ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനിഷ്യേറ്റിവിലൂടെ ഇതുവരെ നടന്നത് 250 ബില്യൺ ഡോളറിന്റെ ഇടപാടുകൾ
text_fieldsറിയാദ്: ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനിഷ്യേറ്റീവിന്റെ എല്ലാ പതിപ്പിലും ഒപ്പുവെച്ച കരാറുകളുടെ മൂല്യം 250 ബില്യൺ ഡോളറിലധികം കവിഞ്ഞതായി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ഗവർണർ യാസിർ അൽ റുമയ്യാൻ പറഞ്ഞു. ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനിഷ്യേറ്റീവിന്റെ ഒമ്പതാം പതിപ്പ് റിയാദിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആശയങ്ങളെയും നിക്ഷേപങ്ങളെയും ആഗോള സ്വാധീനമാക്കി മാറ്റാൻ ശ്രമിക്കുന്ന നേതാക്കളുടെ ലോകത്തിലെ ഏറ്റവും വലിയ ഒത്തുചേരലിനെയാണ് ഈ പരിപാടി പ്രതിനിധീകരിക്കുന്നത്. കഴിഞ്ഞ 12 മാസത്തിനിടെ നിക്ഷേപകരുടെയും കമ്പനികളുടെയും അഭിലാഷങ്ങളിൽ വലിയ മാറ്റങ്ങൾക്ക് ലോകം സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നും സാങ്കേതിക വിപ്ലവത്തിന്റെ ത്വരിതഗതിയിൽ പരമ്പരാഗത സാമ്പത്തിക മാതൃകകൾ ഇനി ഉചിതമല്ലെന്നും അൽറുമയ്യാൻ പറഞ്ഞു.
അന്താരാഷ്ട്ര സഹകരണത്തിന് ഒരു പുതിയ മാതൃക സ്ഥാപിക്കുന്നതിനും ആഗോള അഭിവൃദ്ധിയുടെ പുതിയ യുഗം കെട്ടിപ്പടുക്കുന്നതിനും സർക്കാരുകളും സ്വകാര്യ മേഖലയും തമ്മിലുള്ള യഥാർഥ പങ്കാളിത്തത്തിന് അൽറുമയ്യാൻ ആഹ്വാനം ചെയ്തു. ലോക നേതാക്കൾ, നിക്ഷേപകർ, തീരുമാനമെടുക്കുന്നവർ എന്നിവർ ഒത്തുചേർന്ന് ഒരു പുതിയ ആഗോള സാമ്പത്തിക പാത രൂപപ്പെടുത്തുന്ന വേദിയായി ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനിഷ്യേറ്റീവ് മാറിയിരിക്കുന്നു.
വെല്ലുവിളികളെ നേരിടുന്നതിനും വ്യക്തിപരമായ പ്രതീക്ഷയ്ക്കും ആഗോള സംശയത്തിനും ഇടയിലുള്ള വിടവ് നികത്തുന്നതിനും മനുഷ്യന്റെ കഴിവുകളെ തടസ്സപ്പെടുത്തുന്ന അസമത്വത്തെ നേരിടുന്നതിനും ഒരുമിച്ച് പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യം അൽറുമയ്യാൻ പറഞ്ഞു. ആഗോള ജി.ഡി.പി 111 ട്രില്യൺ ഡോളർ കവിയുന്നുവെന്നും ഈ വർഷം 2.8 ശതമാനം വളർച്ച പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സൗദി വിഷൻ 2030 സാമ്പത്തിക പരിവർത്തനത്തിന് ഒരു പുതിയ ആഗോള മാനദണ്ഡം നിശ്ചയിച്ചിട്ടുണ്ട്. 2024ൽ നേരിട്ടുള്ള വിദേശ നിക്ഷേപം 24 ശതമാനം വർധിച്ച് 31.7 ബില്യൺ ഡോളറിലെത്തിയെന്നും അൽറുമയ്യാൻ പറഞ്ഞു. ലോകമെമ്പാടുമുള്ള നിക്ഷേപകരെ ആകർഷിക്കുന്ന ഒരു ആഗോള കേന്ദ്രമായി സൗദി അറേബ്യ മാറിയിരിക്കുന്നു. ലോക നേതാക്കൾക്ക് പുരോഗതി കൈവരിക്കുന്നതിനുള്ള ഒരു ഏകീകൃത വേദിയായി ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനിഷ്യേറ്റീവ് തുടരുന്നു. സമൃദ്ധിയുടെ താക്കോലുകൾ നമ്മുടെ കൈകളിലാണ്. മനുഷ്യരാശിയുടെ ഭാവിയെ പരിവർത്തനം ചെയ്യുന്ന പുതിയ അവസരങ്ങൾ തുറക്കുന്നതിന് നാം അവ ഉപയോഗിക്കണമെന്നും അൽറുമയ്യാൻ പറഞ്ഞു


