അന്താരാഷ്ട്ര ഫലസ്തീൻ സമ്മേളനം; സൗദിയുടെയും ഫ്രാൻസിന്റെയും ശ്രമങ്ങൾക്ക് അന്താരാഷ്ട്ര പിന്തുണ
text_fieldsന്യൂയോർക്കിലെ യു.എൻ ആസ്ഥാനത്ത് സൗദി അറേബ്യയുടെയും ഫ്രാൻസിന്റെയും നേതൃത്വത്തിൽ നടന്ന യോഗം
റിയാദ്: ഫലസ്തീൻ പ്രശ്നത്തിന്റെ സമാധാനപരമായ പരിഹാരത്തിനും ദ്വിരാഷ്ട്ര പരിഹാരത്തിനും വേണ്ടിയുള്ള അന്താരാഷ്ട്ര സമ്മേളനത്തിന് തയാറെടുക്കുന്നതിൽ സൗദിയുടെയും ഫ്രാൻസിന്റെയും ശ്രമങ്ങൾക്ക് അന്താരാഷ്ട്ര പിന്തുണ.
ഐക്യരാഷ്ട്രസഭയിലെ സൗദിയുടെ സ്ഥിരം പ്രതിനിധി അംബാസഡർ ഡോ. അബ്ദുൽ അസീസ് അൽ വാസലും ഫ്രഞ്ച് അംബാസഡർ ജെറോം ബോണഫോണ്ടും സംയുക്തമായി നേതൃത്വം നൽകിയ സെഷനിലാണ് സൗദി, ഫ്രാൻസ് ശ്രമങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചത്.
ന്യൂയോർക്കിലെ യു.എൻ ആസ്ഥാനത്ത് നടന്ന യോഗത്തിൽ അടുത്ത ജൂണിൽ നടക്കാനിരിക്കുന്ന ഉന്നതതല ഫലസ്തീൻ അന്താരാഷ്ട്ര സമാധാന സമ്മേളനത്തിനുള്ള തയാറെടുപ്പുകളെ കുറിച്ച് സൗദിയും ഫ്രാൻസും യു.എൻ അംഗങ്ങളെ അറിയിച്ചു.
ഫലസ്തീൻ പ്രശ്നത്തിന്റെ സമാധാനപരമായ ഒത്തുതീർപ്പിനും ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കുന്നതിനുമുള്ള അന്താരാഷ്ട്ര സമ്മേളനത്തെക്കുറിച്ച ആദ്യ ബ്രീഫിങ് യു.എൻ അംഗങ്ങൾക്കും നിരീക്ഷക രാഷ്ട്രങ്ങൾക്കും നൽകി.
ദ്വിരാഷ്ട്ര പരിഹാരത്തിനുള്ള സൗദിയുടെ ദീർഘകാലവും അചഞ്ചലവുമായ പിന്തുണ യു.എൻ അംബാസഡർ അൽ വാസൽ തന്റെ പ്രസംഗത്തിൽ ആവർത്തിച്ചു. പ്രാദേശിക സമാധാനത്തിനും സ്ഥിരതക്കും ഒരു സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
സമാധാന ഒത്തുതീർപ്പുമായി ബന്ധപ്പെട്ട പ്രധാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഒന്നിലധികം വർക്കിങ് ഗ്രൂപ്പുകളുടെ രൂപവത്കരണം അദ്ദേഹം പ്രഖ്യാപിച്ചു. സമ്മേളന തയാറെടുപ്പുകളെ പിന്തുണക്കുന്നതിനുള്ള ആശയങ്ങളും നിർദേശങ്ങളും സമർപ്പിക്കാൻ യു.എൻ അംഗരാജ്യങ്ങളെ ക്ഷണിച്ചു. യു.എൻ പിന്തുണയുള്ള സമ്മേളനം നീതിപൂർവകവും ശാശ്വതവുമായ പരിഹാരം കൈവരിക്കുന്നതിന് ലക്ഷ്യമിട്ടുള്ള അന്താരാഷ്ട്ര ശ്രമങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിന് ഔപചാരികമായ ഒരു പ്ലാറ്റ്ഫോം പ്രദാനം ചെയ്യുമെന്ന് അൽ വാസൽ അഭിപ്രായപ്പെട്ടു.
അതേസമയം യോഗത്തിൽ പങ്കെടുത്ത ഭൂരിഭാഗം യു.എൻ അംഗങ്ങളും നിരീക്ഷക രാജ്യങ്ങളും പ്രാദേശിക ബ്ലോക്കുകളും അന്താരാഷ്ട്ര സംഘടനകളും സൗദി-ഫ്രഞ്ച് സംരംഭത്തിന് ശക്തമായ പിന്തുണ പ്രകടിപ്പിക്കുകയും അന്താരാഷ്ട്രതലത്തിൽ അംഗീകരിച്ച ഒരേയൊരു പാതയായി ദ്വിരാഷ്ട്ര പരിഹാരത്തിനുള്ള തങ്ങളുടെ പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുകയും ചെയ്തു. വരാനിരിക്കുന്ന സമ്മേളനത്തിൽ വ്യക്തമായ ഫലങ്ങൾ ഉണ്ടാകേണ്ടിതിന്റെ പ്രാധാന്യം നിരവധി പ്രതിനിധികൾ അടിവരയിട്ടു.
ഫലസ്തീൻ രാഷ്ട്രത്തിന്റെ അംഗീകാരം, കൂട്ടിച്ചേർക്കലും നിർബന്ധിത കുടിയിറക്കലും നിരസിക്കുക, ഫലസ്തീൻ ഗവൺമെന്റിനും യു.എൻ റിലീഫ് ആൻഡ് വർക്ക്സ് ഏജൻസിക്കും പിന്തുണ വർധിപ്പിക്കുക എന്നിവയുടെ ആവശ്യകത പ്രതിനിധികൾ ഉൗന്നിപറഞ്ഞു. ഫലസ്തീൻ ലക്ഷ്യത്തെ പിന്തുണക്കുന്നതിനും സമ്മേളനത്തിന്റെ അധ്യക്ഷ സ്ഥാനത്ത് നിന്ന് അർഥവത്തായ ഫലത്തിലേക്കുള്ള കൂട്ടായ പ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള സൗദിയുടെ മുൻനിര പങ്കിനെ പങ്കെടുത്ത രാജ്യങ്ങൾ അഭിനന്ദിച്ചു.
മുസ്ലിം വേൾഡ് ലീഗ് സ്വാഗതം ചെയ്തു
റിയാദ്: പാരീസിൽ നടന്ന യുനെസ്കോ എക്സിക്യൂട്ടിവ് കൗൺസിൽ 221ാം സെഷനിൽ ‘ഗസ്സ മുനമ്പിലെ നിലവിലെ സാഹചര്യത്തിന്റെ ആഘാതവും അനന്തരഫലങ്ങളും’ എന്ന പ്രമേയം അംഗീകരിച്ചതിനെ മുസ്ലിം വേൾഡ് ലീഗ് സ്വാഗതം ചെയ്തു. ഗസ്സ മുനമ്പിലെ സാധാരണ ജനങ്ങൾക്കും അവരുടെ സ്ഥാപനങ്ങൾക്കുമെതിരെ ഇസ്രായേൽ അധിനിവേശ സർക്കാർ തുടരുന്ന ഭയാനകമായ അതിക്രമങ്ങളും യുദ്ധവും തടയാൻ അന്താരാഷ്ട്ര സമൂഹം ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതിന്റെ അടിയന്തര പ്രധാന്യം സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് ബിൻ അബ്ദുൽ കരീം അൽഇസ്സ പ്രസ്താവനയിൽ ഊന്നിപ്പറഞ്ഞു.
യു.എൻ ഏജൻസികളെയും സംഘടനകളെയും ലക്ഷ്യമിടുന്നത് നിർത്തുക, ഗസ്സ മുനമ്പിലും എല്ലാ അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളിലും അവരുടെ ചുമതലകൾ നിർവഹിക്കാൻ അവരെ പ്രാപ്തരാക്കുക, അന്താരാഷ്ട്ര നിയമത്തിനും അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾക്കും കീഴിലുള്ള ബാധ്യതകൾ പാലിക്കാൻ ഇസ്രായേലി അധിനിവേശ ഗവൺമെന്റിനെ സമ്മർദത്തിലാക്കുക എന്നിവ മുസ്ലിം വേൾഡ് ലീഗ് സെക്രട്ടറി ജനറൽ ആവശ്യപ്പെട്ടു.