പ്രവാസികൾ പൊരുതിനേടിയ വോട്ടവകാശം
text_fieldsഇലക്ഷൻ കമീഷൻ വെബ്സൈറ്റിലെ പ്രവാസി വോട്ട് ചേർക്കാനുള്ള ടാബ്
റിയാദ്: ഇന്ത്യയിൽ വോട്ടവകാശം ഇല്ലാത്തത് പ്രധാനമായും മൂന്ന് തരം ആളുകൾക്കാണ്. ബുദ്ധിസ്ഥിരതയില്ലാത്തവർ, ക്രിമിനൽ കുറ്റകൃത്യങ്ങളിൽ പ്രതിയായവർ, അഴിമതിയിലോ നിയമരഹിത പ്രവർത്തനങ്ങളിലോ ഏർപ്പെട്ടവർ തുടങ്ങിയവർ. എന്നാൽ 14 വർഷം മുമ്പ് ഈ ലിസ്റ്റിൽ ഒരു കൂട്ടർ കൂടിയുണ്ടായിരുന്നു, പ്രവാസികൾ. ഇന്ത്യൻ പൗരന്മാരായിട്ടും വോട്ടവകാശമില്ലായിരുന്നു. അതായത്, നാട് ആര് ഭരിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശമില്ലാത്ത പൗരന്മാർ.
14 വർഷം മുമ്പ് യു.പി.എ ഭരണകാലത്താണ് ഒരു ഭരണഘടന ഭേദഗതിയിലൂടെയാണ് പ്രവാസികൾക്ക് വോട്ടവകാശം സ്ഥാപിച്ചുതന്നത്. പ്രവാസി വോട്ടവകാശം അനുവദിച്ചുകൊണ്ടുള്ള നിയമഭേദഗതി 2010ലാണ് നിലവിൽവന്നത്. 1950ലെ ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്താണ് വിദേശത്ത് താമസിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് വോട്ടർപട്ടികയിൽ പേര് ചേർക്കാൻ അവസരം നൽകിയത്.
എന്നാൽ, ഈ നിയമപ്രകാരം വോട്ട് ചെയ്യണമെങ്കിൽ, വോട്ടർപട്ടികയിൽ പേര് ചേർത്ത പ്രവാസി (എൻ.ആർ.ഐ) തെരഞ്ഞെടുപ്പ് സമയത്ത് സ്വന്തം മണ്ഡലത്തിൽ നേരിട്ട് ഹാജരായി വോട്ട് രേഖപ്പെടുത്തണം. ഇതിനുശേഷം, 2014ലെ ലോക്സഭ തെരഞ്ഞെടുപ്പിലാണ് പ്രവാസികൾക്ക് ആദ്യമായി ഈ അവകാശം വിനിയോഗിക്കാൻ അവസരം ലഭിച്ചത്.
പ്രവാസി വോട്ടവകാശത്തിനുവേണ്ടി സുപ്രീം കോടതിയിൽ വരെ കേസ് നടന്നിട്ടുണ്ട്. പ്രവാസി വോട്ടവകാശം സംബന്ധിച്ച നിയമഭേദഗതിക്ക് കേന്ദ്ര സർക്കാറിന് മേൽ സമ്മർദം ചെലുത്തുന്നതിൽ നിർണായകമായത് ഈ കേസുകളാണ്. നിരവധി പ്രവാസി സംഘടനകളും രാഷ്ട്രീയ പാർട്ടികളും വർഷങ്ങളായി ഈ വിഷയത്തിൽ പ്രവർത്തിക്കുകയും സർക്കാറിന് നിവേദനങ്ങൾ സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. പ്രവാസി വോട്ടവകാശം യാഥാർഥ്യമാക്കുന്നതിൽ സുപ്രീം കോടതിയുടെ ഇടപെടൽ നിർണായകമായിരുന്നു.
വിദേശത്ത് താമസിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് വോട്ടവകാശം നിഷേധിക്കുന്നത് മൗലികാവകാശ ലംഘനമാണ് എന്ന് ചൂണ്ടിക്കാട്ടിയുള്ള ഹർജികൾ പരിഗണിച്ച സുപ്രീം കോടതി, വിഷയത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ കേന്ദ്ര സർക്കാറിനും തിരഞ്ഞെടുപ്പ് കമീഷനും നിർദേശം നൽകി. ഇതാണ് 2010ലെ നിയമനിർമാണത്തിലേക്ക് നയിച്ച പ്രധാന ഘടകം. നിലവിൽ, പ്രവാസികൾക്ക് അവരുടെ മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്താൻ നേരിട്ട് ഹാജരാകണം എന്ന വ്യവസ്ഥയിൽ ഇളവ് നൽകി, പ്രോക്സി വോട്ടിങ് അല്ലെങ്കിൽ ഇ-പോസ്റ്റൽ ബാലറ്റ് പോലുള്ള സംവിധാനങ്ങൾ അനുവദിക്കണമെന്ന ആവശ്യവും കോടതിയുടെ പരിഗണനയിൽ വന്നിട്ടുണ്ട്. ഈ ആവശ്യങ്ങൾ നടപ്പാക്കുന്നതിനായി തെരഞ്ഞെടുപ്പ് കമീഷൻ ശിപാർശകൾ നൽകുകയും ചെയ്തിരുന്നു. പ്രവാസികൾക്ക് വോട്ടേഴ്സ് ലിസ്റ്റിൽ പേര് ചേർക്കാൻ ‘ഫോം സിക്സ് എ’യിലാണ് അപേക്ഷ നൽകേണ്ടത്. ഓൺലൈനായും പേര് ചേർക്കാം. https://voters.eci.gov.in/ എന്ന വെബ്സൈറ്റിൽ അതിനുള്ള സൗകര്യമുണ്ട്.


