Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightനിയമ പോരാട്ടത്തിൽ...

നിയമ പോരാട്ടത്തിൽ നിരപരാധിത്വം തെളിഞ്ഞു: സൗദിയിൽ മയക്ക് മരുന്ന് കേസിൽപെട്ട അഞ്ച്​ മലയാളികൾക്ക് മോചനം

text_fields
bookmark_border
നിയമ പോരാട്ടത്തിൽ നിരപരാധിത്വം തെളിഞ്ഞു: സൗദിയിൽ മയക്ക് മരുന്ന് കേസിൽപെട്ട അഞ്ച്​ മലയാളികൾക്ക് മോചനം
cancel

റിയാദ്: മയക്കുമരുന്ന് കേസിൽ കുടുങ്ങിയ അഞ്ച് മലയാളികൾക്കും ഒരു ഉത്തർപ്രദേശ് സ്വദേശിക്കും ഒന്നര വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ സൗദി കോടതിയിൽ നിന്ന് നീതി ലഭിച്ചു. മലപ്പുറം, പാലക്കാട്, എറണാകുളം സ്വദേശികളായ എട്ടു പേരെയും ഒരു യു.പി സ്വദേശിയെയുമാണ് 2024 നവംബറിൽ റിയാദിലെ വെയർഹൗസിൽ നിന്ന് സൗദി നാർക്കോട്ടിക് വിഭാഗം അറസ്​റ്റ്​ ചെയ്തത്.

ദുബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്ഥാപനത്തി​െൻറ വെയർഹൗസിലേക്ക് എത്തിയ പാർസലുകളിൽ നിന്ന് ആയിരക്കണക്കിന് ലഹരി ഗുളികകൾ അധികൃതർ കണ്ടെത്തിയിരുന്നു. ഈ പാർസൽ കൈപ്പറ്റാൻ എത്തിയ പാകിസ്താൻ പൗരനെ പിന്തുടർന്ന് വെയർഹൗസിലെത്തിയ അന്വേഷണ സംഘം, അവിടെയുണ്ടായിരുന്ന മുഴുവൻ ജീവനക്കാരെയും പിടികൂടുകയായിരുന്നു. ആദ്യഘട്ടത്തിൽ തെളിവുകൾ ഇവർക്ക് എതിരായിരുന്നു എന്നതിനാൽ കോടതി ഇവരെ പൊലീസ് കസ്​റ്റഡിയിൽ വിട്ടു.

നാട്ടിലെ കുടുംബവും റിയാദിലെ സുഹൃത്തുക്കളും പറഞ്ഞതനുസരിച്ച് റിയാദിലെ സാമൂഹിക പ്രവർത്തകൻ സിദ്ധിഖ് തുവ്വൂർ ഇവരുടെ മോചനശ്രമത്തിന്​ മുൻകൈ​യ്യെടുത്തു. സൗദി അഭിഭാഷക ഡോ. റെന അബ്​ദുൽ അസീസാണ് പ്രതികൾക്കായി കോടതിയിൽ ഹാജരായത്. ഒന്നര വർഷത്തിനിടെ നടന്ന 13 സിറ്റിങ്ങുകളിലൂടെ പ്രതികളുടെ നിരപരാധിത്വം തെളിയിക്കാൻ അഭിഭാഷകയ്ക്ക് സാധിച്ചു.

കുറ്റക്കാരല്ലെന്ന് കണ്ടെത്തിയ ആറുപേരെയും കോടതി വെറുതെ വിട്ടെങ്കിലും, മേൽക്കോടതിയുടെ വിധി കൂടി അനുകൂലമായി വന്നാലേ കേസിൽ നിന്ന് പൂർണമായ മോചനം സാധ്യമാകൂ. അതേസമയം, ഇതേ കേസിൽ ഉൾപ്പെട്ട മൂന്ന് മലയാളികൾ ഇപ്പോഴും ജയിലിൽ തുടരുകയാണ്. ഇവർക്ക് ഇതുവരെ നിരപരാധിത്വം തെളിയിക്കാനായിട്ടില്ല.

കേസി​െൻറ തുടക്കം മുതൽ പ്രതികളിൽ ഒരാളുടെ സുഹൃത്തായ ജാഫർ അബ്‌ദുസ്സലാം, കുഞ്ഞോയി കോടമ്പുഴ എന്നിവർ സിദ്ധിഖിനൊപ്പം സഹായത്തിനുണ്ടായിരുന്നു. കൂടാതെ, ഇന്ത്യൻ എംബസിയും ഉദ്യോഗസ്ഥൻ സവാദ് യൂസഫും നൽകിയ പിന്തുണ നിർണായകമായിരുന്നുവെന്ന് സിദ്ധിഖ് തുവ്വൂർ വ്യക്തമാക്കി.

‘തങ്ങൾ തെറ്റ് ചെയ്തിട്ടില്ലെന്ന് ബോധ്യമുണ്ടായിരുന്നു. വൈകിയാണെങ്കിലും നീതി ലഭിച്ചതിൽ ദൈവത്തോട് നന്ദി പറയുന്നു. കഠിനമായ ഈ കാലഘട്ടത്തിൽ കൂടെ നിന്ന സിദ്ധിഖ് തുവ്വൂരിനോടും അഭിഭാഷക ഡോ. റെനയോടും തീരാത്ത കടപ്പാടുണ്ട്’ — മോചിതരായവർ പ്രതികരിച്ചു.

പ്രവാസികൾ തങ്ങൾ ജോലി ചെയ്യുന്ന മേഖലയെക്കുറിച്ചും സ്ഥാപനത്തി​െൻറ ഇടപാടുകളെക്കുറിച്ചും കൃത്യമായ ധാരണ പുലർത്തണമെന്ന് ഡോ. റെനയും സിദ്ധിഖ് തുവ്വൂരും ഓർമിപ്പിച്ചു. സംശയാസ്പദമായ തൊഴിൽ സാഹചര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും തൊഴിലിടങ്ങളിൽ നിയമവിരുദ്ധമായ കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടനടി അധികൃതരെ അറിയിക്കണമെന്നും അവർ നിർദേശിച്ചു.

Show Full Article
TAGS:Drug Case Saudi Arabia legal battle released malayalis 
News Summary - Innocence proven in legal battle: Five Malayalis trapped in Saudi drug case released
Next Story