വിദേശ ഇന്ത്യൻ പൗരന്മാർക്ക് മാത്രമായുള്ള വർധിത വസ്തു വിൽപന നികുതി തീവെട്ടിക്കൊള്ള; ഇനിയും സഭയിൽ അവതരിപ്പിക്കുമെന്ന് ഷാഫി പറമ്പിൽ
text_fieldsഷാഫി പറമ്പിൽ ജിദ്ദയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുന്നു. ഒ.ഐ.സി.സി ജിദ്ദ നേതാക്കൾ സമീപം.
ജിദ്ദ: വിദേശത്ത് ജോലിചെയ്യുന്ന ഇന്ത്യൻ പൗരന്മാർക്ക് തങ്ങളുടെ വസ്തുവകകൾ വിൽപന നടത്തുമ്പോൾ ഇന്ത്യക്കകത്തുള്ള പൗരന്മാരേക്കാൾ ഉയർന്ന തോതിൽ നികുതി അടക്കേണ്ടിവരുന്നത് തീവെട്ടിക്കൊള്ളയാണെന്ന് ഷാഫി പറമ്പിൽ എം.പി. ജിദ്ദയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ അനീതിക്കെതിരെ താനുൾപ്പടെയുള്ള ജനപ്രതിനിധികൾ പാർലിമെന്റിൽ ശബ്ദമുയർത്തിയതാണ്. എന്നാൽ ഒരു രാത്രി ഇരുട്ടിവെളുക്കുമ്പോഴേക്കും പ്രശ്നത്തിന് പരിഹാരം ഉണ്ടാവുമെന്ന് കരുതുന്നില്ല. അതുകൊണ്ട് ഇനിയും ഇക്കാര്യം ശക്തമായി തന്നെ സഭയിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മക്കയിലെ ഇന്ത്യൻ സമൂഹം അഭിമുഖീകരിക്കുന്ന വലിയ പ്രശ്നമാണ് അവിടെയുള്ള കുട്ടികൾക്ക് പഠനത്തിനായി ജിദ്ദയിലേക്ക് കിലോമീറ്ററുകൾ താണ്ടി ദിവസവും യാത്ര ചെയ്യേണ്ടിവരുന്നുവെന്നത്. ഇക്കാര്യത്തിൽ പെട്ടെന്ന് തന്നെ പരിഹാരമായി മക്ക ഹറം പരിധിക്ക് പുറത്തായെങ്കിലും ഒരു കമ്മ്യൂണിറ്റി സ്‌കൂൾ ഉണ്ടാവേണ്ടതിന്റെ ആവശ്യകത ജിദ്ദയിലെ ഇന്ത്യൻ കോൺസുൽ ജനറലിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം ആവശ്യം ഉന്നതതലത്തിൽ ചർച്ച ചെയ്യാമെന്ന് അറിയിച്ചിട്ടുണ്ട്.
സൗദിയിൽ പ്ലസ് ടൂ വിദ്യാഭ്യാസം കഴിഞ്ഞാൽ ഇന്ത്യൻ വിദ്യാർഥികൾക്ക് ഉന്നത പഠനത്തിന് സൗകര്യം ഇല്ല എന്നതും ഇന്ത്യയിലെ പല പ്രധാനപ്പെട്ട കോഴ്‌സുകൾക്കും സൗദിയിൽ അംഗീകാരം ഇല്ലെന്ന പ്രശ്നവും കോൺസുൽ ജനറലിന്റെ ശ്രദ്ധയിൽ പെടുത്തിയതായും ആവശ്യമായ നടപടികൾ ഉണ്ടാവേണ്ടതുണ്ട്.
കോഴിക്കോട് വിമാനത്താവളത്തോടുള്ള കേന്ദ്ര സർക്കാറിന്റെ ചിറ്റമ്മനയത്തിന് പിന്നിൽ ചില വിമാനക്കമ്പനി ലോബികളുടെ കളികളാണെന്നും ഇവിടെ നിന്നുള്ള വിമാന ടിക്കറ്റിന് മറ്റു വിമാനത്താവളങ്ങളെക്കാൾ ഇരട്ടി തുക ഈടാക്കുന്ന വിഷയമടക്കം മറ്റു ജനപ്രതിനിധികളുമായി ചേർന്ന് സഭയിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ മറ്റേതൊരു ഹജ്ജ് എംബാർക്കേഷൻ പോയിന്റിൽ നിന്നുമുള്ള ചാർജ്ജിനേക്കാൾ എത്രയോ അധികമാണ് കോഴിക്കോട് നിന്നും തീർഥാടകരിൽ നിന്ന് ഈടാക്കുന്നത് എന്ന വിഷയം ജിദ്ദ ഇന്ത്യൻ കോൺസുൽ ജനറലിനെ പോലും അത്ഭുതപ്പെടുത്തിയതായും വിഷയം ഗൗരവമുള്ളതാണെന്നും പരിഹരിക്കേണ്ടതാണെന്നും കോൺസുൽ ജനറൽ അഭിപ്രായപ്പെട്ടതായും ഷാഫി പറഞ്ഞു.
ഹജ്ജ് സമയത്ത് പ്രാദേശികമായി ഹജ്ജ് സേവനത്തിന് സന്നദ്ധരായി വരുന്ന വിവിധ സംഘടനകളിലെ നിസ്വാർത്ഥരായ വളണ്ടിയർമാർക്ക് കോൺസുലേറ്റിന്റെ പിന്തുണയോടെ അതിനുള്ള സൗകര്യം ചെയ്തുകൊണ്ടുക്കുകയാണെങ്കിൽ അത് ഹാജിമാർക്ക് ഏറെ ഉപകാരപ്രദമാവുമെന്ന് കോൺസുൽ ജനറലിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാതിവില തട്ടിപ്പിൽ ജനപ്രതിനിധികൾ അകപ്പെട്ടിട്ടുണ്ടെങ്കിൽ അത് മനപ്പൂർവം ആയിരിക്കില്ലെന്നും താൻ പോലും അതിൽ നിന്നും രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടാണ്. തങ്ങളുടെ മണ്ഡലത്തിലെ അർഹരായ ആളുകൾക്ക് സഹായമായി ആരെങ്കിലും എന്തെങ്കിലും വാഗ്ദാനം ചെയ്താൽ അതിന്റെ എല്ലാ വശങ്ങളും പരിശോധിച്ചിട്ടാവില്ല അതിനോട് യോജിക്കുന്നത്. ഇക്കാര്യത്തിലും അത് തന്നെയായിരിക്കും സംഭവിച്ചിട്ടുണ്ടാവുക.
ശശി തരൂരിന്റെ വിവാദ പ്രസ്താവനകളോടും തുടർന്ന് വന്ന മറ്റു നേതാക്കളുടെ പ്രസ്താവനകളോടുമൊന്നും പ്രതികരിക്കാനില്ലെന്നും ചോദ്യത്തിന് മറുപടിയായി ഷാഫി പറമ്പിൽ പറഞ്ഞു.
ഒ.ഐ.സി.സി ജിദ്ദ നേതാക്കളായ ഹക്കീം പാറക്കൽ, ഷരീഫ് അറക്കൽ, സഹീർ മാഞ്ഞാലി, രാധാകൃഷ്ണൻ കാവുമ്പായി, അലി തേക്ക് തോട്, ആസാദ് പോരൂർ, ഷൗക്കത്ത് പരപ്പനങ്ങാടി, ഷമീർ നദ്‌വി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.