ഇന്ത്യക്ക് ഫുട്ബാളിൽ പ്രതീക്ഷിക്കാനേറെ -ഇവാൻ വുകോമനോവിച്ച്
text_fieldsഇവാൻ വുകോമനോവിച്ച് മീഡിയവൺ സൂപ്പർ കപ്പ് ഉദ്ഘാടന ചടങ്ങിൽ
സംസാരിക്കുന്നു
റിയാദ്: മീഡിയവൺ സൂപ്പർ കപ്പ് സീസൺ ത്രീ ഉദ്ഘാടനത്തിനായി റിയാദിലെത്തിയ കേരള ബ്ലാസ്റ്റേഴ്സ് മുൻ പരിശീലകനായ ഇവാൻ വുകോമനോവിച്ച് ‘ഗൾഫ് മാധ്യമ’ത്തോട് സംസാരിച്ചതിന്റെ പ്രസക്തഭാഗങ്ങൾ.
ഇന്ത്യൻ ഫുട്ബാളിന്റെ സാധ്യതകൾ?
കഴിവുള്ള ഫുട്ബാൾ കളിക്കാരുള്ള നാടാണ് ഇന്ത്യ. ഫുട്ബാളിനെ ഇഷ്ടപ്പെടുന്ന പുതുതലമുറയെ കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും കണ്ടിട്ടുണ്ട്. കഴിവുള്ളവരെ ചെറുപ്രായത്തിൽ തന്നെ കണ്ടെത്തി അവർക്ക് ലോകോത്തര നിലവാരത്തിലുള്ള ഗ്രൗണ്ടും പരിശീലനവും നൽകാനുള്ള സംവിധാനങ്ങൾ ഒരുക്കുകയാണ് ഫുട്ബാളിൽ വളരാൻ സാധ്യതകളുള്ള രാജ്യം ചെയ്യേണ്ടത്. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത ഫുട്ബാളിന്റെ വളർച്ചയെ പിന്നോട്ട് വലിക്കും.
ബ്ലാസ്റ്റേഴ്സ് ഓർമകൾ?
ജീവിതത്തിൽ എന്നും ഓർമിക്കാനിഷ്ടപ്പെടുന്ന നിമിഷങ്ങളാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ കോച്ചെന്ന നിലയിൽ ഇന്ത്യയിൽ ചെലവഴിച്ച വർഷങ്ങൾ സമ്മാനിച്ചത്. ലോകത്തിന്റെ ഏത് മൂലയിൽ ചെന്നാലും മലയാളികൾ തന്നെ തിരിച്ചറിയുകയും സ്നേഹം കൊണ്ട് മൂടുകയും ചെയ്യുന്നത് ഭാഗ്യമാണ്. ഇവിടെ റിയാദിൽ ഇപ്പോൾ ലഭിക്കുന്ന സ്വീകരണം തന്നെ മലയാളികളുടെ സ്നേഹത്തിന്റെ ഉത്തമ ഉദാഹരണമാണ്.
കേരള ബ്ലാസ്റ്റേഴ്സിലേക്ക് കോച്ചായി തിരികെയെത്താൻ സന്തോഷമേയുള്ളൂ. ഇപ്പോൾ കുടുംബത്തോടൊപ്പം അവധിയിലാണ്. ഉടൻ തന്നെ ഫുട്ബാളിലേക്ക് തിരിച്ചെത്തും. ഐ.എസ്.എൽ ഫ്രാഞ്ചൈസികളെ കൂടാതെ യൂറോപ്പിൽനിന്നും ക്ഷണം ലഭിച്ചിട്ടുണ്ട്. ഈ വർഷാവസാനത്തോടെ ഗ്രൗണ്ടിൽ സജീവമാവും.
സൗദി ഫുട്ബാളിലെ മാറ്റങ്ങളെക്കുറിച്ച്?
സൗദി അറേബ്യൻ ഫുട്ബാളിലെ മാറ്റങ്ങൾ ഏറെ ആശ്ചര്യത്തോടെയാണ് നോക്കിക്കാണുന്നത്. റൊണാൾഡോ, നെയ്മർ, ബെൻസിമ തുടങ്ങിയ ലോകോത്തര താരങ്ങളുടെ സൗദി പ്രോ ലീഗിലേക്കുള്ള വരവ് സൗദിയെ ലോക ഫുട്ബാൾ ഭൂപടത്തിൽ അടയാളപ്പെടുത്തുന്നതിന് സഹായിച്ചിട്ടുണ്ട്.
2018ൽ ആദ്യമായി സന്ദർശിച്ചതിൽ നിന്നും നിരവധി നല്ല മാറ്റങ്ങളാണ് സൗദിയിൽ എങ്ങും കാണുന്നത്. സൗദി ഫുട്ബാളിലും ഈ മാറ്റങ്ങൾ പ്രകടമാണ്. വരും വർഷങ്ങളിൽ ലോക ഫുട്ബാളിലെ ചലനങ്ങളിൽ സൗദിക്കും വലിയ പങ്കുവഹിക്കാനുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മീഡിയവൺ സൂപ്പർകപ്പ് സീസൺ ത്രീ ഉദ്ഘാടനത്തിനായി റിയാദിലെത്തിയ അദ്ദേഹം കാണികളെ ആവേശം കൊള്ളിച്ചു. കേരളത്തിലെ ഫുട്ബാൾ പ്രേമികൾക്കിടയിൽ ‘ആശാൻ’ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന അദ്ദേഹം വെള്ളിയാഴ്ച രാത്രി ഒമ്പതോടെ സൂപ്പർകപ്പ് നടക്കുന്ന റിയാദ് സുലൈയിലെ അൽ മുതവാ സ്റ്റേഡിയത്തിലെത്തിയപ്പോൾ ഗാലറിയിൽനിന്ന് ഉയർന്നതും ആശാൻ വിളികളാണ്.
തന്റെ സ്വതസിദ്ധമായ ശൈലിയിൽ കാണികളെ കൂടെക്കൂട്ടി സ്റ്റേഡിയത്തിൽ ആരവം തീർത്തു. തന്റെ കൈയൊപ്പുള്ള ബാളുകൾ സ്റ്റേഡിയത്തിെൻറ വിവിധ വശങ്ങളിലേക്ക് അടിച്ചത് കൈപ്പറ്റാൻ കാണികൾ തിരക്ക് കൂട്ടി. തന്നെ സമീപിച്ച നൂറുകണക്കിന് കുരുന്നുകൾക്ക് പ്രത്യേക പരിഗണന നൽകി കൂടെ നിന്ന് ഫോട്ടോയെടുക്കാനും ജേഴ്സിയിൽ കൈയൊപ്പ് ചാർത്താനും പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
ആവേശത്തിമർപ്പിലായ കാണികളിൽനിന്ന് സെക്യൂരിറ്റി വലയം തീർത്തവരോട് കുട്ടികളെ കടത്തിവിടാൻ ആവശ്യപ്പെടുന്നുണ്ടായിരുന്നു അദ്ദേഹം. റിയാദിനോടും മലയാളികളോടും നന്ദി പറഞ്ഞാണ് ഉദ്ഘാടന ശേഷം ഇവാൻ വുകോമനോവിച്ച് മടങ്ങിയത്.