ജി7 ഉച്ചകോടിക്ക് പാരീസിൽ തുടക്കം; സൗദി വിദേശകാര്യമന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ പങ്കെടുക്കുന്നു
text_fieldsറിയാദ്/പാരീസ്: അന്താരാഷ്ട്ര തലത്തിലുള്ള സുരക്ഷാ ഭീഷണികളും നാവിക ഗതാഗത മേഖലയിലെ വെല്ലുവിളികളും പ്രധാന അജണ്ടയാക്കി ജി7 രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുടെ യോഗത്തിന് ഫ്രാൻസിൽ തുടക്കമായി. പാരീസിനടുത്തുള്ള വോ ഡി സെർണിയിൽ നടക്കുന്ന നിർണായകമായ ഈ യോഗത്തിൽ സൗദി വിദേശകാര്യമന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ പങ്കെടുത്തു. ഉച്ചകോടിയുടെ ഭാഗമായി നടന്ന ‘അതിർത്തി കടന്നുള്ള ഭീഷണികളും പരമാധികാരവും’ എന്ന പ്രത്യേക സെഷനിൽ വിദേശകാര്യമന്ത്രി സംസാരിച്ചു.
സമ്മേളനത്തിന്റെ തുടക്കത്തിൽ ജി7 വിദേശകാര്യമന്ത്രിമാർക്കും മറ്റ് പ്രതിനിധികൾക്കുമൊപ്പം അമീർ ഫൈസൽ ബിൻ ഫർഹാൻ ഗ്രൂപ്പ് ഫോട്ടോയിൽ
ആഗോളതലത്തിൽ ഉയരുന്ന വിവിധ ഭീഷണികളെ നേരിടാൻ രാജ്യങ്ങൾക്കിടയിൽ ദ്രുതഗതിയിലുള്ള ഏകോപനം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത സെഷനിൽ ചർച്ചയായി. കൂടാതെ നാവിക-തുറമുഖ സുരക്ഷ, സമുദ്ര ഗതാഗതത്തിന്റെ സുരക്ഷ വർധിപ്പിക്കുക, അതിർത്തി കടന്നുള്ള കുറ്റകൃത്യങ്ങൾ, സംഘടിത കുറ്റകൃത്യങ്ങളെ അടിച്ചമർത്താനുള്ള സംയുക്ത നീക്കങ്ങൾ, ഖനിജ വിതരണ ശൃംഖല, നിർണായക ലോഹങ്ങളുടെയും ധാതുക്കളുടെയും വിതരണ ശൃംഖല സുരക്ഷിതമാക്കുക തുടങ്ങിയ വിഷയങ്ങൾക്കും യോഗം ഊന്നൽ നൽകി. സമ്മേളനത്തിന്റെ തുടക്കത്തിൽ ജി7 വിദേശകാര്യമന്ത്രിമാർക്കും ക്ഷണിക്കപ്പെട്ട ഇതര പങ്കാളികൾക്കുമൊപ്പം ഔദ്യോഗിക ഗ്രൂപ്പ് ഫോട്ടോയിലും അദ്ദേഹം പങ്കുചേർന്നു.



