പ്രതികൂല സാഹചര്യത്തിലും ഹജ്ജ് വൻ വിജയം -സൽമാൻ രാജാവ്
text_fieldsസൽമാൻ രാജാവ്
ജിദ്ദ: മേഖലയിലെ വെല്ലുവിളികൾ നിറഞ്ഞ സാഹചര്യങ്ങൾക്കിടയിലും ഈ വർഷത്തെ ഹജ്ജ് സീസൺ വൻ വിജയമാക്കാൻ സാധിച്ചത് വിവിധ വകുപ്പുകളുടെ മികച്ച ഏകോപനം മൂലമാണെന്ന് സൗദി ഭരണാധികാരി സൽമാൻ രാജാവ് വ്യക്തമാക്കി. ഈദ് അൽ അദ്ഹ ആശംസകൾ നേർന്നതിനും ഹജ്ജ് വിജയകരമായി പൂർത്തിയാക്കിയതിനും നന്ദി അറിയിച്ച് സൗദി ആഭ്യന്തര മന്ത്രിയും സുപ്രീം ഹജ്ജ് കമ്മിറ്റി ചെയർമാനുമായ അമീർ അബ്ദുൽ അസീസ് ബിൻ സഊദിന് അയച്ച മറുപടി സന്ദേശത്തിലാണ് രാജാവ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇത്തവണ 1,707,301 തീർഥാടകരാണ് വിശുദ്ധ ഭൂമിയിൽ എത്തിയത്. കൃത്യമായ സുരക്ഷ, പ്രതിരോധം, സംഘടന, സേവന പദ്ധതികൾ എന്നിവ വിജയകരമായി നടപ്പാക്കാൻ സാധിച്ചതായി സൽമാൻ രാജാവ് ചൂണ്ടിക്കാട്ടി. ഇത് തീർഥാടകർക്ക് പൂർണമായ സമാധാനത്തിലും സുരക്ഷിതത്വത്തിലും ആത്മീയ അന്തരീക്ഷത്തിലും ഹജ്ജ് കർമങ്ങൾ നിർവഹിക്കാനും പുണ്യസ്ഥലങ്ങൾക്കിടയിൽ അതീവ അനായാസതയോടെ സഞ്ചരിക്കാനും സഹായകമായി.
തീർഥാടകർക്ക് സേവനമേകിയ എല്ലാ മേഖലകളുടെയും പ്രവർത്തനങ്ങൾ സസൂക്ഷ്മം നിരീക്ഷിച്ചിരുന്നുവെന്നും, ദൈവത്തിന്റെ അതിഥികളെ സ്വീകരിക്കുന്നതിൽ എല്ലാവരും കാണിച്ച ഉത്സാഹവും സമർപ്പണവും വൈദഗ്ധ്യവും ഏറെ സന്തോഷിപ്പിച്ചതായും രാജാവ് കൂട്ടിച്ചേർത്തു.
തീർഥാടകരുടെ സുഖസൗകര്യങ്ങൾ ഉറപ്പാക്കുന്നതിൽ സുരക്ഷാ പദ്ധതികൾ കൃത്യമായി നടപ്പാക്കിയതിനെ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാനും പ്രശംസിച്ചു. ഹജ്ജ് സീസണിന്റെ വിജയത്തിൽ അഭിനന്ദനം അറിയിച്ചുകൊണ്ട് ആഭ്യന്തര മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സഊദിന് അയച്ച മറുപടിയിലാണ് കിരീടാവകാശി ഇക്കാര്യം വ്യക്തമാക്കിയത്. സൽമാൻ രാജാവിന്റെ നേരിട്ടുള്ള മേൽനോട്ടവും മാർഗനിർദേശങ്ങളുമാണ് ഈ വിജയത്തിന് പിന്നിലെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
ഹജ്ജ് സുരക്ഷ, ആരോഗ്യം, പ്രതിരോധം, ഗതാഗതം എന്നിവയുമായി ബന്ധപ്പെട്ട സേവന പദ്ധതികൾ കൃത്യതയോടെ നടപ്പാക്കാൻ മുന്നിട്ടിറങ്ങിയ മുഴുവൻ ജീവനക്കാരുടെയും പ്രയത്നങ്ങളെയും, തീർഥാടകരുടെ സുഖസൗകര്യങ്ങൾ ഉറപ്പാക്കാൻ ബന്ധപ്പെട്ട അധികാരികൾ നടത്തിയ സമഗ്രമായ തുടർനടപടികളെയും കിരീടാവകാശി പ്രത്യേകം അഭിനന്ദിച്ചു.


