ആരോഗ്യരംഗത്ത് സ്വദേശിവത്കരണം; ആദ്യഘട്ടം നടപ്പായി
text_fieldsറിയാദ്: സൗദി അറേബ്യയിലെ ആരോഗ്യരംഗത്തെ സ്വദേശിവത്കരണ തോത് ഉയർത്തലിന്റെ ആദ്യഘട്ടത്തിന് തുടക്കം. സ്വകാര്യ സ്ഥാപനങ്ങളിലെ എക്സ്റേ, ന്യൂട്രീഷ്യൻ, ഫിസിയോതെറാപ്പി, ലബോറട്ടറി എന്നീ ജോലികളിൽ നിശ്ചിത ശതമാനം സൗദി പൗരരെ നിയമിക്കൽ നിർബന്ധമാക്കുന്ന തീരുമാനത്തിന്റെ ആദ്യഘട്ടമാണ് ആരംഭിച്ചത്. ആരോഗ്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ നടപ്പാക്കിയെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.
വ്യാഴാഴ്ച മുതലാണ് (ഏപ്രിൽ 17) നിയമം പ്രാബല്യത്തിലായത്. എക്സ്റേ (65 ശതമാനം), ന്യൂട്രീഷ്യൻ (80 ശതമാനം), ഫിസിയോതെറാപ്പി (80 ശതമാനം), മെഡിക്കൽ ലബോറട്ടറികൾ (70 ശതമാനം) എന്നിങ്ങനെയാണ് സ്വദേശിവത്കരണ തോത്. ഈ ശതമാന കണക്കിൽ സ്വദേശി ജീവനക്കാരെ നിയമിക്കണം. ഒരു സ്ഥാപനത്തിൽ 10 ലബോറട്ടറി ജീവനക്കാരുണ്ടെങ്കിൽ അതിൽ ഏഴു പേരും സ്വദേശികളായിരിക്കണം. സ്പെഷ്യലിസ്റ്റിന്റെ ഏറ്റവും കുറഞ്ഞ വേതനം 7,000 റിയാലും ടെക്നീഷ്യന്റെത് 5,000 റിയാലുമായിരിക്കും.
റിയാദ്, മക്ക, മദീന, ജിദ്ദ, ദമ്മാം, അൽഖോബാർ എന്നീ പ്രധാന നഗരങ്ങളിലെ ഒന്നോ അതിലധികമോ തൊഴിലാളികൾ ജോലി ചെയ്യുന്ന മുഴുവൻ സ്ഥാപനങ്ങളും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലുള്ള വൻകിട ആരോഗ്യ സ്ഥാപനങ്ങളുമാണ് ആദ്യഘട്ടത്തിൽ ഉൾപ്പെടുന്നത്. രണ്ടാം ഘട്ടം ഈ വർഷം ഒക്ടോബർ 17ന് നടപ്പാകും. അവശേഷിക്കുന്ന പ്രദേശങ്ങളിലെ ചെറുതും വലുതുമായ എല്ലാ സ്ഥാപനങ്ങളും ഈ ഘട്ടത്തിൽ ഉൾപ്പെടും.
കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ഈ നാല് ആരോഗ്യ തൊഴിലുകളിലെ സൗദിവത്കരണം മാനവ വിഭവശേഷി മന്ത്രാലയം പ്രഖ്യാപിച്ചത്.
തൊഴിൽ വിപണിയിൽ തദ്ദേശീയരുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനും തൊഴിൽ അവസരങ്ങൾ പ്രദാനം ചെയ്യുന്നതിനും ലക്ഷ്യമിട്ട് ഇരു മന്ത്രാലയങ്ങളും ചേർന്ന് എടുത്തതാണ് തീരുമാനം. ആരോഗ്യമേഖലയെ സ്വദേശിവത്കരിക്കാനുള്ള ശ്രമങ്ങളുടെ തുടർച്ചയാണിത്.
തീരുമാനത്തിന്റെ വിശദാംശങ്ങളും ആവശ്യമായ സ്വദേശിവത്കരണ അനുപാതങ്ങളും വ്യക്തമാക്കുന്നതിന് മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ നടപടിക്രമങ്ങളുടെ വിശദാംശങ്ങളും മാർഗനിർദേശങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
നിയമം പാലിക്കാത്ത സ്ഥാപനങ്ങൾക്കും സ്വദേശികൾക്കുള്ള തസ്തികകളിൽ ജോലി ചെയ്യുന്ന വിദേശികൾക്കുമേൽ പിഴ ഉൾപ്പടെയുള്ള ശിക്ഷാനപടിയുണ്ടാകും.
ഈ നാലു തൊഴിലുകളിലെ സ്വദേശിവത്കരണം വർധിപ്പിക്കാനുള്ള തീരുമാനം നടപ്പായതോടെ നിരവധി വിദേശികൾക്ക് തൊഴിൽ നഷ്ടപ്പെടും. എക്സ്റേ, ന്യൂട്രീഷ്യൻ, ഫിസിയോതെറാപ്പി, ലബോറട്ടറി തൊഴിലുകളിൽ പുരുഷന്മാരും സ്ത്രീകളുമായി നിരവധി വിദേശികളാണ് സൗദിയിൽ ജോലി ചെയ്യുന്നത്. തീരുമാനം നടപ്പായതോടെ വരും ആഴ്ചകളിൽ ഈ രംഗത്ത് കർശന പരിശോധനകൾ ഉണ്ടാകാൻ സാധ്യതയുണ്ട്.