‘ഇൻ ദ ലവ് ഓഫ് ഖാലിദ് അൽ-ഫൈസൽ’ പ്രദർശനം ആരംഭിച്ചു
text_fields‘ഇൻ ദ ലവ് ഓഫ് ഖാലിദ് അൽ-ഫൈസൽ’ പ്രദർശനം മക്ക ഡെപ്യുട്ടി ഗവർണർ അമീർ സുഊദ് ബിൻ മിശ്അൽ കാണുന്നു
ജിദ്ദ : ജിദ്ദ സീസൺ 2025 പ്രവർത്തനങ്ങളുടെ ഭാഗമായി ‘ഇൻ ദ ലവ് ഓഫ് ഖാലിദ് അൽ-ഫൈസൽ’ പ്രദർശനം ആരംഭിച്ചു. പ്രദർശനത്തിന്റെ ഉദ്ഘാടനം മക്ക ഡെപ്യൂട്ടി ഗവർണർ അമീർ സുഊദ് ബിൻ മിശ്അൽ നിർവഹിച്ചു.
അമീർ തുർക്കി ബിൻ ഫൈസൽ, നിരവധി അമീറുമാർ, അമീർ ഖാലിദ് അൽഫൈസലിന്റെ സഹോദരന്മാർ, പുത്രന്മാർ, പേരക്കുട്ടികൾ എന്നിവർ സന്നിഹിതരായിരുന്നു. ഉദ്ഘാടന ശേഷം ഡെപ്യൂട്ടി ഗവർണർ പ്രദർശനം കണ്ടു.
ജിദ്ദയിലെ അബാദി അൽജൗഹർ അരീന തീയറ്ററിൽ നടക്കുന്ന പ്രദർശനം ഏപ്രിൽ എട്ട് വരെ നീണ്ടുനിൽക്കും.ദിവസവും വൈകീട്ട് നാലു മുതൽ രാത്രി 11 വരെ സന്ദർശകരെ സ്വീകരിക്കും.
മക്ക ഗവർണർ അമീർ ഖാലിദ് അൽഫൈസലിന്റെ സർഗാത്മകതയുടെയും നേട്ടങ്ങളുടെയും യാത്ര വിവരിക്കുന്നതാണ് പ്രദർശനം. അദ്ദേഹത്തിന്റെ ജീവചരിത്രം നൂതനമായ ദൃശ്യസൃഷ്ടികളിലൂടെ അവതരിപ്പിക്കുന്നു. അദ്ദേഹത്തിന്റെ കവിതയും ചിത്രരചനയും സംയോജിപ്പിക്കുകയും ദേശീയവും ബൗദ്ധികവും സർഗാത്മകവുമായ നാഴികക്കല്ലുകളെ ഉയർത്തിക്കാട്ടുകയും ചെയ്യുന്നു.
അദ്ദേഹം വഹിച്ച വിവിധ സ്ഥാനങ്ങളിലെ നേട്ടങ്ങളും ഭരണകൂടത്തിന്റെ പിന്തുണയിലും മാർഗനിർദേശത്തിലും ദേശീയ വികസനത്തിന് അദ്ദേഹം നൽകിയ സംഭാവനകൾക്കും പുറമെ അദ്ദേഹത്തിന്റെ മാനുഷിക മൂല്യങ്ങൾക്കും പ്രചോദനാത്മക സന്ദേശങ്ങളും പ്രദർശനം എടുത്തുകാണിക്കുന്നു. പരമ്പരാഗത കലകളെ സംവേദനാത്മക ഡിജിറ്റൽ സാങ്കേതിക വിദ്യകളുമായി സംയോജിപ്പിക്കുന്ന ആധുനിക രൂപകൽപ്പനയിലാണ് ഇവ അവതരിപ്പിക്കുന്നത്. ഇത് സന്ദർശകരുടെ ഓർമ്മയെ സമ്പന്നമാക്കുകയും മനസ്സാക്ഷിയെ സ്പർശിക്കുകയും ചെയ്യുന്നു.
ആഴത്തിലുള്ള അനുഭവം അവർക്കുണ്ടാക്കുകയും ചെയ്യുന്നു. ഇബാദി അൽജൗഹർ തിയേറ്റർ ആതിഥേയത്വം വഹിച്ച ‘വാളിന്റെ രാത്രി’ ഗാനസന്ധ്യയോടൊപ്പമായിരുന്നു പ്രദർശനത്തിന്റെ ലോഞ്ച്. അമീർ ഖാലിദ് ബിൻ ഫൈസലിന്റെ കവിതകൾ ആലപിച്ച കലാകാരന്മാർ ഗാനസന്ധ്യയിൽ പങ്കെടുത്തു.