മദീനയിൽ ലൈസൻസില്ലാതെ വേട്ടയാടൽ; രണ്ട് സ്വദേശികൾ അറസ്റ്റിൽ
text_fieldsലൈസൻസില്ലാതെ വേട്ടയാടിയ പ്രതികളെ മദീന പരിസ്ഥിതി പട്രോളിങ് വിഭാഗം
അറസ്റ്റ് ചെയ്തപ്പോൾ
മദീന: ലൈസൻസില്ലാതെ വേട്ടയാടിയതിന് രണ്ട് സ്വദേശി പൗരന്മാരെ മദീന പരിസ്ഥിതി പട്രോളിങ് വിഭാഗം അറസ്റ്റ് ചെയ്തു. പ്രതികളിൽനിന്ന് ഷോട്ട് ഗൺ, വേട്ടയാടപ്പെട്ട 49 വന്യജീവികൾ എന്നിവ പിടികൂടി. പ്രതികളെ അറസ്റ്റ് ചെയ്ത പൊലീസ് അനന്തര നിയമ നടപടികളെടുക്കാൻ ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറി. വന്യജീവികളെ വേട്ടയാടുന്നത് നിരോധിക്കുന്ന പരിസ്ഥിതി സംവിധാനത്തോടും പ്രത്യേക ചട്ടങ്ങളോടുമുള്ള പ്രതിബദ്ധത പരിസ്ഥിതി സുരക്ഷയുടെ പ്രത്യേക സേന ഊന്നിപ്പറഞ്ഞു.
വേട്ടയാടലിൽ ഷോട്ട്ഗൺ ഉപയോഗിക്കുന്നവർക്കുള്ള പിഴ ഒരു ലക്ഷം റിയാലും ലൈസൻസില്ലാതെ വേട്ടയാടുന്നതിനുള്ള പിഴ 10,000 റിയാലുമാണെന്ന് അതോറിറ്റി വ്യക്തമാക്കി. വേട്ടയാടൽ നിരോധിച്ചിട്ടുള്ള സ്ഥലങ്ങളിൽ വേട്ടയാടിയാൽ 5,000 റിയാൽ പിഴയാണെന്നും ലൈസൻസില്ലാതെ പക്ഷികളെ വേട്ടയാടിയാൽ പിഴ 1,500 റിയാൽ ആണെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
പരിസ്ഥിതിക്കോ വന്യജീവികൾക്കോ നേരെയുള്ള ആക്രമണമായി കണക്കാക്കപ്പെടുന്ന ഏതൊരു കേസും മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽനിന്ന് ശ്രദ്ധയിൽ പെട്ടവർ 911 എന്ന നമ്പറിലും രാജ്യത്തിന്റെ മറ്റു പ്രദേശങ്ങളിൽനിന്നാണെങ്കിൽ 999, 996 എന്നീ നമ്പറുകളിലും റിപ്പോർട്ട് ചെയ്യണമെന്ന് പൊതുജനങ്ങളോട് അധികൃതർ അഭ്യർഥിച്ചു. എല്ലാ റിപ്പോർട്ടുകളും റിപ്പോർട്ടറുടെ ഭാഗത്തുനിന്ന് യാതൊരു ബാധ്യതയുമില്ലാതെ പൂർണ രഹസ്യസ്വഭാവത്തോടെയാണ് കൈകാര്യം ചെയ്യുകയെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.


