ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ സെക്രട്ടറി (സി.പി.വി & ഒ.ഐ.എ) അരുൺ കുമാർ ചാറ്റർജി റിയാദിൽ
text_fieldsഇന്ത്യൻ വിദേശകാര്യ മന്ത്രാലയ സെക്രട്ടറി (സി.പി.വി & ഒ.ഐ.എ) അരുൺ കുമാർ ചാറ്റർജിയും
ജി.സി.സി അസിസ്റ്റന്റ് സെക്രട്ടറി ജനറൽ ഡോ. അബ്ദുൽഅസീസ് അൽ ഉവൈഷഗും
റിയാദ്: ഇന്ത്യ-ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) രാഷ്ട്രീയ സംഭാഷണത്തിനായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ സെക്രട്ടറി (സി.പി.വി & ഒ.ഐ.എ) അരുൺ കുമാർ ചാറ്റർജി റിയാദിലെത്തി.
ഗൾഫ് രാഷ്ട്രീയകാര്യ ചർച്ചകൾക്കായുള്ള അസിസ്റ്റന്റ് സെക്രട്ടറി ജനറൽ (എ.എസ്.ജി) ഡോ. അബ്ദുൽഅസീസ് അൽ ഉവൈഷഗുമായി അദ്ദേഹം വിപുലമായ ചർച്ചകൾ നടത്തി. അഡീഷണൽ സെക്രട്ടറി (ഗൾഫ്) അസീം ആർ. മഹാജനും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ഇന്ത്യ-ഗൾഫ് രാജ്യങ്ങൾ ചരിത്രപരമായി അടുത്തതും സൗഹൃദപരവുമായ ബന്ധങ്ങൾ പങ്കിടുന്നു. ഊർജ്ജസ്വലമായ വ്യാപാര ബന്ധങ്ങളും ജനങ്ങൾ തമ്മിലുള്ള ശക്തമായ ബന്ധവും ഇതിന് അടിവരയിടുന്നു. സമീപ വർഷങ്ങളിൽ വ്യാപാരം, നിക്ഷേപം, ഊർജ്ജം, ആരോഗ്യം, സാങ്കേതികവിദ്യ, സാംസ്കാരിക വിനിമയങ്ങൾ എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ ഇന്ത്യയും ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ആഴത്തിലായിട്ടുണ്ട്. ഗൾഫ് മേഖലയിൽ ഏകദേശം ഒരു കോടി ഇന്ത്യൻ പ്രവാസികൾ വസിക്കുന്നു. ഇന്ത്യയും ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള വ്യാപാരവും നിക്ഷേപവും വളർന്നുകൊണ്ടിരിക്കുന്നു. 2024-25 സാമ്പത്തിക വർഷത്തിൽ ഏകദേശം 17,800 കോടി യു.എസ് ഡോളറിന്റെ മൊത്തം വ്യാപാരം നടന്നു.
2024 സെപ്റ്റംബർ എട്ട്, ഒമ്പത് തിയതികളിൽ റിയാദിൽ നടന്ന ഇന്ത്യയും ജി.സി.സിയും തമ്മിലുള്ള തന്ത്രപരമായ സംഭാഷണത്തിനായുള്ള ആദ്യ സംയുക്ത മന്ത്രിതല യോഗത്തിൽ അംഗീകരിച്ച ഇന്ത്യ-ജി.സി.സി സംയുക്ത ആക്ഷൻ പ്ലാൻ (ജെ.എ.പി) 2024-2028 വർഷം നടപ്പിലാക്കുന്നത് സെക്രട്ടറി അരുൺ കുമാർ ചാറ്റർജിയും എ.എസ്.ജി ഡോ. അബ്ദുൽഅസീസ് അൽ ഉവൈഷഗും അവലോകനം നടത്തി.
രാഷ്ട്രീയ സംഭാഷണം, സുരക്ഷ, വ്യാപാരം, നിക്ഷേപം, കൃഷി, ഭക്ഷ്യസുരക്ഷ, ഗതാഗതം, ഊർജ്ജം, ആരോഗ്യം, സംസ്കാരം, വിദ്യാഭ്യാസം തുടങ്ങിയ ജെ.എ.പിയുടെ വിവിധ സ്തംഭങ്ങളിലുടനീളം സഹകരണം കൂടുതൽ ആഴത്തിലാക്കുന്നതിലാണ് ഇരുവരുടെയും ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിച്ചത്. ഈ സാഹചര്യത്തിൽ, ഇന്ത്യ-ജി.സി.സി സഹകരണം കൂടുതൽ ആഴത്തിലാക്കുന്നതിനുള്ള വിവിധ മേഖലകളിലെ വഴികളും സംരംഭങ്ങളും അവർ ചർച്ച ചെയ്യുകയും ഇന്ത്യയും ജി.സി.സിയും തമ്മിലുള്ള ഉന്നതതല ഇടപെടലുകളും സംയുക്ത പ്രവർത്തനങ്ങളും വർധിപ്പിക്കാൻ സമ്മതിക്കുകയും ചെയ്തു. പരസ്പര താൽപ്പര്യമുള്ള പ്രാദേശിക, ആഗോള വിഷയങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ പരസ്പരം കൈമാറുന്നതിനുള്ള നല്ല അവസരമായും കൂടിക്കാഴ്ച മാറി.
ജി.സി.സി ചർച്ചകൾക്കായുള്ള ജനറൽ കോഓർഡിനേറ്ററും നെഗോഷ്യേറ്റിംഗ് ടീം തലവനുമായ ഡോ. രാജ എം. മർസോഖിയുമായും സി.പി.വി & ഒ.ഐ.എ സെക്രട്ടറി അരുൺ കുമാർ ചാറ്റർജി പ്രത്യേക ഉഭയകക്ഷി ചർച്ച നടത്തി. ഇന്ത്യ-ജി.സി.സി എഫ്.ടി.എയുടെ പ്രാധാന്യം ഇരുവരും അടിവരയിടുകയും ചർച്ചകൾ എത്രയും വേഗം ആരംഭിക്കാൻ ഇരുവരും സമ്മതിച്ചു. ഇന്ത്യയും ജി.സി.സിയും തമ്മിലുള്ള വ്യാപാര, നിക്ഷേപ ബന്ധങ്ങൾ കൂടുതൽ ആഴത്തിലാക്കുന്നതിനുള്ള പുതിയ വഴികളും ഇരുവരും ചർച്ച ചെയ്തു.
റിയാദ് ഇന്ത്യൻ എംബസിയും ഇന്ത്യൻ പ്രവാസികളും സംഘടിപ്പിച്ച പ്രത്യേക സ്വീകരണ പരിപാടിയിൽ സെക്രട്ടറി അരുൺ കുമാർ ചാറ്റർജി പങ്കെടുത്തു. സൗദി അറേബ്യയുമായുള്ള ഇന്ത്യയുടെ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിൽ ഇന്ത്യൻ സമൂഹം നൽകിയ വിലപ്പെട്ട സംഭാവനയെ ചടങ്ങിൽ സംസാരിച്ച അദ്ദേഹം പ്രശംസിച്ചു. സൗദി അറേബ്യയുടെ സാമ്പത്തിക വികസനത്തിൽ ഇന്ത്യൻ പ്രവാസികളുടെ പ്രധാന പങ്കിനെ അദ്ദേഹം അഭിനന്ദിച്ചു. ഇന്ത്യൻ പ്രവാസികളുടെ ക്ഷേമത്തിനായുള്ള സൗദി അറേബ്യയുടെ നേതൃത്വത്തിനേടി കരുതലിന് അദ്ദേഹം പ്രത്യേകം നന്ദി പറഞ്ഞു.