Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമരുഭൂമിയിലെ റോസ്...

മരുഭൂമിയിലെ റോസ് വസന്തം; മദീനയിൽ സുഗന്ധദ്രവ്യ വ്യവസായത്തിന് പുത്തൻ ഉണർവ്

text_fields
bookmark_border
മരുഭൂമിയിലെ റോസ് വസന്തം; മദീനയിൽ സുഗന്ധദ്രവ്യ വ്യവസായത്തിന് പുത്തൻ ഉണർവ്
cancel

മദീന: പുലർകാല മഞ്ഞി​െൻറ വന്യതയിലേക്ക് മദീനയിലെ കാർഷിക ഗ്രാമങ്ങൾ ഉണരുന്നത് റോസാപ്പൂക്കളുടെ വശ്യമായ സുഗന്ധവുമായാണ്. മദീനയുടെ മണ്ണിൽ വീണ്ടും റോസ് വസന്തത്തിന് തുടക്കമായതോടെ, പ്രദേശത്തെ പരമ്പരാഗത സുഗന്ധദ്രവ്യ വ്യവസായവും സജീവമായിക്കഴിഞ്ഞു. കേവലമൊരു കൃഷിക്കപ്പുറം, മദീനയുടെ അതുല്യമായ കാർഷിക പാരമ്പര്യവും പ്രകൃതിഭംഗിയും ഒത്തുചേരുന്ന മനോഹരമായ ഒരു കാഴ്ച്ചാനുഭവമാണ് ഈ സീസൺ സമ്മാനിക്കുന്നത്.

റോസാപ്പൂക്കളിലെ സുഗന്ധതൈലത്തി​െൻറ ഗുണനിലവാരം ഒട്ടും ചോർന്നുപോകാതിരിക്കാൻ കർഷകർ അതീവ ശ്രദ്ധയാണ് പുലർത്തുന്നത്. സൂര്യപ്രകാശം ശക്തമാകുന്നതിന് മുൻപ്, പുലർച്ചെ തന്നെ പൂക്കൾ വിളവെടുക്കുന്ന രീതിയാണ് ഇവർ പിന്തുടരുന്നത്. മണ്ണ് ഒരുക്കൽ, നനക്കൽ എന്നിവ മുതൽ പുലർകാലത്തെ ഈ വിളവെടുപ്പ് വരെയുള്ള കാര്യങ്ങളിൽ തലമുറകളായി കൈമാറിവന്ന കാർഷിക രഹസ്യങ്ങളും തനിമയും ഇന്നും ഇവിടുത്തെ കർഷകർ നെഞ്ചേറ്റുന്നു.

വിളവെടുത്ത പൂക്കൾ ഒട്ടും സമയം കളയാതെ നേരിട്ട് ഡിസ്റ്റിലേഷൻ ഫാക്ടറികളിൽ എത്തിക്കുകയാണ് പതിവ്. പരമ്പരാഗതമായ അറിവുകളും ആധുനിക സാങ്കേതികവിദ്യകളും കോർത്തിണക്കിയാണ് ഇവിടെ ലോകോത്തര നിലവാരമുള്ള സുഗന്ധദ്രവ്യങ്ങൾ ഉത്പാദിപ്പിക്കുന്നത്. പ്രസിദ്ധമായ 'ഡമാസ്കസ് റോസ്' (ഡമാസ്കിൻ റോസ്) ഇനത്തിൽപ്പെട്ട പൂക്കളാണ് മദീനയിൽ പ്രധാനമായും കൃഷി ചെയ്യുന്നത്. വർഷത്തിൽ ഭൂരിഭാഗം ദിവസങ്ങളിലും ഇവ പൂത്തുലഞ്ഞു നിൽക്കുമെന്നത് ഇതി​െൻറ ഉത്പാദന-നിക്ഷേപ സാധ്യതകളെ വൻതോതിൽ വർദ്ധിപ്പിക്കുന്നതായി കർഷകർ സാക്ഷ്യപ്പെടുത്തുന്നു.

സമീപവർഷങ്ങളിൽ സൗദി ഭരണകൂടം കാർഷിക മേഖലക്ക് നൽകിവരുന്ന ശക്തമായ പിന്തുണ മദീന റോസി​െൻറ വിപണി മൂല്യം ഉയർത്തിയിട്ടുണ്ട്. ഇത് അനുബന്ധ വ്യവസായങ്ങളെ ശക്തിപ്പെടുത്തുന്നതിനും പ്രാദേശിക സുഗന്ധദ്രവ്യ ഉൽപ്പന്നങ്ങളുടെ ആഗോള സ്വീകാര്യത വർദ്ധിപ്പിക്കുന്നതിനും ഏറെ സഹായകരമായി. നിലവിൽ പ്രാദേശിക ഉത്സവങ്ങളിലും വിവിധ സാംസ്കാരിക പരിപാടികളിലും മദീന റോസ് ഒരു പ്രധാന ആകർഷണമാണ്. മദീനയിലെത്തുന്ന സന്ദർശകർക്ക് റോസ് കൃഷിയുടെ ഭംഗി ആസ്വദിക്കാനും, പൂക്കളിൽ നിന്ന് സുഗന്ധതൈലം വേർതിരിച്ചെടുക്കുന്നതി​െൻറ വിവിധ ഘട്ടങ്ങൾ നേരിട്ട് കണ്ടറിയാനും ഇപ്പോൾ അവസരമുണ്ട്.

ഓരോ സീസണിലും പുതുമയാർന്ന സുഗന്ധത്തോടെ, മദീനയുടെ കാർഷിക പൈതൃകത്തി​െൻറയും ആതിഥ്യമര്യാദയുടെയും പ്രതീകമായി ഈ റോസ് വസന്തം ലോകമെമ്പാടുമുള്ള സഞ്ചാരികളുടെ മനസ്സിൽ ഇടംപിടിക്കുകയാണ്.

Show Full Article
TAGS:Perfumes medina roses 
News Summary - Desert Rose Spring: Fresh boost for the perfume industry in Medina
Next Story