സൗദി തുറമുഖങ്ങളിലൂടെയുള്ള ചരക്കുനീക്കത്തിൽ വൻ വർധന
text_fieldsജിദ്ദ ഇസ്ലാമിക് പോർട്ട്
റിയാദ്: 2024ൽ സൗദിയിലെ തുറമുഖങ്ങളിലൂടെയുള്ള ചരക്കുനീക്കത്തിൽ വൻ വർധന രേഖപ്പെടുത്തി. കയറ്റുമതിയിലും ഇറക്കുമതിയിലും ഗണ്യമായ വർധനയുണ്ടായതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് പുറത്തിറക്കിയ സമുദ്ര ഗതാഗത സ്ഥിതിവിവരക്കണക്ക് ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു.
സൗദി തുറമുഖങ്ങളിലൂടെ എത്തുന്നതും പോകുന്നതുമായ യാത്രക്കാരുടെ ഗതാഗതം, ഇറക്കിയതും കയറ്റിയതുമായ ചരക്കിന്റെ അളവ്, കപ്പൽ ഗതാഗതം എന്നിവയെക്കുറിച്ചുള്ള സമഗ്രവും വിശ്വസനീയവുമായ ഡാറ്റാബേസ് നൽകുന്ന വാർഷിക പ്രസിദ്ധീകരണമാണ് സമുദ്ര ഗതാഗത സ്ഥിതിവിവരക്കണക്ക് ബുള്ളറ്റിൻ.
ജനറൽ പോർട്ട്സ് അതോറിറ്റി, സ്പെഷ്യൽ ഇക്കണോമിക് സിറ്റിസ് ആൻഡ് സോൺസ് അതോറിറ്റി, നിയോം, യാംബു, ജുബൈൽ എന്നിവിടങ്ങളിലെ റോയൽ കമ്മീഷൻ എന്നിവയിൽ നിന്നുള്ള അഡ്മിനിസ്ട്രേറ്റീവ് രേഖകളിൽ നിന്നുള്ള ഡാറ്റയെ അടിസ്ഥാനമാക്കിയാണ് ബുള്ളറ്റിൻ വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നത്.
കഴിഞ്ഞ വർഷം സൗദി തുറമുഖങ്ങളിലൂടെയുള്ള ആകെ ചരക്ക് നീക്കം 331 ദശലക്ഷം ടണ്ണിലധികം രേഖപ്പെടുത്തി. ആകെ കയറ്റുമതി 222.4 ദശലക്ഷം ടണ്ണും ഇറക്കുമതി 108.9 ദശലക്ഷം ടണ്ണോളവുമാണ് രേഖപ്പെടുത്തിയത്. 2023 നെ അപേക്ഷിച്ച് കയറ്റുമതിയിൽ 9.3 ശതമാനവും ഇറക്കുമതിയിൽ 3.6 ശതമാനവും വർധനവ് ഉണ്ടായി.
രാജ്യത്തെ ആകെ കയറ്റുമതിയുടെ 51 ശതമാനവും കൈകാര്യം ചെയ്ത് യാംബുവിലെ കിങ് ഫഹദ് ഇൻഡസ്ട്രിയൽ പോർട്ട് ഒന്നാം സ്ഥാനത്തെത്തി. ഇറക്കുമതിയിൽ 35 ശതമാനവും (ഏകദേശം 38 ദശലക്ഷം ടൺ) കൈകാര്യം ചെയ്തത് ദമ്മാമിലെ കിങ് അബ്ദുൽ അസീസ് പോർട്ട് ആണ്.
തുറമുഖങ്ങൾ വഴി കൈകാര്യം ചെയ്ത ആകെ ചരക്കുകളുടെ അളവ് 334 ദശലക്ഷം ടണ്ണിലധികം ആണ്. ഇതിൽ 39.7 ശതമാനം കൈകാര്യം ചെയ്തതും യാംബു കിങ് ഫഹദ് ഇൻഡസ്ട്രിയൽ പോർട്ടാണ്. സ്റ്റാൻഡേർഡ് കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്യുന്നതിൽ കിങ് അബ്ദുൽ അസീസ് പോർട്ട് ദമ്മാം ഒന്നാം സ്ഥാനത്തെത്തി. രാജ്യത്തെ മൊത്തം കണ്ടെയ്നർ നീക്കത്തിന്റെ 51.1 ശതമാനവും ഇവിടെയാണ് കൈകാര്യം ചെയ്തത്.
ദ്രാവക ചരക്കുകളിൽ ഏറ്റവും കൂടുതൽ കൈകാര്യം ചെയ്തത് 177 ദശലക്ഷം ടണ്ണിലധികം ദ്രാവക ബൾക്ക് ചരക്കുകളാണ്. സൗദി തുറമുഖങ്ങളിൽ 8,693 കപ്പലുകളാണ് കഴിഞ്ഞ വർഷം എത്തിയത്. ഇതിൽ 3,805 കപ്പലുകളെത്തിയ ജിദ്ദ ഇസ്ലാമിക് പോർട്ട് ഒന്നാം സ്ഥാനത്തെത്തി.
എന്നാൽ തുറമുഖങ്ങൾ വഴിയുള്ള യാത്രക്കാരുടെ എണ്ണത്തിൽ 2023 നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം 19.6 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. ആകെ 9,13,000 യാത്രക്കാരാണ് കഴിഞ്ഞ വർഷം തുറമുഖങ്ങളിലൂടെ വന്നതും പോയതും. ഇവരിൽ 4,85,000 ത്തിലധികം യാത്രക്കാരെ കൈകാര്യം ചെയ്ത് ജിസാൻ പോർട്ടാണ് യാത്രാ ഗതാഗതത്തിൽ ഒന്നാം സ്ഥാനത്തെത്തിയത്.