യാംബു, ഉംലജ്, മദീന എന്നിവിടങ്ങളിൽ ശക്തമായ മഴയും ഇടിമിന്നലും
text_fieldsയാംബു, ഉംലജ് എന്നിവിടങ്ങളിൽ ഞായറാഴ്ച ശക്തമായ മഴ പെയ്തപ്പോൾ
യാംബു: കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് ശരിവെച്ച് ഞായറാഴ്ച സൗദിയുടെ ചില പ്രദേശങ്ങളിൽ ശക്തമായ മഴയും ഇടിമിന്നലും കാറ്റും ആലിപ്പഴവർഷവും ഉണ്ടായി. പുലർച്ചെ യാംബുവിൽ തുടക്കം കുറിച്ച മഴക്ക് ഉച്ചയോടെ ശമനം ഉണ്ടായെങ്കിലും ഉച്ചക്ക് ശേഷം ശക്തമായ ഇടിമിന്നലോടെയാണ് യാംബു അൽ ബഹ്ർ, യാംബു അൽ നഖ്‌ൽ, യാംബു റോയൽ കമീഷൻ എന്നിവിടങ്ങളിൽ പ്രകടമായത്. പലയിടങ്ങളിലും മഴമൂലം ഗതാഗതം താറുമാറായി.
താഴ്ന്ന പ്രദേശങ്ങളിൽ നല്ല വെള്ളക്കെട്ടാണ് ഉണ്ടായിട്ടുള്ളത്. മദീനയിലും ഉംലജിലും നല്ല മഴയാണ് പെയ്തത്. ഉംലജിലെ ചില പ്രദേശങ്ങളിൽ വെള്ളപ്പൊക്കം അനുഭവപ്പെട്ടു. സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയതിനാൽ താഴ്ന്ന പ്രദേശങ്ങളിലുള്ള ആളുകൾ സ്ഥലം മാറി. യാംബു അൽ ബഹർ മുനിസിപ്പാലിറ്റിയിലെ അടിയന്തര സംഘങ്ങൾ റോഡുകളിൽ കെട്ടിക്കിടക്കുന്ന വെള്ളം നീക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ്. പട്ടണങ്ങളിലും ഗ്രാമങ്ങളിലും വെള്ളപ്പൊക്കത്തിൽ തകർന്ന റോഡുകൾ നന്നാക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.
മദീന, യാംബു അൽ നഖ്‌ൽ എന്നിവിടങ്ങളിൽ 43.4 മില്ലീമീറ്ററും യാംബു അൽ ബഹ്ർ, യാംബു സിനായിയ എന്നിവിടങ്ങളിൽ 28.8 മില്ലീമീറ്ററും മഴ രേഖപ്പെടുത്തി. തബൂക്കിലാണ് ഞായറാഴ്ച ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. തബൂക്ക് നഗരത്തിലെ അൽ സർവ് നിരീക്ഷണ കേന്ദ്രം 118.5 മില്ലിമീറ്റർ മഴ ലഭിച്ചതായി രേഖപ്പെടുത്തി. രാജ്യത്തിെൻറ വടക്കൻ അതിർത്തികൾ, അൽ ജൗഫ്, അൽ ഖുറയാത്ത്, ഹാഇൽ തുടങ്ങിയ നഗരങ്ങളിലെ മേഖലകളിലും സാമാന്യം നല്ല മഴയാണ് കഴിഞ്ഞ ദിവസം പെയ്തത്.
തബൂക്ക് മേഖലയിലെ ഉംലുജ് ഗവർണറേറ്റിെൻറ പല പ്രദേശങ്ങൾ വെള്ളത്തിനടിയിലാണെന്ന് റിപ്പോർട്ടുണ്ട്. നല്ല കാറ്റും ആലിപ്പഴവർഷവും ഇടിമിന്നലും പ്രദേശത്തെ ജനജീവിതം ബുദധിമുട്ടിലാക്കിയിട്ടുണ്ട്. ദേശീയ കാലാവസ്ഥാ കേന്ദ്രം ചിലയിടങ്ങളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
വരും ദിവസങ്ങളിലും ചില പ്രദേശങ്ങളിൽ മഴ തുടരുമെന്ന മുന്നറിയിപ്പാണ് കാലാവസ്ഥാ കേന്ദ്രം നൽകുന്നത്. വെള്ളക്കെട്ടുകൾ, താഴ്‌വരകൾ എന്നിവിടങ്ങളിൽനിന്നും വിട്ടുനിൽക്കാൻ അധികൃതർ പ്രദേശവാസികളോട് അഭ്യർഥിച്ചു. മഴക്കാലത്ത് ജാഗ്രത പാലിക്കണമെന്ന് സിവിൽ ഡിഫൻസ് ആവശ്യപ്പെട്ടു. ശക്തമായ മഴ ദൃശ്യപരത കുറയാനും ശക്തമായ കാറ്റും ആലിപ്പഴവർഷവും ഉണ്ടാകാനും സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവരും ജാഗ്രത പാലിക്കണം.


