‘ഹാർമോണിയസ് കേരള’; ജുബൈലിൽ ടിക്കറ്റ് വിൽപന അവസാന ഘട്ടത്തിൽ
text_fieldsജുബൈൽ കെ.എം.സി.സി ജനറൽ സെക്രട്ടറി ബഷീർ വെട്ടുപാറ ‘ഹാർമോണിയസ് കേരള’ ടിക്കറ്റുകൾ റിയാസ് മണക്കാടിൽനിന്ന് ഏറ്റുവാങ്ങുന്നു
ജുബൈൽ: കിഴക്കൻ പ്രവിശ്യയെ പ്രകമ്പനം കൊള്ളിക്കാൻ ദമ്മാമിൽ ‘ഹാർമോണിയസ് കേരള’ രണ്ടാം സീസൺ സംഗീതോത്സവം അരങ്ങേറാനിരിക്കെ ജുബൈലിൽ ടിക്കറ്റ് വിൽപന അവസാന ഘട്ടത്തിലേക്ക്. വെള്ളിയാഴ്ച നടക്കുന്ന മെഗാ ഷോയുടെ ടിക്കറ്റുകൾ സ്വന്തമാക്കാൻ ജുബൈലിലെ പ്രവാസികൾ വലിയ ആവേശമാണ് കാണിക്കുന്നത്.
സൗദി കായിക മന്ത്രാലയത്തിന് കീഴിലുള്ള ദമ്മാം-അൽഖോബാൾ ഹൈവേയിൽ റാക്കയിലെ ബിൻ ജലവിയ സ്പോർട്സ് സിറ്റിയിലെ ഇൻഡോർ സ്റ്റേഡിയത്തിൽ സൗകര്യപ്രദമായി പാട്ടും ഡാൻസുമൊക്കെ ആസ്വദിക്കാൻ പ്രായ വ്യത്യാസങ്ങളില്ലാതെ ആയിരങ്ങൾ ഒഴുകിയെത്തും. മാനവികതയുടെ മഹോത്സവമായ ‘ഹാർമോണിയസ് കേരള’യുടെ രണ്ടാംപതിപ്പാണ് ഇത്തവണത്തേത്. മഹത്തായ കലോത്സവത്തിന് സംഘാടകർ മികച്ച ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത് എന്നതിനാൽ പ്രതികൂല കാലാവസ്ഥയിൽ പോലും പരിപാടി തികവോടെ ആസ്വദിക്കാൻ കഴിയും. മെലഡികളുടെ രാജകുമാരൻ എം.ജി. ശ്രീകുമാർ നയിക്കുന്ന ഷോയിൽ പാർവതി തിരുവോത്ത്, അർജുൻ അശോകൻ തുടങ്ങി വൻ താരനിര അണിനിരക്കുന്നതുകൊണ്ടുതന്നെ ടിക്കറ്റുകൾ അതിവേഗം വിറ്റുതീരുകയാണ്.
ഗായകരായ നിത്യ മാമ്മൻ, ശിഖ പ്രഭാകരൻ, ലിബിൻ സഖറിയ, ഗോകുൽ ഗോപകുമാർ, നർത്തകൻ റംസാൻ മുഹമ്മദ്, മിമിക്രി ആർട്ടിസ്റ്റ് സിദ്ദീഖ് റോഷൻ എന്നിവരും സംഘത്തിലുണ്ട്. മിഥുൻ രമേശാണ് അവതാരകൻ.
കുടുംബങ്ങൾക്കും ഗ്രൂപ്പുകൾക്കുമായി ആകർഷകമായ ഓഫറുകളോടെയാണ് ടിക്കറ്റ് വിൽപന പുരോഗമിക്കുന്നത്. ജുബൈലിലെ പ്രമുഖ മലയാളി ഹോട്ടലുകളിലും പ്രധാന കേന്ദ്രങ്ങളിലും ടിക്കറ്റുകൾ ലഭ്യമാണ്.
സിൽവർ, ഗോൾഡ്, പ്ലാറ്റിനം, പ്രീമിയം, വി.ഐ.പി എന്നീ കാറ്റഗറികളായി തിരിച്ചാണ് ടിക്കറ്റുകൾ. കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റിനുമായി 055 663 7394, 055 366 9786 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.


