾ നിയന്ത്രിക്കുകയെന്ന് സിഫ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും ജനറൽ സെക്രട്ടറിയുമായ നിസാം മമ്പാട് പറഞ്ഞു.
ഉദ്‌ഘാടന ദിവസം വൈകീട്ട് അഞ്ച് മണിക്കാണ് മത്സരം ആരംഭിക്കുന്നതെങ്കിലും ബാക്കിയുള്ള വെള്ളിയാഴ്ചകളിൽ വൈകീട്ട് നാല് മുതൽ രാത്രി 11 വരെയായിരിക്കും മത്സരങ്ങൾ. ജനുവരി 16 നായിരിക്കും കലാശപ്പോരാട്ടം. റബിഅ ടീ മുഖ്യ സ്‌പോൺസറായ ടൂർണമെന്റിന് ഈസ്റ്റേൺ, ആർ.കെ.ജി, ജിദ്ദ നാഷനൽ ഹോസ്പിറ്റൽ, അബീർ മെഡിക്കൽ ഗ്രൂപ്പ്, ചാംസ്, അൽഹർബി സ്വിറ്റ്സ്, പ്രിന്റെക്‌സ് തുടങ്ങിയ പ്രമുഖ ഇന്ത്യൻ സംരംഭകർ സഹ സ്പോൺസർമാരായും രംഗത്തുണ്ട്. ഇത് രണ്ടാം തവണയാണ് റബിഅ ടീ സിഫ് ടൂർണമെന്റിന്റെ മുഖ്യ പ്രായോജകരാകുന്നത്.
സിഫ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി എന്നിവർക്ക് പുറമെ ട്രഷറർ അൻവർ വല്ലാഞ്ചിറ, മുൻ പ്രസിഡന്റും രക്ഷാധികാരിയുമായ കെ.പി അബ്ദുൽസലാം, മാധ്യമ വക്താവും രക്ഷാധികാരിയുമായ നാസർ ശാന്തപുരം, വൈസ് പ്രസിഡന്റുമാരായ സലാം കാളികാവ്, യാസിർ അറഫാത്ത്, നിസാം പാപ്പറ്റ, ഫിറോസ് ചെറുകോട്, സെക്രട്ടറി അയ്യൂബ് മുസ്ലിയാരകത്ത്, ജനറൽ ക്യാപ്റ്റൻ അൻവർ കരിപ്പ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.


