ഇന്ത്യൻ നാവിക യുദ്ധക്കപ്പലുകളായ ഐ.എൻ.എസ് തമാലും സൂറത്തും ജിദ്ദ തുറമുഖത്തെത്തി
text_fieldsജിദ്ദയിലെത്തിയ ഐ.എൻ.എസ് തമാൽ, സൂറത്ത് എന്നീ ഇന്ത്യൻ നാവിക യുദ്ധക്കപ്പലുകൾക്ക് മുമ്പിൽ ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാൻ, കോൺസുൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരി, ഇന്ത്യൻ ഡിഫൻസ് അറ്റാഷെ കേണൽ സരബ്‌ജീത് സിങ്, മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ.
ജിദ്ദ: ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള പതിവ് നാവിക കൈമാറ്റങ്ങളുടെ ഭാഗമായി ഇന്ത്യൻ നാവികസേനയുടെ വിവിധോദ്ദേശ യുദ്ധക്കപ്പലുകളായ ഐ.എൻ.എസ് തമാലും കടൽ വഴിയുള്ള ആക്രമണങ്ങൾ തടയുന്ന മിസൈൽ നശീകരണ (ഗൈഡഡ് മിസൈൽ ഡിസ്ട്രോയർ) പടക്കപ്പലായ ഐ.എൻ.എസ് സൂറത്തും ജിദ്ദ ഇസ്ലാമിക് തുറമുഖത്ത് എത്തി. നിരവധി മിസൈലുകളും നിരീക്ഷണ സംവിധാനങ്ങളും വഹിക്കുന്ന യുദ്ധക്കപ്പലായ ഐ.എൻ.എസ് തമാൽ അടുത്തിടെ റഷ്യയിൽ കമ്മീഷൻ ചെയ്തതാണ്. കപ്പലിന്റെ ഇന്ത്യയിലേക്കുള്ള യാത്രയിലാണ് ഇത് ജിദ്ദയിലെത്തിയത്. ഇന്ത്യൻ നാവികസേന ഇറക്കുമതി ചെയ്യുന്ന അവസാന യുദ്ധക്കപ്പൽ കൂടിയാണ് ഐ.എൻ.എസ് തമാൽ. സൗദി, ഇന്ത്യൻ ഉന്നത ഉദ്യോഗസ്ഥരും ഇന്ത്യൻ സമൂഹത്തിലെ അംഗങ്ങളും കപ്പലുകൾക്ക് ഊഷ്മള സ്വീകരണം നൽകി.
തുറമുഖ സന്ദർശന വേളയിൽ വെസ്റ്റേൻ ഫ്ലീറ്റ്, റോയൽ സൗദി നാവിക സേനയുടെ നേതൃത്വം, മക്ക മേഖല സൗദി ബോർഡർ ഗാർഡ്‌സ് ഡയറക്ടർ ജനറൽ എന്നിവരുമായുള്ള ആശയവിനിമയം, ജിദ്ദ മാരിടൈം റെസ്‌ക്യൂ കോർഡിനേഷൻ സെന്ററിലെ പ്രവർത്തനങ്ങളെയും നടപടിക്രമങ്ങളെയും കുറിച്ചുള്ള പരിചയം, റോയൽ സൗദി നാവിക സേനയുമായുള്ള സൗഹൃദ ഫുട്‌ബാൾ മത്സരം എന്നിവ ഉൾപ്പെടുന്നു. വ്യാഴാഴ്ച്ച വൈകീട്ട് ഐ.എൻ.എസ് തമാലിലെ ഉദ്യോഗസ്ഥർക്കും സൗദി അതിഥികൾക്കുമായി ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാൻ ഒരു അത്താഴ വിരുന്ന് സംഘടിപ്പിച്ചിരുന്നു.
ഇന്ത്യയും സൗദി അറേബ്യയും സമഗ്രമായ പ്രതിരോധ ബന്ധങ്ങൾ നിലനിർത്തിപോരുന്നുണ്ട്. അതിൽ നാവിക സഹകരണം ഒരു പ്രധാന ഘടകമാണ്. 2021 ലും 2023 ലും ഇന്ത്യയുടെയും സൗദി അറേബ്യയുടെയും നാവികസേനകൾ സംയുക്തമായി 'അൽ മുഹമ്മദ് അൽ ഹിന്ദി' സമുദ്രാഭ്യാസം നടത്തിയിരുന്നു. ഈ വർഷത്തിന്റെ തുടക്കത്തിൽ ഇരു രാജ്യങ്ങളിലെയും നാവിക സേനാ സ്റ്റാഫ് ചർച്ചകളുടെ ആദ്യ റൗണ്ടും നടത്തിയിരുന്നു. പരിശീലനത്തിനും ശേഷി വർദ്ധിപ്പിക്കുന്നതിനുമായി നാവിക ഉദ്യോഗസ്ഥരുടെയും കേഡറ്റുകളുടെയും കൈമാറ്റം പതിവായി നടക്കുന്നു. അടുത്തിടെ റോയൽ സൗദി നാവിക സേനയുടെ ഒരു പ്രതിനിധി സംഘം പഠന പര്യടനത്തിനായി ഇന്ത്യയിലെ ഗുരുഗ്രാമിലുള്ള ഐ.എഫ്.സി-ഐ.ഒ.ആർ (ഇൻഫർമേഷൻ ഫ്യൂഷൻ സെന്റർ- ഇന്ത്യൻ ഓഷ്യൻ റീജിയൻ) സന്ദർശിച്ചിരുന്നു.
ജിദ്ദയിലേക്കുള്ള ഇന്ത്യൻ നാവിക കപ്പലുകളുടെ സന്ദർശനം ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ശക്തമായ തന്ത്രപരമായ പങ്കാളിത്തത്തിന്റെ തെളിവാണ്. രണ്ട് നാവികസേനകളും തമ്മിലുള്ള സംയുക്ത പ്രവർത്തന അനുഭവവും ഏകോപനവും വർദ്ധിപ്പിക്കുന്നതിന് ഈ സന്ദർശനം ഗണ്യമായി സഹായിക്കും.