ഗസ്സ സമാധാന പദ്ധതി: ട്രംപിന്റെ ‘പീസ് കൗൺസിലിൽ’ സൗദി അറേബ്യയും
text_fieldsറിയാദ്: ഗസ്സയിലെ സംഘർഷം അവസാനിപ്പിക്കാനും സമാധാനം പുനഃസ്ഥാപിക്കാനുമായി അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് രൂപവത്കരിച്ച ‘പീസ് കൗൺസിലി’ൽ ചേരാൻ സൗദി അറേബ്യയും ഖത്തറും ഉൾപ്പെടെ എട്ട് പ്രമുഖ അറബ്-ഇസ്‌ലാമിക് രാജ്യങ്ങൾ തീരുമാനിച്ചു. ബുധനാഴ്ചയാണ് ഇത് സംബന്ധിച്ച സംയുക്ത പ്രസ്താവന പുറത്തിറങ്ങിയത്.
സൗദി അറേബ്യ, ഖത്തർ, ഈജിപ്ത്, യു.എ.ഇ, ജോർദാൻ, തുർക്കി, ഇന്തോനേഷ്യ, പാകിസ്താൻ എന്നീ രാജ്യങ്ങളാണ് സമാധാന കൗൺസിലിൽ അംഗമാകുന്നത്. ഗസ്സയിൽ സ്ഥിരമായ വെടിനിർത്തൽ നടപ്പാക്കുക, തകർക്കപ്പെട്ട പ്രദേശങ്ങളുടെ പുനർനിർമാണം ഉറപ്പാക്കുക, പലസ്തീൻ ജനതയുടെ സ്വയംനിർണയാവകാശവും സ്വതന്ത്ര രാഷ്ട്രവും യാഥാർഥ്യമാക്കുക എന്നിവയാണ് ഈ സമിതിയുടെ പ്രധാന ലക്ഷ്യങ്ങൾ.
ഐക്യരാഷ്ട്രസഭയുടെ സുരക്ഷ കൗൺസിൽ പാസാക്കിയ ‘പ്രമേയം 2803’ പ്രകാരമുള്ള സമാധാന പദ്ധതിയുടെ ഭാഗമായാണ് ഈ കൗൺസിൽ പ്രവർത്തിക്കുക. ഗസ്സയിലെ ഭരണപരമായ കാര്യങ്ങൾ നിയന്ത്രിക്കുന്ന ഒരു താൽക്കാലിക സംവിധാനമായിട്ടായിരിക്കും ഇത് പ്രവർത്തിക്കുക. പ്രസിഡൻറ് ട്രംപിന്റെ നേതൃത്വത്തിലുള്ള സമാധാന ശ്രമങ്ങളെ സ്വാഗതം ചെയ്ത വിദേശകാര്യ മന്ത്രിമാർ, മേഖലയിൽ സുസ്ഥിരമായ സുരക്ഷയും സമാധാനവും കൊണ്ടുവരാൻ തങ്ങളുടെ രാജ്യങ്ങൾ പ്രതിജ്ഞാബദ്ധമാണെന്ന് പ്രസ്താവനയിൽ വ്യക്തമാക്കി.
ഈജിപ്ത്, പാകിസ്താൻ, യു.എ.ഇ എന്നീ രാജ്യങ്ങൾ ഇതിനകം തന്നെ കൗൺസിലിൽ ചേരാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. മറ്റ് രാജ്യങ്ങളും അതത് നിയമപരമായ നടപടികൾ പൂർത്തിയാക്കി ഉടൻ തന്നെ ഔദ്യോഗികമായി അംഗത്വമെടുക്കും. അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി ഫലസ്തീൻ പ്രശ്നത്തിന് നീതിയുക്തമായ പരിഹാരം കാണുന്നതിന് ഈ നീക്കം വലിയ സഹായമാകുമെന്ന് പ്രസ്താവനയിൽ പറയുന്നു.


