ഇന്ത്യ, സൗദി സൗഹൃദം കൂടുതൽ ശക്തിപ്പെടുത്തും -നരേന്ദ്ര മോദി
text_fieldsസൗദി വ്യോമാതിർത്തിയിലേക്ക് കടന്നതും സൗദി എയർഫോഴ്സ് താൻ യാത്ര ചെയ്യുന്ന വിമാനത്തിന് അകമ്പടി സേവിക്കുന്നത്
നോക്കിക്കാണുന്ന നരേന്ദ്ര മോദി
ജിദ്ദ: ‘ഞാൻ ജിദ്ദയിൽ എത്തിയിരിക്കുന്നു. ഈ സന്ദർശനം ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള സൗഹൃദം കൂടുതൽ ശക്തിപ്പെടുത്തും. ഇന്നും നാളെയും വിവിധ പരിപാടികളിൽ പങ്കെടുക്കാൻ ഞാൻ ആഗ്രഹിക്കുന്നു’ സൗദി കിരീടാവകാശി സൽമാൻ രാജാവിന്റെ ക്ഷണപ്രകാരം ഔദ്യോഗിക സന്ദർശനത്തിന് ജിദ്ദയിലെത്തിയ ഉടൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ‘എക്സി’ൽ പങ്കുവെച്ച കുറിപ്പാണിത്. ഇരുരാജ്യങ്ങളും നൂറ്റാണ്ടുകളായി സാംസ്കാരിക വിനിമയത്തിൽ വേരൂന്നിയതാണ് ഇന്ത്യ-സൗദി ബന്ധമെന്ന് മോദി വിശേഷിപ്പിച്ചു.
2019ലെ സ്ട്രാറ്റജിക് പാർട്ണർഷിപ് കൗൺസിൽ സ്ഥാപിക്കപ്പെട്ടത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലെ ഒരു നാഴികക്കല്ലാണെന്നും മോദി പറഞ്ഞു. അടുത്ത സമുദ്ര രാഷ്ട്രം, വിശ്വസ്ത സുഹൃത്ത്, തന്ത്രപരമായ സഖ്യകക്ഷി എന്നീ നിലകളിൽ ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട പങ്കാളികളിൽ ഒന്നാണ് സൗദി. സംശയവും അവിശ്വാസവുംകൊണ്ട് വലയുന്ന ലോകത്തിനു മുന്നിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സുസ്ഥിരവും ഉറച്ചതുമായി തുടരുമെന്നും മോദി പറഞ്ഞു. സൗദിയും ഇന്ത്യയും തമ്മിലുള്ള ഏറ്റവും നല്ല ബന്ധത്തിന്റെ കാലഘട്ടത്തിൽ കൂടുതൽ നല്ലത് പ്രതീക്ഷിക്കുന്നു.
ഈ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിൽ സൗദി ഭരണകൂടം നിർണായക പങ്കുവഹിച്ചിട്ടുണ്ടെന്ന് ഞാൻ മനസ്സിലാക്കുന്നു. തന്നെ കാണുമ്പോഴെല്ലാം കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ അഗാധമായ മതിപ്പ് സൃഷ്ടിച്ചു. അദ്ദേഹത്തിന്റെ ഉൾക്കാഴ്ചയുള്ള കാഴ്ചപ്പാട്, മുന്നോട്ടുള്ള ചിന്ത, തന്റെ ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനുള്ള അഭിനിവേശം എന്നിവ എന്നെ എപ്പോഴും ആകർഷിച്ചിട്ടുണ്ട്. കിരീടാവകാശി അഭിമാനപൂർവം ഉഭയകക്ഷി ബന്ധങ്ങൾ ഉയർത്തിപ്പിടിക്കുകയും സൗദിയിലെ ഇന്ത്യൻ സമൂഹത്തിന് മികച്ച പിന്തുണ നൽകുകയും ചെയ്തു. അതിനാൽ സൗദിയിൽ വസിക്കുന്ന ഇന്ത്യൻ ജനത അദ്ദേഹത്തെ വളരെയധികം ഇഷ്ടപ്പെടുന്നു.
ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങൾക്ക് അനേകം പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇന്ത്യൻ കമ്പനികളും സൗദി വ്യവസായ മേഖലയും ബന്ധം ശക്തിപ്പെടുത്താൻ പ്രവർത്തിക്കുന്നു. നിക്ഷേപ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിലൂടെ ഈ ബന്ധത്തിന് വഴക്കത്തിന്റെ ഒരു ഘടകം ചേർക്കുന്നതിന് സഹായകമായി. സൗദി ഇന്ത്യയുടെ മുൻനിര ഊർജ പങ്കാളിയായി പ്രവർത്തിക്കുന്നു. ഇന്ത്യ സൗദിയുടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ ശ്രദ്ധിക്കുന്നു. ‘സൗദി വിഷൻ 2030’-നും ‘വികസിത് ഭാരത് (അഡ്വാൻസ്ഡ് ഇന്ത്യ) വിഷൻ 2047’ നും ഇടയിലുള്ള സംയോജനത്തിന്റെ നിരവധി വശങ്ങൾ താൻ കാണുന്നുണ്ടെന്ന് മോദി വിശദീകരിച്ചു.
ഇന്ത്യയും ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളും തമ്മിലുള്ള നിർദിഷ്ട സ്വതന്ത്ര വ്യാപാര കരാറിന് ഇന്ത്യയും സൗദിയും തമ്മിലുള്ള സാമ്പത്തിക ബന്ധത്തിൽ മാറ്റം വരുത്താൻ വലിയ സാധ്യതയുണ്ടെന്ന് മോദി ചൂണ്ടിക്കാട്ടി. 2030-ലെ വേൾഡ് എക്സ്പോയ്ക്കും 2034ൽ ഫിഫ ലോകകപ്പിനും ആതിഥേയത്വം വഹിക്കാൻ തെരഞ്ഞെടുക്കപ്പെട്ടതിൽ സൗദി ജനതയെയും നേതാക്കളെയും മോദി അഭിനന്ദിച്ചു. ഈ പ്രാധാന്യമുള്ള രണ്ട് ആഗോള ഇവന്റുകൾ സംഘടിപ്പിക്കുന്നതിൽ ഏതൊരു രാജ്യവും അഭിമാനിക്കണം. ഇത് കിരീടാവകാശിയുടെ മികച്ച നേതൃത്വത്തിന്റെ ഉൾക്കാഴ്ചയുള്ള വീക്ഷണത്തിന്റെ തെളിവാണ്.
ഈ പ്രധാന സംഭവങ്ങൾ ഇന്ത്യൻ കമ്പനികൾക്ക് അവരുടെ ബിസിനസുകൾ സമ്പന്നമാക്കാൻ വലിയ അവസരങ്ങൾ നൽകുന്നു. സൗദിലെ ഇൻഫ്രാസ്ട്രക്ചർ, ടെക്നോളജി മേഖലയിൽ ഇന്ത്യൻ കമ്പനികൾ ഇതിനകംതന്നെ ഗണ്യമായ പങ്കാളിത്തം നേടിയിട്ടുണ്ടെന്നും മോദി സൂചിപ്പിച്ചു. ഇന്ത്യയുടെ വിപുലമായ കാഴ്ചപ്പാടിന്റെ ഭാഗമായി ഇന്ത്യയിൽ ലഭ്യമായ വമ്പിച്ച അവസരങ്ങൾ പ്രയോജനപ്പെടുത്താൻ ഇന്ത്യൻ പ്രധാനമന്ത്രി സൗദി കമ്പനികളോട് ആഹ്വാനം ചെയ്തു. ഊർജ മേഖലയിൽ സൗദി അറേബ്യ ഇന്ത്യക്ക് ശക്തവും വിശ്വസനീയവുമായ പങ്കാളിയാണെന്നും ഓയിൽ റിഫൈനറി, പെട്രോകെമിക്കൽസ് മേഖലകളിൽ സംയുക്ത പദ്ധതികൾ നടപ്പാക്കുന്നതിനുള്ള സാധ്യതകൾ ഇരുരാജ്യങ്ങളും പഠിച്ചുവരുകയാണെന്നും മോദി പറഞ്ഞു.
2023ൽ ന്യൂഡൽഹിയിൽ നടന്ന ‘ജി20’ ഉച്ചകോടിയിൽ പ്രഖ്യാപിച്ച ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി പദ്ധതിയുടെ ഭാഗമായി ഇന്ത്യ, സൗദി അറേബ്യ, മധ്യപൗരസ്ത്യ മേഖല മൊത്തത്തിൽ ഇലക്ട്രിസിറ്റി ഗ്രിഡുകളെ ബന്ധിപ്പിക്കുന്നതിനുള്ള സാധ്യതാ പഠനങ്ങൾ നടക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മേഖലയിൽ ക്രിയാത്മകവും സുസ്ഥിരവുമായ ശക്തിയായാണ് ഇന്ത്യ സൗദി അറേബ്യയെ വീക്ഷിക്കുന്നതെന്ന് മോദി ഊന്നിപ്പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള സുരക്ഷാ സഹകരണം തുടർച്ചയായ വളർച്ചക്ക് സാക്ഷ്യംവഹിക്കുന്നു.
തീവ്രവാദവിരുദ്ധത, മയക്കുമരുന്ന് കടത്ത് തടയൽ, സൈബർ സുരക്ഷ തുടങ്ങിയ മേഖലകളിൽ പുരോഗതിയുണ്ട്. ഇന്ത്യൻ പ്രതിരോധ വ്യവസായങ്ങൾ സൗദിയുമായി സ്വകാര്യ പങ്കാളിത്തത്തിനു വഴി തുറന്നിട്ടുണ്ട്. സൗദി സായുധ സേനയുടെ ചില ആവശ്യങ്ങൾ നിറവേറ്റാൻ ഇന്ത്യക്ക് കഴിഞ്ഞതായും മോദി പറഞ്ഞു. സ്വകാര്യ നിക്ഷേപത്തിന് വാതിലുകൾ തുറന്നിട്ടിരിക്കുന്ന ഇന്ത്യയുടെ പ്രതിരോധ വ്യവസായ മേഖലയിൽ സൗദിയുടെ നിക്ഷേപങ്ങളെയും സ്വാഗതം ചെയ്യുന്നു.
ഫിസിക്കൽ, ഡിജിറ്റൽ കണക്ടിവിറ്റി വർധിപ്പിക്കുക, മേഖലയിലെ വ്യാപാരവും വളർച്ചയും പ്രോത്സാഹിപ്പിക്കുക, വിശ്വസനീയമായ വിതരണ ശൃംഖലകൾ വികസിപ്പിക്കുക, ഏഷ്യ, യൂറോപ്പ്, മിഡിൽ ഈസ്റ്റ് എന്നിവക്കിടയിൽ ഏകീകരണം കൈവരിക്കുക എന്നിവയാണ് ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി സംരംഭം ലക്ഷ്യമിടുന്നത്. ഈ സംരംഭത്തിന്റെ വിജയത്തിൽ ഇന്ത്യയുടെയും സൗദിയുടെയും പ്രധാന പങ്ക് മോദി ഊന്നിപ്പറഞ്ഞു.
സൽമാൻ രാജാവും കിരീടാവകാശിയും സൗദിയിലെ 27 ലക്ഷം വരുന്ന ഇന്ത്യൻ സമൂഹത്തിന് മൊത്തത്തിലും, കോവിഡ് കാലത്ത് പ്രത്യേകിച്ചും നൽകിയ പരിരക്ഷക്ക് മോദി നന്ദി രേഖപ്പെടുത്തി. അവരെ സൗദി പൗരന്മാരെ പോലെ കണ്ടാണ് സംരക്ഷണം നൽകുന്നത്. ഇന്ത്യൻ സമൂഹത്തിന്റെ ഗുണങ്ങളെയും മോദി പ്രശംസിച്ചു. നിയമങ്ങളോടുള്ള അവരുടെ പ്രതിബദ്ധതയും ജോലിയോടുള്ള അവരുടെ അർപ്പണബോധവും ഊന്നിപ്പറഞ്ഞു. അത് അവർക്ക് സൗദി അറേബ്യയുടെ ബഹുമാനം നേടിക്കൊടുത്തു. സൗദിയുടെ സാമ്പത്തിക വളർച്ചക്ക് അവർ നൽകിയ സംഭാവനകളെ മുമ്പ് കിരീടാവകാശി പ്രശംസിച്ച കാര്യവും മോദി സ്മരിച്ചു.