ശാസ്ത്ര രംഗത്തെ മികവിന് മുഹമ്മദ് ആത്തിഫിന് ആദരവുമായി ‘നിയോ ജിദ്ദ’
text_fieldsമുഹമ്മദ് ആത്തിഫിന് ‘നിയോ ജിദ്ദ’യുടെ ഉപഹാരം കെ.പി.സി.സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്തിന്റെ സാന്നിധ്യത്തിൽ
ഭാരവാഹികൾ കൈമാറുന്നു
ജിദ്ദ: വർഷങ്ങളോളം പ്രവാസിയായ നിലമ്പൂർ ചന്തക്കുന്ന് സ്വദേശി സൈഫു വാഴലിന്റെ മകനും നിലമ്പൂർ ഗവൺമെന്റ് മാനവേദൻ സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിയുമായ മുഹമ്മദ് ആത്തിഫിന്റെ ശാസ്ത്രരംഗത്തുള്ള കഴിവിനെ നിലമ്പൂർ നിവാസികളുടെ ജിദ്ദയിലെ കൂട്ടായ്മയായ ‘നിയോ ജിദ്ദ’ ആദരിച്ചു.
നിലമ്പൂർ ചന്തക്കുന്നിൽ പ്രത്യേകം നടത്തിയ പരിപാടിയിൽ ആത്തിഫിനെ ഫലകം നൽകി ആദരിച്ചു. ചെറുപ്രായത്തിൽ തന്റെ സ്വപ്രയത്നം കൊണ്ട് നിർമിച്ച ഇലക്ട്രിക്ക് സൈക്കിൾ ഓടിച്ചുകൊണ്ട് സ്കൂളിൽ എത്തിയപ്പോൾ അധ്യാപകർ, വിദ്യാർഥികൾ, നാട്ടുകാർ, വീട്ടുകാർ എന്നിവരിലെല്ലാം കൗതുകമുണർത്തി.
ആത്തിഫിന്റെ കഴിവിന്റെ അംഗീകാരമായി നാട്ടിൽ നിയോ നൽകിയ ആദരവ് ചടങ്ങിൽ നിയോ ജിദ്ദ വൈസ് പ്രസിഡന്റ് സലാം ചെമ്മല അധ്യക്ഷതവഹിച്ചു. കെ.പി.സി.സി സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. നിയോ ജിദ്ദ മുൻ പ്രസിഡന്റുമാരായ റഷീദ് വരിക്കോടൻ, ഹുസൈൻ ചുള്ളിയോട്, വി.എ. കരീം, വാർഡ് കൗൺസിലർ ശ്രീജ, ഹെഡ്മാസ്റ്റർ അബ്ദുറഹ്മാൻ, സുരേഷ്, നിയോ ജിദ്ദ കൗൺസിൽ മെംബർമാരായ സി.എച്ച്. അബ്ദുല്ല, വി.പി. റിയാസ്, മുൻ അംഗങ്ങളായ സി.കെ, ഷാജി, റഷീദ് കല്ലായി, മൻസൂർ എടക്കര എന്നിവർ സംസാരിച്ചു.
നിയോ കുടുംബത്തിലെ പ്രവാസികളുടെ മക്കളുടെ ഇത്തരത്തിലുള്ള കഴിവുകളെ പ്രോത്സാഹിപ്പിക്കാൻ നിയോ ജിദ്ദ എന്നും മുന്നിലുണ്ടാകുമെന്ന് ആത്തിഫിന് നൽകിയ സ്വീകരണ വേദിയിൽവെച്ച് ഭാരവാഹികൾ പ്രഖ്യാപിച്ചു.ജനറൽ സെക്രട്ടറി അനസ് നിലമ്പൂർ സ്വാഗതവും മുൻ നിയോ മെംബർ ബഷീർ ചുങ്കത്തറ നന്ദിയും പറഞ്ഞു.