ഹൃദയാഘാതം: യാംബു പ്രവാസിയായ കണ്ണൂർ സ്വദേശി നാട്ടിൽ നിര്യാതനായി
text_fieldsയാംബു: ബലി പെരുന്നാൾ അവധിക്ക് നാട്ടിൽ പോയ കണ്ണൂർ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. യാംബുവിൽ പ്രവാസിയായ ഇരിക്കൂർ പെരുവളത്ത്പറമ്പ് റഫ്നാസ് വീട്ടിൽ ഖലീലുല്ല (52) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ നെഞ്ചുവേദനയെ തുടർന്ന് ബന്ധുക്കൾ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് മരണം.
മൂന്ന് പതിറ്റാണ്ട് കാലമായി യാംബു സ്റ്റീൽ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്ന ഇദ്ദേഹം ബലി പെരുന്നാളിന്റെ രണ്ടു ദിവസങ്ങൾക്ക് മുമ്പാണ് റീ-എൻട്രി വിസയിൽ നാട്ടിലേക്ക് പോയത്. അവധി കഴിഞ്ഞ് ഈ മാസാവസാനം സൗദിയിലേക്ക് മടങ്ങാനിരിക്കെയാണ് മരണം.
കെ.എം.സി.സി കണ്ണൂർ ജില്ല യാംബു പ്രവർത്തക സമിതിയംഗമായിരുന്ന ഖലീലുല്ലയുടെ പെട്ടെന്നുള്ള വിയോഗം ബന്ധുക്കളെയും സഹപ്രവർത്തകരെയും യാംബു പ്രവാസികളെയും സുഹൃത്തുക്കളെയും ഒരു പോലെ ദുഃഖത്തിലാഴ്ത്തി. സേവന മേഖലയിൽ നിറസാന്നിധ്യമായിരുന്നു ഇദ്ദേഹമെന്ന് സുഹൃത്തുക്കൾ സാക്ഷ്യപ്പെടുത്തുന്നു.
പരേതരായ അബ്ദുല്ല, ആയിഷ ദമ്പതികളുടെ മകനാണ്. ഭാര്യ: റഹ്മത്ത് ഹന്ന, മക്കൾ: നൗഷീർ (യു.എ.ഇ), നിഷാദ് (ദമ്മാം), റഫ്‌ന. സഹോദരങ്ങൾ: അഷ്‌റഫ്, ഷംസുദ്ദീൻ, റസിയ, സുബൈദ, പരേതനായ നിസാർ.