ഗസ്സ കരാർ: ട്രംപിന്റെ നിർദേശത്തിന്റെ ആദ്യഘട്ടം നടപ്പാക്കുന്നതിനെ സ്വാഗതംചെയ്ത് സൗദി
text_fieldsവെടിനിർത്തൽ തീരുമാനത്തിൽ ആഹ്‌ളാദം പ്രകടിപ്പിക്കുന്ന ഫലസ്തീൻ യുവാക്കൾ
റിയാദ്: ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനും സമഗ്രവും നീതിയുക്തവുമായ സമാധാന പ്രക്രിയക്ക് വഴിയൊരുക്കുന്നതിനും ലക്ഷ്യമിട്ടുള്ള അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ നിർദേശത്തിന്റെ ആദ്യഘട്ടം നടപ്പാക്കാൻ തുടങ്ങിയതിനെ സൗദി അറേബ്യ സ്വാഗതം ചെയ്യുന്നതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഈ കരാറിലെത്താൻ ഖത്തർ, ഈജിപ്ത്, തുർക്കി എന്നിവിടങ്ങളിലെ സഹോദരങ്ങൾ നടത്തിയ മധ്യസ്ഥശ്രമങ്ങളെയും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സജീവ പങ്കിനെയും സൗദി അഭിനന്ദിച്ചു.
ഗസ്സയിലെ ഫലസ്തീൻ ജനതയുടെ മാനുഷിക ദുരിതങ്ങൾ ലഘൂകരിക്കുന്നതിനും, ഇസ്രായേലിന്റെ സമ്പൂർണ പിൻവാങ്ങൽ കൈവരിക്കുന്നതിനും, സുരക്ഷയും സ്ഥിരതയും പുനഃസ്ഥാപിക്കുന്നതിനും, ദ്വിരാഷ്ട്ര പരിഹാരത്തെ അടിസ്ഥാനമാക്കി നീതിയുക്തവും സമഗ്രവുമായ സമാധാനം കൈവരിക്കുന്നതിനുള്ള പ്രായോഗിക നടപടികൾ ആരംഭിക്കുന്നതിനും, 1967ലെ അതിർത്തികളിൽ കിഴക്കൻ ജറുസലേം തലസ്ഥാനമായി ഒരു സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനും, പ്രസക്തമായ ഐക്യരാഷ്ട്രസഭയുടെ പ്രമേയങ്ങൾ, അറബ് സമാധാന സംരംഭം, ഫലസ്തീൻ പ്രശ്നത്തിന് സമാധാനപരമായ പരിഹാരം, ദ്വിരാഷ്ട്ര പരിഹാരം നടപ്പിലാക്കൽ എന്നിവയെക്കുറിച്ചുള്ള ന്യൂയോർക്ക് പ്രസ്താവന എന്നിവക്ക് അനുസൃതമായി ഈ സുപ്രധാന നടപടി സഹായകമാകുമെന്ന് പ്രത്യാശിക്കുന്നതായും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.