മക്കയിലും മദീനയിലുമുൾപ്പടെ ശക്തമായ മഴ; പല ഭാഗങ്ങളിലും മഞ്ഞുവീഴ്ച
text_fieldsമക്ക/മദീന: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുന്നു. പുണ്യനഗരമായ മക്കയിലും മസ്ജിദുൽ ഹറാമിലും ഇന്ന് (വ്യാഴാഴ്ച) മധ്യവേനൽ മഴയ്ക്ക് സമാനമായ ശക്തമായ മഴ പെയ്തു. അനുഗ്രഹ വർഷമായി പെയ്തിറങ്ങിയ മഴ മക്കയിലെ തെരുവുകളിലും പരിസരങ്ങളിലും സമാധാനപരമായ അന്തരീക്ഷമാണ് സൃഷ്ടിച്ചിരിക്കുന്നത്. മദീനയുടെ വിവിധ ഭാഗങ്ങളിലും ശക്തമായ മഴ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇവിടെ ഇപ്പോഴും ആകാശം മേഘാവൃതമാണ്, കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
രാജ്യത്തിെൻറ വടക്കൻ മേഖലയായ തബൂക്കിൽ കാലാവസ്ഥാ മാറ്റം പ്രകടമാണ്. തബൂക്കിെൻറ തെക്ക് ഭാഗത്തുള്ള അൽ ബദീഅയിൽ നേരിയ മഴയ്ക്കൊപ്പം ശക്തമായ ആലിപ്പഴ വർഷവും മഞ്ഞുവീഴ്ചയും ഉണ്ടായി. ജബൽ അൽ ലൗസ് മേഖല മഞ്ഞിൽ പുതഞ്ഞ നിലയിലാണ്. കൂടാതെ ഷഖ്രി, റഹീബ്, അൽ ദൽഫ, നാമി തുടങ്ങിയ പ്രദേശങ്ങളിലും ഇടത്തരം മഴ പെയ്തു.
ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിെൻറ റിപ്പോർട്ട് പ്രകാരം മക്കയിൽ വരും ദിവസങ്ങളിലും മഴ തുടരും. വ്യാഴാഴ്ചയോടെ ജിദ്ദ, റാബിഗ്, ത്വാഇഫ് എന്നീ ഗവർണറേറ്റുകളിലും മഴ ശക്തമാകാൻ സാധ്യതയുണ്ട്. വരുന്ന ശനിയാഴ്ച വരെ രാജ്യത്തിെൻറ ഭൂരിഭാഗം പ്രദേശങ്ങളിലും ഈ കാലാവസ്ഥാ മാറ്റം തുടരും. തബൂക്ക്, അൽ ജൗഫ്, ഹായിൽ, വടക്കൻ അതിർത്തികൾ, അസീർ, ബാഹ, ജിസാൻ, നജ്‌റാൻ എന്നിവിടങ്ങളിൽ വിവിധ തീവ്രതയിലുള്ള മഴ പ്രതീക്ഷിക്കുന്നു.
ജാഗ്രതാ നിർദ്ദേശം
രാജ്യത്തെ ഒമ്പത് പ്രധാന മേഖലകളിൽ കാലാവസ്ഥാ കേന്ദ്രം ‘റെഡ് അലേർട്ട്’ പ്രഖ്യാപിച്ചു. കിഴക്കൻ പ്രവിശ്യ, റിയാദ്, വടക്കൻ അതിർത്തികൾ, ഖസീം, ഹാഇൽ, അസീർ, അൽ ബാഹ, മക്ക, മദീന എന്നീവിടങ്ങളിലാണ് അതിശക്തമായ മഴ മുന്നറിയിപ്പുള്ളത്. സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റ് പൊതുജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകി. വെള്ളപ്പൊക്കമുണ്ടാകാൻ സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങളിൽ നിന്നും വാദികളിൽ നിന്നും മാറിനിൽക്കണമെന്നും ഔദ്യോഗിക നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ അറിയിച്ചു.


