അബഹയിലെ ഹബ്ല വില്ലേജ്; കൗതുകം ‘തൂങ്ങിക്കിടക്കുന്ന ഗ്രാമം’
text_fieldsഹബ്ല ഗ്രാമത്തിലേക്കുള്ള പ്രവേശന കവാടം ഫോട്ടോ: മുജീബ് ചടയമംഗലം
അബഹ: തൂങ്ങിക്കിടക്കുന്ന ഗ്രാമമോ? അങ്ങനെയൊന്നുണ്ട് സൗദി അറേബ്യയുടെ തെക്കൻ പ്രവിശ്യയായ അസീറിൽ. പർവതനിരകളുടെ ചരുവിൽ പാറക്കെട്ടുകൾക്കിടയിൽ അത്ഭുതവും സാഹസവും നിറച്ച് സഞ്ചാരികളെ മാടിവിളിക്കുകയാണ് ‘ഹബ്ല’ എന്ന ആ ഗ്രാമം. അബഹ നഗരത്തിൽനിന്ന് ഏകദേശം 50 കിലോമീറ്റർ തെക്കുദിശയിൽ സ്ഥിതിചെയ്യുന്ന ഈ പൗരാണിക ഗ്രാമം കുത്തനെയുള്ള കുന്നുകൾക്കിടയിൽ അസാധാരണമായ നിലയിൽ സ്ഥിതി ചെയ്യുന്നത് കൊണ്ടാണ് ‘തൂങ്ങിക്കിടക്കുന്ന ഗ്രാമം’ എന്നറിയപ്പെട്ടത്.
ഒരുകാലത്ത് ഖഹ്താനി ഗോത്രത്തിന്റെ വാസകേന്ദ്രമായിരുന്നു ഹബ്ല. മനോഹരമായ പ്രകൃതിയാൽ അനുഗൃഹീതമാണ് ഗ്രാമം. പരമ്പരാഗത സൗദി ജീവിതത്തെ അറിയാനുള്ള പൗരാണിക ശേഷിപ്പുകളും ഇവിടെയുണ്ട്. അതുകൊണ്ടുതന്നെ ഈ ഗ്രാമം സന്ദർശകർക്ക് അതുല്യമായ കാഴ്ചകൾ സമ്മാനിക്കുമെന്ന് മാത്രമല്ല ദുർഘടമായ വഴികൾ താണ്ടി ഇവിടെയെത്തുന്നതിലെ സാഹസികത ത്രസിപ്പിക്കുകയും ചെയ്യും. ഈ സഞ്ചാര അനുഭവങ്ങളെക്കുറിച്ച് അറിഞ്ഞ് ആളുകൾ പ്രവഹിക്കാൻ തുടങ്ങിയതോടെ ഇപ്പോൾ ഒരു ജനപ്രിയ വിനോദസഞ്ചാര കേന്ദ്രമായി ഹബ്ല മാറിയിട്ടുണ്ട്.
ഒട്ടോമൻ സേനയിൽനിന്ന് അഭയം തേടിയ ഖഹ്താനി ഗോത്രക്കാർ 400 വർഷം മുമ്പ് സ്ഥാപിച്ചതാണ് ഗ്രാമം. ഖഹ്താനികൾ സുരക്ഷ ഉറപ്പാക്കാൻ അവരുടെ വീടുകൾ നിർമിച്ചത് ശത്രുക്കളുൾപ്പെടെയുള്ളവർക്ക് എളുപ്പം വന്നെത്താൻ കഴിയാത്തവിധം ദുർഘടമായ മലഞ്ചരിവിലാണ്. ഇതിനായി ഇവർ കയറുകൊണ്ടുള്ള ഗോവണിയെ ആശ്രയിച്ചു. ‘ഹബ്ല’ എന്ന അറബി പദത്തിനർഥം ‘കയർ’ എന്നാണ്. ഗ്രാമത്തിന് ഈ പേര് ലഭിച്ചത് ഇങ്ങനെയാണ്.
ഇവിടത്തെ അന്തേവാസികൾക്കും പുറത്തുള്ളവർക്കും ഗ്രാമത്തിലെത്താനുള്ള ഏക മാർഗം കയറുകളിലൂടെ ഊർന്നിറങ്ങൽ മാത്രമായിരുന്നു. പുറംലോകവുമായുള്ള ഈ ഒറ്റപ്പെടൽ മൂലം ഗ്രാമവാസികൾക്ക് അവരുടേതായ വാസ്തുവിദ്യയും ജീവിതരീതിയും സംസ്കാരവും വികസിപ്പിച്ചെടുക്കേണ്ടിവന്നു. നൂറ്റാണ്ടുകളോളം ഇങ്ങനെ തനതായ രീതിയും സംസ്കാരവും സംരക്ഷിച്ച് ജീവിതം മുന്നോട്ടു കൊണ്ടുപോവുകയും ചെയ്തു.
ഗ്രാമങ്ങളിലെ വീടുകളുടെ ഭിത്തികൾ കല്ലുകൊണ്ടുള്ളവയാണ്. മേൽക്കൂര മരം കൊണ്ടുള്ള നിർമിതിയും. മലയിടുക്കിലെ പരുക്കൻ അന്തരീക്ഷവുമായി പൊരുത്തപ്പെടുന്നതിനുള്ള അക്കാലത്തെ ജനങ്ങളുടെ വാസ്തുവിദ്യ ചാതുരിയെ വെളിപ്പെടുത്തുന്നതാണ് ഈ നിർമാണരീതി. പ്രാദേശവാസികളിൽ പലരും ഇപ്പോഴും പഴയ പാരമ്പര്യം സൂക്ഷിക്കുകയും പഴയ നൃത്തങ്ങൾ അവതരിപ്പിക്കുകയും ഖഹ്വയും ഈത്തപ്പഴവും നൽകി അതിഥികളെ സ്വാഗതം ചെയ്യുകയും ചെയ്യുന്നു. ചില കെട്ടിടങ്ങൾ ഇപ്പോൾ ചെറിയ മ്യൂസിയങ്ങളായി പ്രവർത്തിക്കുന്നു. പുരാവസ്തുക്കൾ, പരമ്പരാഗത വസ്ത്രങ്ങൾ, ജീവിതായോധനത്തിനുള്ള ഉപകരണങ്ങൾ എന്നിവ ഇവിടെ ഇപ്പോഴും കാണാം.
ഹബ്ല ഗ്രാമത്തിലെ പഴയ വീടുകൾ
സൗദി അറേബ്യയുടെ സമ്പന്നമായ പൈതൃകത്തിന്റെയും സാംസ്കാരിക വൈവിധ്യത്തിന്റെയും പ്രതീകമായി ഹബ്ല ഗ്രാമം മാറിക്കഴിഞ്ഞു. ഇവിടേക്ക് ഇപ്പോൾ സഞ്ചാരികൾക്ക് വരാൻ കേബ്ൾ കാർ സംവിധാനമുണ്ട്. 1990ലാണ് ഇവിടെ ടൂറിസം അതോറിറ്റി ആരംഭിച്ചത്. അസീർ പർവത നിരകളുടെയും ചുറ്റുമുള്ള താഴ്വരകളുടെയും അതിമനോഹര കാഴ്ചകൾ ആസ്വദിച്ച് സന്ദർശകർക്ക് പാറക്കെട്ടുകളിൽനിന്ന് സവാരി ആസ്വദിക്കാൻ കേബ്ൾ കാറിലെ സഞ്ചാരം കൊണ്ട് സാധിക്കും.
കേബ്ൾ കാറുകൾ
ചുറ്റുമുള്ള പാറക്കെട്ടുകളും താഴ്വരകളും നിരവധി ഹൈക്കിങ് പാതകളും അതിശയകരമായ ഫോട്ടോഗ്രഫി അവസരങ്ങളും വാഗ്ദാനം ചെയ്യുന്നു. ഇപ്പോൾ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ രണ്ടു മാസം കഴിഞ്ഞേ കേബ്ൾ കാർ വീണ്ടും പ്രവർത്തനക്ഷമമാകൂ. ഉയർന്ന സീസണിൽ രാവിലെ 10 മുതൽ വൈകീട്ട് ആറ് വരെയും മറ്റ് കാലങ്ങളിൽ ഉച്ചക്ക് രണ്ട് മുതൽ വൈകീട്ട് ആറുവരെയുമാണ് കേബ്ൾ കാർ പ്രവർത്തിക്കുന്നത്.
ഹബ്ല വില്ലേജ് സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം മേയ് മുതൽ സെപ്റ്റംബർ വരെയാണ്. തണുത്ത പർവത കാലാവസ്ഥ മറ്റ് സൗദി പ്രദേശങ്ങളിലെ ചൂടിൽനിന്ന് സഞ്ചാരികൾക്ക് മോചനം നൽകുന്നു. സാംസ്കാരിക പ്രകടനങ്ങളും പ്രാദേശിക കരകൗശല വസ്തുക്കളുമായി വേനൽക്കാലത്ത് അരങ്ങേറുന്ന അസീർ ഫെസ്റ്റിവലിൽ ഹബ്ല ഗ്രാമവും സജീവമാകാറുണ്ട്.
ടൂറിസം വർധിച്ചതോടെ ഹബ്ല വില്ലേജിന്റെ ആധികാരികത കാത്തുസൂക്ഷിക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. സന്ദർശകരുടെ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനൊപ്പം ഗ്രാമത്തിന്റെ യഥാർഥ ഘടന നിലനിർത്താൻ സൗദി സർക്കാർ പദ്ധതികൾ നടപ്പാക്കിവരുന്നു. കൂടാതെ, സുസ്ഥിരമായ യാത്ര പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം പ്രദേശത്തിന്റെ പ്രകൃതി സൗന്ദര്യം സംരക്ഷിക്കുന്നതിനായി ഇക്കോ-ടൂറിസം പദ്ധതികളും പരിഗണിക്കുന്നുണ്ട്. സൗദി അറേബ്യയുടെ ഭൂതകാലത്തിലേക്ക് ഒരു അപൂർവ ദൃശ്യാവിഷ്കാരം നൽകിക്കൊണ്ട് ഖഹ്താനി ഗോത്രത്തിന്റെ പ്രതിരോധശേഷിയുടെയും ചാതുര്യത്തിന്റെയും തെളിവായി ഹബ്ല വില്ലേജ് നിലകൊള്ളുന്നു.