‘ഗൾഫ് മാധ്യമം സോക്കർ കപ്പ് 2025’ സീസൺ 3 ഈ മാസം 11, 12 തീയതികളിൽ ജിദ്ദയിൽ
text_fields‘ഗൾഫ് മാധ്യമം’ ജിദ്ദയിൽ സംഘടിപ്പിക്കുന്ന ‘സോക്കർ കപ്പ് 2025 സീസൺ 3’ സെവൻസ് ഫുട്ബാൾ ടൂർണമെന്റ് ട്രോഫികൾ പ്രകാശനം ചെയ്തപ്പോൾ
ജിദ്ദ: ഗൾഫ് മാധ്യമം സംഘടിപ്പിക്കുന്ന ‘സോക്കർ കപ്പ് 2025’ സീസൺ മൂന്ന് സെവൻസ് ഫുട്ബാൾ ടൂർണമെന്റ് ഈ മാസം 11, 12 തീയതികളിലായി ജിദ്ദയിൽ നടക്കും. ജിദ്ദ ഖാലിദ് ബിൻ വലീദ് റുസൂഖ് സ്റ്റേഡിയത്തിൽ നടക്കുന്ന ടൂർണമെന്റിൽ സീനിയർ വിഭാഗത്തിൽ നിന്ന് എട്ടും, ജൂനിയർ, വെറ്ററൻസ് വിഭാഗങ്ങളിൽനിന്ന് നാല് ടീമുകൾ വീതവും മാറ്റുരക്കും. മുൻ സന്തോഷ് ട്രോഫി താരങ്ങളുൾപ്പെടെ മുൻനിര കളിക്കാർ വിവിധ ടീമുകൾക്ക് വേണ്ടി ബൂട്ടണിയും. ആവേശകരമായ ഫുട്ബാൾ മത്സരങ്ങൾ വീക്ഷിക്കുന്നതിനായി മുഴുവൻ കളിപ്രേമികളെയും പ്രത്യേകം ക്ഷണിക്കുന്നതായി ‘ഗൾഫ് മാധ്യമം’ മാനേജ്‌മെന്റ് അറിയിച്ചു.
ഉദ്‌ഘാടനം: സൗദി ഇന്ത്യൻ ഫുട്ബാൾ ഫോറം (സിഫ്) പ്രസിഡന്റ് ബേബി നീലാമ്പ്ര
‘സോക്കർ കപ്പ് 2025 സീസൺ മൂന്ന്’ സെവൻസ് ഫുട്ബാൾ ടൂർണമെന്റിന്റെ ട്രോഫി, ഫിക്സ്ചർ പ്രകാശനം കഴിഞ്ഞ ദിവസം നടന്നു. സീസൺ റസ്റ്റാറന്റ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് സൗദി ഇന്ത്യൻ ഫുട്ബാൾ ഫോറം (സിഫ്) പ്രസിഡന്റ് ബേബി നീലാമ്പ്ര ഉദ്‌ഘാടനം ചെയ്തു. ഗൾഫ് മാധ്യമം, മീഡിയവൺ കോഓഡിനേഷൻ വെസ്റ്റേൻ പ്രൊവിൻസ് കോഓഡിനേറ്റർ ബഷീർ ചുള്ളിയൻ അധ്യക്ഷത വഹിച്ചു. വിന്നേഴ്സ് ട്രോഫികളുടെ പ്രകാശനം ടൂർണമെന്റ് മുഖ്യസ്പോൺസറായ കാഫ് ലോജിസ്റ്റിക്സ് സാരഥികളായ റിയാസ്, ഫൈസൽ എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു. റണ്ണേഴ്‌സ് ട്രോഫികളുടെ പ്രകാശനം ഉപസ്പോൺസറായ വിജയ് കറിമസാല സൂപ്പർവൈസർ മുസ്തഫ, അനിൽകുമാർ പത്തനംതിട്ട എന്നിവർ ചേർന്നും പ്രകാശനം നടത്തി.
ടൂർണമെന്റ് സംഘാടക ടീ-ഷർട്ട് പ്രകാശനം.
മറ്റ് അതിഥികളും വിവിധ ക്ലബ് ഭാരവാഹികളും ചേർന്ന് ഫിക്സ്ചർ നറുക്കെടുപ്പ് നടത്തി. ടൂർണമെന്റ് ടെക്നിക്കൽ വിഭാഗം ഹെഡ് യൂസഫലി കൂട്ടിൽ ഫിക്സ്ചർ നറുക്കെടുപ്പിന് നേതൃത്വം നൽകി. ടൂർണമെന്റ് ഓർഗനൈസേഷൻ കമ്മിറ്റി അംഗങ്ങൾക്കായി കാഫ് ലോജിസ്റ്റിക്സ് സ്പോൺസർ ചെയ്ത പ്രത്യേക ടീ-ഷർട്ട് കാഫ് സാരഥികളിൽ നിന്നും കോഓർഡിനേറ്റർ ബഷീർ ചുള്ളിയൻ, ടൂർണമെന്റ് സംഘാടകസമിതി ജനറൽ കൺവീനർ ഇ.കെ. നൗഷാദ് എന്നിവർ ഏറ്റുവാങ്ങി.ഗ്രാൻഡ് സൂപ്പർ മാർക്കറ്റ് ബിസിനസ് ഡെവലപ്മെന്റ് മാനേജർ തസ്‌ലിം, ബയിങ് ഹെഡ് ഫൈസൽ, അഹ്‌ദാബ് ഇന്റർനാഷനൽ സ്‌കൂൾ ചെയർമാൻ സുലൈമാൻ ഹാജി, പ്രിൻസിപ്പൽ അൻവർഷാജ, ബദർതമാം പോളിക്ലിനിക് മാർക്കറ്റിങ് മാനേജർ ഡോ. അഷ്‌റഫ്, ഗൾഫ് മാധ്യമം സൗദി രക്ഷാധികാരി നജ്മുദ്ധീൻ അമ്പലങ്ങാടൻ, പടിഞ്ഞാറൻ മേഖല രക്ഷാധികാരി ഉമർ ഫാറൂഖ് പാലോട് എന്നിവർ ആശംസകൾ നേർന്നു. അബ്ദുസ്സുബ്ഹാൻ അവതാരകനായിരുന്നു.
സദസ്സ്
മുഴുവൻ ക്ലബ് ഭാരവാഹികളും പങ്കെടുത്ത യോഗത്തിൽ ടൂർണമെന്റ് സംഘാടകസമിതി ജനറൽ കൺവീനർ ഇ.കെ. നൗഷാദ് സ്വാഗതവും ഗൾഫ് മാധ്യമം ജിദ്ദ ബ്യൂറോ ഹെഡ് സാദിഖലി തുവ്വൂർ നന്ദിയും പറഞ്ഞു. അമാൻ അലി സനോജ് ഖിറാഅത്ത് നടത്തി. ഗൾഫ് മാധ്യമം ജിദ്ദ മാർക്കറ്റിങ് എക്സിക്യൂട്ടിവ് പി.കെ. സിറാജ്, ഡിജിറ്റൽ ഹെഡ് ആദിൽ, ടൂർണമെന്റ് സംഘാടകസമിതി അംഗങ്ങളായ സി.എച്ച്. ബഷീർ, അഷ്‌റഫ് പാപ്പിനിശ്ശേരി, മുനീർ ഇബ്രാഹിം, മുഹമ്മദ് അബ്ഷീർ, അജ്മൽ അബ്ദുൽഗഫൂർ, റഹീം ഒതുക്കുങ്ങൽ, സൈനുൽ ആബിദ്, ഫാസിൽ തയ്യിൽ, ഹിശാം ചെറുകോട് തുടങ്ങിയവർ നേതൃത്വം നൽകി.