സൗദി തൊഴിൽമേളയിൽ വൻ പങ്കാളിത്തം
text_fieldsജിദ്ദ സൂപ്പർ ഡോമിൽ നടന്ന തൊഴിൽ മേള
ജിദ്ദ: കിങ് അബ്ദുൽ അസീസ് യൂനിവേഴ്സിറ്റി നേതൃത്വത്തിൽ ജിദ്ദ സൂപ്പർഡോമിൽ സംഘടിപ്പിച്ച പതിമൂന്നാമത് കരിയർ ഫോറത്തിൽ തൊഴിലന്വേഷകരുടെ വൻ തിരക്ക്. ഫോറം ആരംഭിച്ച് ആദ്യ മണിക്കൂറുകളിൽ ആറായിരത്തോളം അപേക്ഷകരാണ് എത്തിയത്.
85-ലധികം പ്രമുഖ കമ്പനികൾ പങ്കെടുത്ത മേളയിൽ പുലർച്ചെ മുതൽ തന്നെ ഉദ്യോഗാർഥികളുടെ വലിയ ഒഴുക്കാണ് അനുഭവപ്പെട്ടത്. ദേശീയ പ്രതിഭകളെയും തൊഴിലുടമകളെയും ഒരുമിച്ച് കൊണ്ടുവരുന്ന വേദിയായി മാറിയ ഈ സംഗമം, നേരിട്ടുള്ള നെറ്റ്വർക്കിങ്ങിനും കരിയർ പര്യവേഷണത്തിനും മികച്ച അവസരമാണ് ഒരുക്കിയത്.
സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ ആകർഷിക്കുന്നതിനായി ഇത്തവണ ജിദ്ദ സൂപ്പർ ഡോമിലാണ് വിപുലമായ സൗകര്യങ്ങളോടെ പരിപാടി സംഘടിപ്പിച്ചത്. ദേശീയ പ്രതിഭകളെ ശാക്തീകരിക്കുന്നതിനും ബിരുദധാരികളെ ആത്മവിശ്വാസത്തോടെയും കാര്യക്ഷമതയോടെയും തൊഴിൽ വിപണിയിൽ പ്രവേശിക്കാൻ സജ്ജമാക്കുന്നതിനുമായി സർവകലാശാല നടത്തുന്ന ഏറ്റവും പ്രധാനപ്പെട്ട സംരംഭങ്ങളിലൊന്നാണിത്.
തൊഴിൽ അവസരങ്ങൾക്കും പരിശീലന പരിപാടികൾക്കും പുറമെ, ഉദ്യോഗാർഥികളുടെ പ്രഫഷനൽ സന്നദ്ധത വർധിപ്പിക്കുന്നതിനുള്ള പ്രത്യേക വർക്ക്ഷോപ്പുകളും മാർഗനിർദേശ സെഷനുകളും ഫോറത്തിെൻറ ഭാഗമായി നടന്നു.
ആദ്യ മണിക്കൂറുകളിൽ തന്നെ ലഭിച്ച അസാധാരണമായ ഈ പ്രതികരണം പ്രഫഷനൽ പ്ലാറ്റ്ഫോമിലുള്ള ഉയർന്ന വിശ്വാസത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് പരിപാടിയുടെ എക്സിക്യൂട്ടിവ് ഡയറക്ടർ സുഹൈൽ ബിൻ ബക്കർ അൽതയ്യാർ പറഞ്ഞു. വിവിധ മേഖലകളിലായി യോഗ്യതയുള്ളതും മത്സരാധിഷ്ഠിതവുമായ ഒരു തലമുറയെ കെട്ടിപ്പടുക്കുന്നതിലൂടെ സൗദി വിഷൻ 2030-െൻറ ലക്ഷ്യങ്ങളെ പിന്തുണക്കാനാണ് കിങ് അബ്ദുൽ അസീസ് സർവകലാശാല ഇത്തരം സംരംഭങ്ങളിലൂടെ ശ്രമിക്കുന്നതെന്നും അൽ തയ്യാർ കൂട്ടിച്ചേർത്തു.


