മക്കയെയും മദീനയെയും ലക്ഷ്യം വെക്കുന്നതിനെ ഇരുഹറം ഇമാമുമാർ അപലപിച്ചു
text_fieldsജിദ്ദ: മക്കക്കും മദീനക്കും നേരെ ഹൂതികൾ നടത്തുന്ന ആക്രമണങ്ങളെയും ലക്ഷ്യം വെക്കാനുള്ള ശ്രമങ്ങളെയും ഇരുഹറമുകളിലെ ഇമാമുമാരും ഖത്തീബുമാരും ശക്തമായി അപലപിച്ചു.
വിശുദ്ധ നഗരങ്ങളുടെ പവിത്രതയും മുസ്ലിംകളുടെ മനസ്സിൽ അവക്കുള്ള സ്ഥാനവും ഇത്തരം ഭീകരപ്രവർത്തനങ്ങളെ അപലപിക്കൽ അനിവാര്യമാക്കുന്നുണ്ടെന്നും സമാധാനപരമായി കഴിയുന്നവർക്ക് ഭീഷണിയാകുന്നതിനാലും ലോകമെമ്പാടുമുള്ള മുസ്ലിംകളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതിനാലുമാണ് ഇതെന്നും അവർ ചൂണ്ടിക്കാട്ടി. ഇരുഹറമുകളെയും അവിടെ എത്തുന്ന തീർഥാടകരെയും സംരക്ഷിക്കാനും അവയുടെ സുരക്ഷ ഉറപ്പാക്കാനും സന്ദർശകരെ പരിപാലിക്കാനുമുള്ള ഉത്തരവാദിത്തം സൗദി അറേബ്യ ഏറ്റെടുത്തിട്ടുണ്ടെന്നും അവർ പറഞ്ഞു. സൗദിയെയും അതിന്റെ ഭരണനേതൃത്വത്തെയും അല്ലാഹു സംരക്ഷിക്കട്ടെയെന്നും രാജ്യത്തും ഇരുഹറമുകളിലും സുരക്ഷയും സമാധാനവും എന്നെന്നും നിലനിർത്തട്ടെയെന്നും അവർ പ്രാർഥിച്ചു.
ഹൂതി മിലീഷ്യ പുണ്യസ്ഥലങ്ങൾക്ക് നേരെ നടത്തുന്ന ആക്രമണങ്ങളെ ഒരുതരത്തിലും ന്യായീകരിക്കാനോ ചെറുതായി കാണാനോ കഴിയില്ലെന്ന് ഇരുഹറം മതകാര്യ വകുപ്പ് മേധാവി അബ്ദുറഹ്മാൻ അൽസുദൈസ് പറഞ്ഞു. കാരണം അത് അല്ലാഹു ആദരിച്ച സ്ഥലങ്ങൾക്ക് നേരെയുള്ള ആക്രമണവും സമാധാനാന്തരീക്ഷത്തിൽ ആരാധനകൾ നിർവഹിക്കാനും ഹറമുകൾ സന്ദർശിക്കാനും ആഗ്രഹിക്കുന്ന മുസ്ലിംകളെ ഉപദ്രവിക്കലുമാണ്.
പുണ്യസ്ഥലങ്ങളുടെ പവിത്രത ഉൾക്കൊള്ളണമെന്നും മുസ്ലിംകളുടെ സുരക്ഷ ഉറപ്പാക്കുകയും ഇരുഹറമുകളുടെയും മഹത്വം കാത്തുസൂക്ഷിക്കുകയും ചെയ്യുന്ന കാര്യങ്ങളിൽ ഉറച്ചുനിൽക്കണമെന്നും ഡോ. അൽസുദൈസ് ആഹ്വാനം ചെയ്തു.
വിശുദ്ധ മക്കയെയും മദീനയെയും ലക്ഷ്യം വെക്കാൻ ഹൂതി മിലീഷ്യ നടത്തുന്ന ശ്രമങ്ങൾ ഈ സ്ഥലങ്ങളുടെ പവിത്രതയ്ക്ക് നേരെയുള്ള കടന്നുകയറ്റവും അവിടെ എത്തുന്ന തീർഥാടകരുടെ സമാധാനപരമായ അന്തരീക്ഷത്തിനുള്ള അവകാശത്തിന് ഭീഷണിയുമാണെന്ന് മസ്ജിദുന്നബവിയിലെ മതകാര്യ വിഭാഗം അസിസ്റ്റന്റ് മേധാവിയും ഇമാമും ഖത്തീബുമായ ശൈഖ് അഹമ്മദ് അൽ-ഹുദൈഫി പറഞ്ഞു.
സമാധാനപരമായി കഴിയുന്നവരെ ഭയപ്പെടുത്തുന്നതും അപകടത്തിലാക്കുന്നതും ഇസ്ലാമിക ശരീഅത്തിന്റെ ലക്ഷ്യങ്ങൾക്കും മൂല്യങ്ങൾക്കും വിരുദ്ധമാണ്. വിവരങ്ങൾ വിശ്വസനീയമായ ഉറവിടങ്ങളിൽ നിന്ന് മാത്രം സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം എടുത്തുപറഞ്ഞു.
ആശങ്ക പരത്തുന്നതോ സമൂഹത്തിന്റെ സുരക്ഷയ്ക്ക് ഹാനികരമാകുന്നതോ ആയ കാര്യങ്ങൾ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം നിർദ്ദേശിച്ചു.



