Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right'മാനവരാശി ശരിയായ...

'മാനവരാശി ശരിയായ ദിശയിലാണോ? എഫ്.ഐ.ഐയിൽ ലോക നേതാക്കളുടെ ചർച്ച

text_fields
bookmark_border
മാനവരാശി ശരിയായ ദിശയിലാണോ? എഫ്.ഐ.ഐയിൽ ലോക നേതാക്കളുടെ ചർച്ച
cancel
camera_alt

ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെൻ്റ് ഇനിഷ്യേറ്റീവ് (എഫ്.ഐ.ഐ9) കോൺഫറൻസിൻ്റെ ഭാഗമായി നടന്ന 'മാനവരാശി ശരിയായ ദിശയിലാണോ?' എന്ന സംവാദ സെഷനിൽ നിന്ന്

റിയാദ്: ഒമ്പതാമത് ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെൻ്റ് ഇനിഷ്യേറ്റീവ് (എഫ്.ഐ.ഐ9) കോൺഫറൻസിൻ്റെ ഭാഗമായി നടന്ന 'മാനവരാശി ശരിയായ ദിശയിലാണോ?' എന്ന സംവാദ സെഷനിൽ ലോകനേതാക്കൾ പങ്കെടുത്തു. ശരിയായ വ്യവസ്ഥയ്ക്കുള്ളിലെ മാനവികത, നികുതി സമ്പ്രദായം, ചെലവ് കാര്യക്ഷമത, സുസ്ഥിര വികസനം കൈവരിക്കുന്നതിലെ ദീർഘകാല വിദേശ നിക്ഷേപങ്ങളുടെ പ്രാധാന്യം, ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുന്ന ഫലങ്ങൾ നൽകാനുള്ള നേതാക്കളുടെ കഴിവ് തുടങ്ങിയ വിഷയങ്ങൾ സെഷനിൽ ചർച്ചയായി. പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫ്, റുവാണ്ടൻ പ്രസിഡൻ്റ് പോൾ കാഗാമെ, ഗയാനൻ പ്രസിഡൻ്റ് മുഹമ്മദ് ഇർഫാൻ അലി, അൽബേനിയൻ പ്രധാനമന്ത്രി എഡി രാമ, ഫിഫ പ്രസിഡൻ്റ് ജിയാനി ഇൻഫാൻ്റിനോ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫ്, എഫ്.ഐ.ഐ കോൺഫറൻസിൻ്റെ ഒമ്പതാം പതിപ്പ് സംഘടിപ്പിച്ചതിന് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാനെ അഭിനന്ദിച്ചു. സൗദി അറേബ്യ സാമ്പത്തിക, വികസന തലങ്ങളിൽ നടത്തുന്ന പരിവർത്തനത്തെ ഉൾക്കൊള്ളുന്ന കോൺഫറൻസിൻ്റെ ആഗോള നേതൃത്വ ദർശനത്തെ അദ്ദേഹം പ്രശംസിച്ചു. വരുമാന സ്രോതസ്സുകളുടെ പരിഷ്കരണം, നികുതി സമ്പ്രദായം ഡിജിറ്റൈസേഷൻ, അഴിമതി തടയൽ, ചെലവ് കാര്യക്ഷമത വർധിപ്പിക്കൽ തുടങ്ങിയ സമൂലമായ സാമ്പത്തിക പരിഷ്കാരങ്ങളുമായി പാകിസ്ഥാൻ മുന്നോട്ട് പോകുകയാണെന്ന് അദ്ദേഹം വിശദീകരിച്ചു. ദീർഘകാല നിക്ഷേപം ആകർഷിക്കാനും സുസ്ഥിര വികസനം കൈവരിക്കാനും ശേഷിയുള്ള ഉൽപാദനക്ഷമമായ സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിൻ്റെ ഭാഗമാണ് ഈ നടപടികളെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

പാകിസ്ഥാനിലെ ജനസംഖ്യയുടെ ഏകദേശം 60 ശതമാനം യുവാക്കളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഉൽപ്പാദനക്ഷമതയും സാമ്പത്തിക വളർച്ചയും വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള പരിശീലനം, യോഗ്യതാ നിർണയം, തൊഴിൽദാനം എന്നിവയുടെ ഒരു അടിസ്ഥാനശിലയാണ് യുവജനത. സാങ്കേതികവിദ്യ, ഹരിത നിക്ഷേപം എന്നീ മേഖലകളിൽ വികസ്വര രാജ്യങ്ങളെ പിന്തുണയ്ക്കുന്നതിന് അന്താരാഷ്ട്ര സഹകരണം അനിവാര്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 0.1 ശതമാനത്തിൽ താഴെ എന്ന തോതിൽ കുറഞ്ഞ കാർബൺ പുറന്തള്ളൽ മാത്രമുള്ള രാജ്യമായിട്ടും, പ്രകൃതിദുരന്തങ്ങൾ ഏറ്റവും കൂടുതൽ ബാധിക്കുന്ന പത്ത് രാജ്യങ്ങളിൽ ഒന്നാണ് പാകിസ്ഥാൻ. 2022 ലെ വിനാശകരമായ വെള്ളപ്പൊക്കം 130 ബില്യൺ ഡോളറിലധികം നാശനഷ്ടമുണ്ടാക്കിയതായി അദ്ദേഹം ഉദാഹരണ സഹിതം വിശദീകരിച്ചു. കാലാവസ്ഥാ പ്രത്യാഘാതങ്ങൾ പരിഹരിക്കുന്നതിനും, ധനകാര്യം, സാങ്കേതികവിദ്യ എന്നിവയിൽ തുല്യ പങ്കാളിത്തത്തിലൂടെ ദുരിതബാധിത രാജ്യങ്ങളെ പിന്തുണയ്ക്കുന്നതിനും മെച്ചപ്പെട്ട അന്താരാഷ്ട്ര സഹകരണം വേണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് പാകിസ്ഥാൻ്റെ സാങ്കേതിക പരിവർത്തനത്തിൻ്റെ പ്രധാന സ്തംഭമാണെന്ന് പറഞ്ഞ ഷരീഫ്, കൃഷിയിലും വ്യവസായത്തിലും എ.ഐ ആപ്ലിക്കേഷനുകൾ വികസിപ്പിക്കുന്നതിനായി മനുഷ്യ മൂലധന വികസനത്തിലും ആവശ്യമായ ഡാറ്റാ സെൻ്ററുകൾ സ്ഥാപിക്കുന്നതിലും രാജ്യം നിക്ഷേപം നടത്തുകയാണെന്നും വ്യക്തമാക്കി.

ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുന്ന ഫലങ്ങൾ നൽകാനുള്ള കഴിവാണ് ഇന്ന് ലോകത്തിന് ആവശ്യമുള്ള ഏറ്റവും പ്രധാനപ്പെട്ട നേതൃത്വ ഗുണങ്ങളെന്ന് റുവാണ്ടൻ പ്രസിഡൻ്റ് പോൾ കാഗാമെ പറഞ്ഞു. നേതാക്കളും പൗരന്മാരും തമ്മിലുള്ള വിശ്വാസം വെറുതെ ലഭിക്കുന്നതല്ലെന്നും, അത് യഥാർത്ഥ പ്രകടനത്തിലൂടെയും വാഗ്ദാനങ്ങൾ പാലിക്കുന്നതിലൂടെയുമാണ് കെട്ടിപ്പടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നൽകിയ വാഗ്ദാനങ്ങൾ പാലിക്കപ്പെടുകയും, പദ്ധതികൾ ജനങ്ങൾക്ക് അവരുടെ ദൈനംദിന ജീവിതത്തിൽ അനുഭവിക്കാൻ കഴിയുന്ന നേട്ടങ്ങളായി പരിവർത്തനം ചെയ്യപ്പെടുകയും ചെയ്യുന്നതിലാണ് യഥാർത്ഥ നേതൃത്വം അളക്കപ്പെടുന്നത്. ചെറിയ ഭൂമിശാസ്ത്രപരമായ വലുപ്പമുണ്ടായിട്ടും, വലിയ രാജ്യങ്ങളുടെ ലക്ഷ്യങ്ങളോട് കിടപിടിക്കുന്ന ശക്തമായ ദേശീയ മനോഭാവവും തുറന്ന ചിന്താഗതിയും കെട്ടിപ്പടുക്കാൻ റുവാണ്ടയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മനുഷ്യ മൂലധനത്തിൽ നിക്ഷേപം, അടിസ്ഥാന സൗകര്യ വികസനം, സുസ്ഥിര സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തൽ എന്നിവ തുടർച്ചയായ വികസനത്തിനും ആഗോള മത്സരക്ഷമതയ്ക്കും അത്യന്താപേക്ഷിതമായ കാര്യങ്ങളാണെന്ന് ഗയാനൻ പ്രസിഡൻ്റ് മുഹമ്മദ് ഇർഫാൻ അലി വ്യക്തമാക്കി. അദ്ദേഹത്തിൻ്റെ രാജ്യം ജൈവവൈവിധ്യം സംരക്ഷിക്കുന്നതിലും, ഏറ്റവും ഉയർന്ന വനമേഖല നിലനിർത്തുന്നതിലും ഏറ്റവും കുറഞ്ഞ മരുഭൂമീകരണ നിരക്ക് നിലനിർത്തുന്നതിലും ഒരു സവിശേഷ മാതൃകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സമീപകാലത്തെ എണ്ണ കണ്ടെത്തലുകൾ കാരണം തൻ്റെ രാജ്യം ലോകത്തിലെ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥകളിൽ ഒന്നായി മാറിയെന്നും, ഇത് വിദ്യാഭ്യാസം, സാങ്കേതികവിദ്യ, എ.ഐ, ഡിജിറ്റലൈസേഷൻ എന്നിവയിൽ വിപുലമായ നിക്ഷേപ പരിപാടികൾ ആരംഭിക്കാൻ ഗയാനയെ പ്രാപ്തമാക്കിയെന്നും അദ്ദേഹം പറഞ്ഞു. ചെറുതും ഇടത്തരവുമായ രാജ്യങ്ങൾക്കും പ്രതിരോധശേഷി, നവീകരണം, മനുഷ്യ മൂലധനത്തിലുള്ള നിക്ഷേപം എന്നിവയിലൂടെ ആഗോളതലത്തിൽ സ്വാധീനം ചെലുത്താൻ കഴിയുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

സംസ്കാരം, സർഗ്ഗാത്മകത, കലകൾ എന്നിവ ജനങ്ങളെ പ്രചോദിപ്പിക്കുന്നതിലും വികസനം നയിക്കുന്നതിലും അത്യന്താപേക്ഷിതമായ ഘടകങ്ങളാണെന്ന് അൽബേനിയൻ പ്രധാനമന്ത്രി എഡി രാമ അഭിപ്രായപ്പെട്ടു. സൗദി അറേബ്യയിൽ നടന്നുകൊണ്ടിരിക്കുന്ന പരിവർത്തനം സൗന്ദര്യവും സമൃദ്ധിയും തമ്മിലുള്ള ബന്ധത്തെ ഉൾക്കൊള്ളുന്നുണ്ടെന്നും ലോകത്തിന് പ്രചോദനമാകുന്ന ഒരു മാതൃകയാണിതെന്നും അദ്ദേഹം പറഞ്ഞു. മരുഭൂമിയെ ചരിത്രപ്രധാനമായ പ്രധാന നഗരങ്ങളോട് കിടപിടിക്കുന്ന സൗന്ദര്യമുള്ള ഊർജ്ജസ്വലമായ ഒരു ചുറ്റുപാടായി എങ്ങനെ പരിവർത്തനം ചെയ്യാമെന്നതിന് സൗദി ഒരു ഉദാഹരണമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഫുട്ബാളിന് മനുഷ്യൻ്റെ ജീവിതത്തിൽ സന്തോഷവും ആഹ്ലാദവും നൽകാൻ കഴിവുള്ള ഒരു മാന്ത്രിക ശക്തിയുണ്ടെന്ന് ഫിഫ പ്രസിഡൻ്റ് ജിയാനി ഇൻഫാൻ്റിനോ അഭിപ്രായപ്പെട്ടു. ഖത്തർ ലോകകപ്പിൻ്റെ വിജയത്തിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. വിദ്യാഭ്യാസം, സമാധാനം, പരസ്പര ധാരണ, സഹകരണം തുടങ്ങിയ അടിസ്ഥാന മൂല്യങ്ങളെ ഫുട്ബാൾ പ്രോത്സാഹിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഫുട്ബാൾ ഒരു കായിക വിനോദം മാത്രമല്ലെന്നും, വ്യത്യസ്ത സംസ്കാരങ്ങളിൽ നിന്നുള്ള ആളുകളെ ഒരുമിപ്പിക്കുകയും രാജ്യങ്ങൾ തമ്മിലുള്ള ഐക്യവും ധാരണയും വളർത്തുന്നതിന് സംഭാവന നൽകുകയും ചെയ്യുന്ന ഒരു ആഗോള ബന്ധത്തിൻ്റെ പ്രതീകമാണ് എന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. 'സമൃദ്ധിയുടെ താക്കോൽ, വളർച്ചയുടെ പുതിയ അതിർത്തികൾ തുറക്കൽ’ എന്ന പ്രമേയത്തിൽ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര സമ്മേളന കേന്ദ്രത്തിൽ നടന്നുവരുന്ന ആഗോള നിക്ഷേപക സംഗമം വ്യാഴാഴ്ച സമാപിക്കും

Show Full Article
TAGS:Saudi Arabia Future Invest Initiative 
News Summary - Future investment initiative
Next Story