ഉംറ തീർഥാടകരുടെയും സന്ദർശകരുടെയും എണ്ണത്തിൽ വർധന -ഹജ്ജ് ഉംറ മന്ത്രി
text_fieldsമദീനയിൽ ഉംറ, സിയാറ സമ്മേളനത്തിൽ സൗദി ഹജ്ജ് ഉംറ മന്ത്രി തൗഫീഖ് അൽ റബീഅ സംസാരിക്കുന്നു
മദീന: ഈ വർഷം ആദ്യ മൂന്നുമാസത്തിനിടെ ഉംറ നിർവഹിച്ച മൊത്തം വിദേശ, ആഭ്യന്തര തീർഥാടകരുടെ എണ്ണം 65 ലക്ഷത്തിലധികമായി ഉയർന്നു. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിലെ നിരക്കിനെ അപേക്ഷിച്ച് 11 ശതമാനം വർധനവാണ് ഇതെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അൽ റബീഅ പറഞ്ഞു. മദീനയിൽ ഉംറ, സിയാറ ഫോറത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ റമദാൻ മാസത്തിൽ ഇരുഹറമുകളിലും നമസ്കാരത്തിനെത്തിയ തീർഥാടകരുടെയും സന്ദർശകരുടെയും ആരാധകരുടെയും എണ്ണം 12.2 കോടി കവിഞ്ഞതായും ഉംറ മന്ത്രി സൂചിപ്പിച്ചു.
സന്ദർശകരുടെ എണ്ണത്തിൽ ആഗോളതലത്തിൽ അഞ്ചാം സ്ഥാനത്താണ് മക്ക. യൂറോമോണിറ്റർ ഇന്റർനാഷനലിന്റെ 2024ലെ റിപ്പോർട്ട് അനുസരിച്ച് ടൂറിസം പ്രകടന സൂചികയിൽ ആഗോളതലത്തിൽ ഏഴാം സ്ഥാനത്താണ് മദീന. മക്ക-മദീന ഹറമൈൻ അതിവേഗ റെയിൽവേ യാത്രക്കാരുടെ എണ്ണത്തിലും വർധന രേഖപ്പെടുത്തി. 2022ൽ 33 ലക്ഷം യാത്രക്കാരിൽനിന്ന് 2024ൽ 88 ലക്ഷമായി ഉയർന്നു. ഇത് തീർഥാടകർക്കും സന്ദർശകർക്കും നൽകുന്ന ഗതാഗത സേവനങ്ങളുടെ നിലവാരത്തിലെ തുടർച്ചയായ പുരോഗതിയെ പ്രതിഫലിപ്പിക്കുന്നുവെന്നും അൽ റബീഅ അഭിപ്രായപ്പെട്ടു.
മസ്ജിദുന്നബവിയിലെ ‘റൗദ’ സന്ദർശിക്കുന്നവരുടെ ദൈനംദിന എണ്ണം 52,000 ആയി വർധിപ്പിച്ചിട്ടുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. 1.8 കോടിയിലധികം ഉപയോക്താക്കൾക്ക് 100ലധികം സേവനങ്ങൾ നൽകി നുസുക് ആപ് വികസിപ്പിച്ചതായും മന്ത്രി കൂട്ടിച്ചേർത്തു. മക്കയിലും മദീനയിലും 55 ചരിത്രസ്ഥലങ്ങൾ നവീകരിച്ചു. തീർഥാടകരുടെയും സന്ദർശകരുടെയും അനുഭവം സമ്പന്നമാക്കാനും സുരക്ഷിതമാക്കാനും എല്ലാ മുന്നൊരുക്കവും പൂർത്തിയാക്കിയതായും അദ്ദേഹം വെളിപ്പെടുത്തി.
ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളിൽനിന്നുള്ള 8,000 ഉംറ ഏജന്റുമാരും 330 സൗദി ഉംറ കമ്പനികളും ഈ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു. കിങ് സൽമാൻ ഇന്റർനാഷനൽ കോൺഫറൻസ് സെന്ററിൽ ഹജ്ജ്, ഉംറ മന്ത്രാലയം സംഘടിപ്പിച്ച പരിപാടി മദീന അമീർ സൽമാൻ ബിൻ സുൽത്താനാണ് ഉദ്ഘാടനം ചെയ്തത്.