ഗസ്സ പുനർനിർമാണം: ‘സമാധാന കൗൺസിൽ’ കരാറിൽ സൗദി ഒപ്പുവെച്ചു
text_fieldsഗസ്സ പുനർനിർമാണത്തിനുള്ള ‘സമാധാന കൗൺസിൽ’ കരാറിൽ സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ ഒപ്പുവെച്ചപ്പോൾ
ദാവോസ്: യുദ്ധാനന്തര ഗസ്സയുടെ പുനർനിർമാണത്തിനും ഭരണപരമായ മേൽനോട്ടത്തിനുമായി രൂപവത്കരിച്ച ‘സമാധാന കൗൺസിലി’ന്റെ ഭാഗമാകാൻ സൗദി അറേബ്യ ഔദ്യോഗികമായി കരാറിലൊപ്പിട്ടു. സ്വിറ്റ്‌സർലൻഡിലെ ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിനിടെ നടന്ന ചടങ്ങിൽ സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാനാണ് കരാറിൽ ഒപ്പുവെച്ചത്.
യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വിവിധ രാജ്യങ്ങളിലെ ഭരണത്തലവന്മാരും പ്രതിനിധികളും പങ്കെടുത്തു. ഗസ്സയുടെ പുനർനിർമാണത്തിനായി രൂപവത്കരിക്കുന്ന കൗൺസിലിൽ ചേരാനുള്ള യു.എസ് പ്രസിഡൻറിന്റെ ക്ഷണം സ്വീകരിക്കുന്നതായി ബുധനാഴ്ച സൗദി പ്രഖ്യാപിച്ചിരുന്നു.
യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് ഒപ്പുവെക്കുന്നു
സമാധാന കൗൺസിൽ ലക്ഷ്യങ്ങൾ:
ലോകത്തിലെ കരുത്തരായ നേതാക്കൾ ഉൾപ്പെടുന്ന സമാധാന കൗൺസിൽ ചരിത്രത്തിലെ തന്നെ ഏറ്റവും നിർണായകമായ സംവിധാനമായി മാറുമെന്ന് ചടങ്ങിൽ സംസാരിക്കവെ ഡോണൾഡ് ട്രംപ് പറഞ്ഞു. സമാധാന കൗൺസിലിന്റെ പ്രധാന ലക്ഷ്യങ്ങളായി അദ്ദേഹം ചൂണ്ടിക്കാട്ടിയത് ഇവയാണ്:
1. ഗസ്സയുടെ ആയുധമുക്തമാക്കൽ: മേഖലയിലെ സൈനിക നടപടികൾ പൂർണമായും അവസാനിപ്പിക്കുക.
2. സുസ്ഥിര ഭരണം: ഗസ്സയിൽ കൃത്യമായ ഭരണസംവിധാനവും സുരക്ഷയും ഉറപ്പാക്കുക.
3. പുനർനിർമാണം: യുദ്ധം തകർത്ത ഗസ്സയുടെ അടിസ്ഥാന സൗകര്യങ്ങൾ വീണ്ടെടുക്കുക.
‘മധ്യപൂർവദേശത്ത് പതിറ്റാണ്ടുകളായി നിലനിൽക്കുന്ന രക്തച്ചൊരിച്ചിലിനും വിദ്വേഷത്തിനും അന്ത്യം കുറിക്കാനുള്ള സുവർണാവസരമാണിത്. ആരും സാധ്യമല്ലെന്ന് കരുതിയ സമാധാനമാണ് ഇപ്പോൾ മേഖലയിൽ നിലനിൽക്കുന്നത്’ -ഡോണൾഡ് ട്രംപ് പറഞ്ഞു. തന്റെ ഭരണകൂടത്തിന് ലോകമെമ്പാടുമുള്ള എട്ട് യുദ്ധങ്ങൾ അവസാനിപ്പിക്കാൻ സാധിച്ചുവെന്നും മറ്റൊന്ന് ഉടൻ അവസാനിക്കുമെന്നും ട്രംപ് അവകാശപ്പെട്ടു. നിലവിൽ 59 രാജ്യങ്ങൾ സമാധാന കൗൺസിലിന്റെ ഭാഗമായിട്ടുണ്ട്. 2025 ഒക്ടോബർ 10ന് പ്രാബല്യത്തിൽ വന്ന ഗസ്സ വെടിനിർത്തൽ കരാറിനെത്തുടർന്ന് ട്രംപ് മുന്നോട്ടുവെച്ച സമാധാന പദ്ധതിയിലെ ഏറ്റവും പ്രധാന ഘടകമാണ് ഈ സമാധാന കൗൺസിൽ.


