കണ്ടൽ പരിസ്ഥിതി സംരക്ഷണദിനാചരണം; സൗദിയിൽ 170 ഹെക്ടർ കണ്ടൽക്കാടുകൾ പുനരുജ്ജീവിപ്പിച്ചു
text_fieldsചെങ്കടൽ തീരങ്ങളിലെ കണ്ടൽ ചെടികളുടെ ഹരിതാഭമായ കാഴ്ച്ചകൾ
യാംബു: സൗദി തീരപ്രദേശങ്ങളിലെ 170 ഹെക്ടറിലധികം വെളിമ്പ്രദേശങ്ങളിൽ കണ്ടൽക്കാടുകൾ വീണ്ടും നട്ടുപിടിപ്പിച്ചു. നാഷനൽ സെൻറർ ഫോർ വെജിറ്റേഷൻ കവർ ഡെവലപ്മെൻറ് ആൻഡ് കോംബാറ്റിങ് ഡെസർട്ടിഫിക്കേഷൻ അന്താരാഷ്ട്ര കണ്ടൽ പരിസ്ഥിതി സംരക്ഷണ ദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ പാരിസ്ഥിതിക സ്ഥിതി വിവരക്കണക്കുകൾ ഉൾപ്പെടുത്തിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
തബൂക്ക്, കിഴക്കൻ പ്രവിശ്യ, ജിസാൻ, യാംബു എന്നിവിടങ്ങളിൽ മൂന്ന് വലിയ തോതിലുള്ള കണ്ടൽക്കാടുകൾ ഇതിനകം വീെണ്ടടുത്ത് കഴിഞ്ഞു. ഇക്കാര്യത്തിൽ 90 ശതമാനം വിജയം കൈവരിച്ചു. പാരിസ്ഥിതിക സുസ്ഥിരതക്കുള്ള രാജ്യത്തിെൻറ വളർന്നുവരുന്ന പ്രതിബദ്ധതയെ ഇത് പ്രതിഫലിപ്പിക്കുന്നു. കണ്ടൽ തൈകൾ ചെങ്കടൽ തീരപ്രദേശങ്ങളിൽ നട്ടുപിടിപ്പിക്കുന്ന പദ്ധതികൾ വ്യപകമായി തുടരുകയാണെന്നും വേലിയേറ്റ ചലനങ്ങളും ജലപ്രവാഹങ്ങളും കണക്കിലെടുത്ത് ശാസ്ത്രീയ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് പുനർനിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതെന്നും സൗദി പരിസ്ഥിതി- ജല- കൃഷി മന്ത്രാലയ ഡയറക്ടർ ജനറൽ സമീർ മലൈക പറഞ്ഞു.
തബൂക്ക് മേഖലയിലെ ഉംലുജിൽ ഏകദേശം 50 ഹെക്ടറോളം കണ്ടൽക്കാടുകളാണ് വീണ്ടെടുത്തത്. ഇതോടെ വിവിധ മത്സ്യ-പക്ഷി ജീവിവർഗങ്ങളുടെ തിരിച്ചുവരവിന് പ്രദേശം സാക്ഷ്യം വഹിച്ചു. കാലാവസ്ഥാ വ്യതിയാന ലഘൂകരണ ശ്രമങ്ങളെ പിന്തുണക്കുന്നതുമായി. പരിസ്ഥിതി സംവേദനക്ഷമത, വികസന ആവശ്യങ്ങൾ, നടീലിനുള്ള അനുയോജ്യത എന്നിവയെ അടിസ്ഥാനമാക്കിയാണ് പദ്ധതി നടപ്പാക്കാൻ വിവിധ സ്ഥലങ്ങൾ തിരഞ്ഞെടുത്തത്. വിജയകരമായ കൃഷി ഉറപ്പാക്കുന്നതിന് മണ്ണിെൻറ സവിശേഷതകൾ, ലവണാംശത്തിെൻറ അളവ്, പാരിസ്ഥിതിക നിലനിൽപ്പ് എന്നിവ വിലയിരുത്തുന്നതിനായി ഫീൽഡ് ടീമുകൾ വിശദമായ സർവേ നടത്തിയിരുന്നു.
ഭൂമിയിലെ ഏറ്റവും ജൈവസമ്പന്ന ആവാസ വ്യവസ്ഥകളിൽ വളരെ പ്രധാനപ്പെട്ടതാണ് കണ്ടൽക്കാടുകൾ. തീരപ്രദേശങ്ങളിലും ചതുപ്പുകളിലും കാണപ്പെടുന്ന നിത്യ ഹരിത വനങ്ങളിലെ അംഗങ്ങളായ സസ്യങ്ങളാണ് ഇവ. ഉപ്പു കലർന്ന വെള്ളത്തിൽ കൂടുതലായി വളരുന്ന ഇത്തരം ചെടികൾക്ക് വേറിട്ട പ്രത്യേകതകൾ ഉള്ളതായി പഠനങ്ങൾ പറയുന്നു. വലിയ തിരമാലകൾ ഇല്ലാത്തതിനാലാണ് ചെങ്കടൽ തീരങ്ങളിലെ പല ഭാഗത്തും കണ്ടൽ ചെടികൾ സുലഭമായി വളരുന്നത്. കടലിൽനിന്നും ഒഴുകിയെത്തുന്ന ഫലഭൂയിഷ്ടമായ എക്കലും ധാതുലവണങ്ങളുമാണ് ഈ ചെടികളുടെ വളർച്ചക്ക് അടിസ്ഥാനം. കടലാക്രമണങ്ങളെയും മണ്ണൊലിപ്പിനെയും തടയാൻ കണ്ടൽക്കാടുകൾക്ക് കഴിവുണ്ട്. തീരദേശത്തെ പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്ന കണ്ടൽക്കാടുകൾക്ക് വെള്ളപ്പൊക്കം, ചുഴലിക്കാറ്റ് തുടങ്ങിയവയെ പ്രതിരോധിക്കാനുള്ള കഴിവുമുണ്ട്. ഇതുകൊണ്ടാണ് സൗദി പരിസ്ഥിതി മന്ത്രാലയം കണ്ടൽക്കാടുകളെ പുനരുജ്ജീവിപ്പിക്കാനുള്ള നീക്കങ്ങൾ സജീവമാക്കുന്നത്.