ത്വാഇഫിൽ മലയിൽ കുടുങ്ങിയ നാലുപേരെ സാഹസികമായി രക്ഷപ്പെടുത്തി
text_fieldsത്വാഇഫിൽ മലയിൽ കുടുങ്ങിയ നാലുപേരെ സൗദി സിവിൽ ഡിഫൻസ് രക്ഷപ്പെടുത്തുന്നു
റിയാദ്: സൗദിയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ത്വാഇഫ് പട്ടണത്തിൽ മലയിൽ കുടുങ്ങിയ നാലുപേരെ സാഹസികമായി രക്ഷപ്പെടുത്തി. അൽ ഹദ ജനവാസ മേഖലയിൽ ശനിയാഴ്ചയാണ് സംഭവം. ഈ ഭാഗത്തെ ഒരു കുന്നിൻ മുകളിൽ കുടുങ്ങിയ നാലുപേരെ സിവിൽ ഡിഫൻസ് ടീമുകളാണ് രക്ഷപ്പെടുത്തിയത്.
ഇങ്ങനെ ആളുകൾ കുന്നിൻ മുകളിൽ ദുഷ്കരമായ സാഹചര്യത്തിൽ കുടുങ്ങിയിട്ടുണ്ടെന്ന് വിവരം ലഭിച്ച ഉടനെ ഫീൽഡ് ടീമുകൾ സ്ഥലത്തേക്ക് കുതിച്ചെത്തുകയായിരുന്നു. ഉടൻ ക്രയിൻ ഉൾപ്പടെയുള്ള സംവിധാനങ്ങൾ എത്തിച്ച് രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു.
നാലുപേരെയും സുരക്ഷിതമായി രക്ഷപ്പെടുത്തി താഴെ എത്തിക്കുന്നതിൽ ഒടുവിൽ വിജയിച്ചു. നാലുപേർക്കും പരിക്കുകളൊന്നും സംഭവിച്ചിട്ടില്ല. പർവതപ്രദേശങ്ങൾ സന്ദർശിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നും അപകടസാധ്യതകൾ ഒഴിവാക്കാൻ സുരക്ഷാ മാർഗനിർദേശങ്ങൾ പാലിക്കണമെന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി.