നിർമിതബുദ്ധിയുടെ ധാർമിക ഉപയോഗം പ്രോത്സാഹിപ്പിക്കൽ; ഇന്ത്യ-സൗദി സഹകരണം ശക്തമാകുന്നതായി അംബാസഡർ
text_fieldsഇന്ത്യൻ അംബാസഡർ വിപുൽ ‘ഗൾഫ് മാധ്യമ’ത്തോട് സംസാരിക്കുന്നു
റിയാദ്: നിർമിതബുദ്ധി (എ ഐ) രംഗത്തെ പുതിയ മുന്നേറ്റങ്ങൾ സുരക്ഷിതവും നീതിയുക്തവും ഏവർക്കും പ്രാപ്യവുമാണെന്ന് ഉറപ്പാക്കാൻ ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള സാങ്കേതിക സഹകരണം വേഗത്തിൽ വിപുലീകരിക്കുന്നതായി സൗദിയിലെ ഇന്ത്യൻ അംബാസഡർ വിപുൽ വ്യക്തമാക്കി.
റിയാദിൽ നടന്ന നാലാമത് ‘യുനെസ്കോ ഗ്ലോബൽ ഫോറം ഓൺ ദി എത്തിക്സ് ഓഫ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ്’ സമ്മേളനത്തിൽ ഇന്ത്യൻ പ്രതിനിധി സംഘത്തെ നയിച്ച അദ്ദേഹം ‘ഗൾഫ് മാധ്യമ’ത്തോട് സംസാരിക്കുകയായിരുന്നു.
ഉത്തരവാദിത്തമുള്ള എഐ ഭരണം ഇരുരാജ്യങ്ങൾക്കും നിർണായകമായ മുൻഗണനയാണെന്ന് അംബാസഡർ ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘എഐ ഫോർ ഓൾ’ (ഏവർക്കും നിർമിതബുദ്ധി) എന്ന കാഴ്ചപ്പാട് ചൂണ്ടിക്കാണിച്ച അദ്ദേഹം, സാങ്കേതിക വികസനം നീതിയുക്തമായ പങ്കാളിത്തം ഉറപ്പാക്കുന്നതിലും ആഗോള സമൂഹത്തിന് മുഴുവൻ പ്രയോജനം ചെയ്യുന്നതിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് വ്യക്തമാക്കി.
ഇന്ത്യയിലെ ‘എ.ഐ ഇംപാക്ട് സമ്മിറ്റ്’ സംഘാടനത്തെക്കുറിച്ച് പരാമർശിച്ച അംബാസഡർ, നിയന്ത്രണ ചട്ടക്കൂടുകൾ, ധാർമികമായ ഉപയോഗം, ജനങ്ങൾ, ഭൂമി, പുരോഗതി എന്നീ മൂന്ന് പ്രധാന തൂണുകളിലൂന്നിയുള്ള സാങ്കേതിക വികസനം എന്നിവയ്ക്കാണ് ഇതിൽ ഊന്നൽ നൽകിയതെന്ന് പറഞ്ഞു. ഇന്ത്യയുടെ ദേശീയ എ.ഐ ഭരണ ചട്ടക്കൂട്, എ.ഐ സുരക്ഷിതവും നീതിയുക്തവുമാണെന്ന് ഉറപ്പാക്കുന്നതിനുള്ള യുനെസ്കോയുടെ ആഗോള നിർദ്ദേശങ്ങളുമായി കൃത്യമായി പൊരുത്തപ്പെടുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്തത്തിെൻറ വിശാലമായ പശ്ചാത്തലത്തിലാണ് ഈ സഹകരണത്തെ അദ്ദേഹം വിലയിരുത്തിയത്. പ്രധാന വികസ്വര സാമ്പത്തിക ശക്തികൾ എന്ന നിലയിലും ജി20, ബ്രിക്സ് തുടങ്ങിയ അന്താരാഷ്ട്ര കൂട്ടായ്മകളിലെ സജീവ അംഗങ്ങൾ എന്ന നിലയിലും, ആഗോള എ.ഐ ധാർമികത രൂപപ്പെടുത്തുന്നതിനും ഗ്ലോബൽ സൗത്തിെൻറ വികസന ആവശ്യങ്ങളെ പിന്തുണക്കുന്നതിനും ഇരുരാജ്യങ്ങൾക്കും വലിയ ശേഷിയുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
എ.ഐ മേഖലയിലെ സാമ്പത്തിക ബന്ധങ്ങൾ ഇതിനകം തന്നെ പ്രായോഗിക തലത്തിൽ എത്തിക്കഴിഞ്ഞു. ആരോഗ്യം, വിദ്യാഭ്യാസം, സാമ്പത്തിക സാങ്കേതികവിദ്യ (ഫിൻടെക്) തുടങ്ങിയ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇന്ത്യൻ ടെക് കമ്പനികളും സ്റ്റാർട്ടപ്പുകളും സൗദി അറേബ്യയിലേക്ക് തങ്ങളുടെ പ്രവർത്തനം സജീവമായി വ്യാപിപ്പിക്കുകയും, ഇന്ത്യയിൽ വിജയിച്ച മാതൃകകൾ സൗദി വിപണിക്ക് അനുയോജ്യമായ രീതിയിൽ നടപ്പാക്കുകയും ചെയ്യുന്നുണ്ട്.
എ.ഐ ധാർമികതയിൽ യുനെസ്കോ നൽകുന്ന നേതൃത്വത്തെ പ്രശംസിച്ച അംബാസഡർ വിപുൽ, നിർമിതബുദ്ധിയുടെ പോസിറ്റീവായ സാമൂഹിക ആഘാതം പരമാവധി വർദ്ധിപ്പിക്കുന്നതിന് സൗദി അറേബ്യയോടും മറ്റ് ആഗോള പങ്കാളികളോടും ഒപ്പം ചേർന്ന് പ്രവർത്തിക്കാനുള്ള ഇന്ത്യയുടെ പ്രതിബദ്ധത ആവർത്തിച്ചു.


