ഇസ്ലാമിക് സോളിഡാരിറ്റി ഗെയിംസിന് നാളെ റിയാദിൽ തുടക്കം
text_fieldsറിയാദ്: സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ രക്ഷാകർതൃത്വത്തിൽ ആറാമത് ഇസ്ലാമിക് സോളിഡാരിറ്റി ഗെയിംസിന് വെള്ളി റിയാദിൽ തുടക്കമാകും. നവംബർ 21 വരെ നീളുന്ന കായികമേളയിൽ 57 ഇസ്ലാമിക രാജ്യങ്ങളിൽ നിന്നുള്ള അത്‌ലറ്റുകൾ പങ്കെടുക്കും. കായികം ഉൾപ്പെടെ എല്ലാ തലങ്ങളിലും ഇസ്ലാമിക ലോകത്തെ രാജ്യങ്ങൾക്കിടയിൽ ഐക്യദാർഢ്യത്തിന്റെ മൂല്യങ്ങൾ ഏകീകരിക്കുന്നതിൽ സൗദിക്കുള്ള സുപ്രധാന പങ്കിനെയാണ് ഈ മത്സരം പ്രതിഫലിപ്പിക്കുന്നത്.
ഈ കായികമേളയുടെ ആശയം പിറന്നതും ഔദ്യോഗികമായി തുടക്കം കുറിച്ചതും സൗദിയിലായിരുന്നു. ടൂർണമെൻറിന്റെ ആദ്യ പതിപ്പ് 20 വർഷം മുമ്പ് മക്കയിൽ അരങ്ങേറി. അതിനുശേഷം ആദ്യമായാണ് ഈ കായിക സംഗമം സൗദിയുടെ മണ്ണിലേക്ക് വീണ്ടും തിരിച്ചെത്തുന്നത്. സംയുക്ത ഇസ്ലാമിക പ്രവർത്തനങ്ങൾക്ക് സൽമാൻ രാജാവ് നൽകുന്ന വലിയ പ്രാധാന്യത്തെയാണ് ഈ കായിക മാമാങ്കത്തിന് ആതിഥേയത്വം വഹിച്ചതിലൂടെ സൂചിപ്പിക്കുന്നതെന്ന് കായിക മന്ത്രിയും സൗദി ഒളിമ്പിക്, പാരാലിമ്പിക് കമ്മിറ്റി പ്രസിഡന്റും ഇസ്ലാമിക് സോളിഡാരിറ്റി സ്‌പോർട്‌സ് ഫെഡറേഷൻ പ്രസിഡൻറുമായ അമീർ അബ്ദുൽ അസീസ് ബിൻ തുർക്കി പറഞ്ഞു.
57 ഇസ്ലാമിക രാജ്യങ്ങളിൽനിന്നുള്ള 3,000ത്തിലധികം കായികതാരങ്ങളെയും വനിത കായികതാരങ്ങളെയും 22ലധികം കായിക ഇനങ്ങളിൽ ആതിഥേയത്വം വഹിക്കുന്നതിൽ ഞങ്ങൾ അതീവ സന്തുഷ്ടരാണ്. ഈ പ്രിയപ്പെട്ട രാജ്യ നേതൃത്വത്തിന്റെ പരിധിയില്ലാത്ത പിന്തുണയോടെ, ലോകത്തിലെ ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ ആഗോള കായിക മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്നതിൽ സൗദിക്കുള്ള സംഘാടനപരമായ കഴിവുകളും അനുഭവസമ്പത്തും എടുത്തുകാണിക്കുന്ന ഒരു അസാധാരണ പതിപ്പ് അവതരിപ്പിക്കാൻ ഞങ്ങൾ മുന്നോട്ട് പോവുകയാണെന്നും മന്ത്രി പറഞ്ഞു.


