ഇസ്രായേലിന് ഫലസ്തീൻ ഭൂമിയിൽ പരമാധികാരമില്ല; സൗദി, അറബ്, ഇസ്‍ലാമിക് സംയുക്ത പ്രസ്താവന
text_fieldsറിയാദ്: ഇസ്രായേലിന് ഫലസ്തീൻ ഭൂമിയിൽ പരമാധികാരമില്ലെന്ന് സൗദി, അറബ്, ഇസ്‍ലാമിക് സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.
സൗദിക്ക് പുറമെ ജോർദാൻ, ഇന്തോനേഷ്യ, പാക്കിസ്ഥാൻ, തുർക്കിയ, ജിബൂട്ടി, ഒമാൻ, ഫലസ്തീൻ, ഖത്തർ, കുവൈത്ത്, ലിബിയ, മലേഷ്യ, ഈജിപ്ത്, നൈജീരിയ, ഗാംബിയ, അറബ് ലീഗ്, ഒ.ഐ.സി എന്നിവ പുറപ്പെടുവിച്ച പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അധിനിവേശ വെസ്റ്റ് ബാങ്കിലും നിയമവിരുദ്ധ കുടിയേറ്റ കേന്ദ്രങ്ങളിലും ‘ഇസ്രായേലി പരമാധികാരം’ അടിച്ചേൽപ്പിക്കാൻ ലക്ഷ്യമിട്ടുള്ള രണ്ട് കരട് നിയമങ്ങൾ ഇസ്രായേൽ നെസെറ്റ് അംഗീകരിച്ചതിനെ സൗദി, അറബ്, ഇസ്‍ലാമിക് സംയുക്ത പ്രസ്താവനയിൽ ശക്തമായി അപലപിച്ചു. ഇത് അന്താരാഷ്ട്ര നിയമത്തിന്റെയും യു.എൻ സുരക്ഷാ കൗൺസിൽ പ്രമേയങ്ങളുടെയും പ്രത്യേകിച്ച് കിഴക്കൻ ജറുസലേം ഉൾപ്പെടെ 1967 മുതൽ കൈവശപ്പെടുത്തിയ ഫലസ്തീൻ പ്രദേശത്തിന്റെ ജനസംഖ്യാ ഘടന, സ്വഭാവം, നിയമപരമായ പദവി എന്നിവ മാറ്റാൻ ലക്ഷ്യമിട്ടുള്ള എല്ലാ ഇസ്രായേലി നടപടികളെയും അപലപിക്കുന്ന പ്രമേയം 2334 ന്റെയും നഗ്നമായ ലംഘനമായി കണക്കാക്കപ്പെടുന്നുവെന്ന് പ്രസ്താവനയിൽ പറഞ്ഞു.
അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളിലെ ഇസ്രായേലിന്റെ ബാധ്യതകളെയും ആ പ്രദേശങ്ങളുമായുള്ള ബന്ധത്തെയും കുറിച്ച് 2025 ഒക്ടോബർ 22ന് പുറപ്പെടുവിച്ച അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഉപദേശക അഭിപ്രായത്തെ പ്രസ്താവന സ്വാഗതം ചെയ്തു. ഏകപക്ഷീയവും നിയമവിരുദ്ധവുമായ ഇസ്രായേലി നയങ്ങളുടെയും രീതികളുടെയും തുടർച്ചയ്‌ക്കെതിരെ അറബ് ഇസ്‍ലാമിക് രാജ്യങ്ങൾ പ്രസ്താവനയിൽ മുന്നറിയിപ്പ് നൽകി.
അന്താരാഷ്ട്ര സമൂഹം അവരുടെ നിയമപരവും ധാർമ്മികവുമായ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കണം. അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളിലെ അതിക്രമങ്ങളും നിയമവിരുദ്ധ നടപടികളും നിർത്താൻ ഇസ്രായേലിനെ നിർബന്ധിക്കണം. കിഴക്കൻ ജറുസലേം തലസ്ഥാനമാക്കി 1967 ജൂൺ നാലിലെ അതിർത്തിയിൽ സ്വതന്ത്രവും പരമാധികാരവുമായ രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള ഫലസ്തീൻ ജനതയുടെ നിയമാനുസൃത അവകാശങ്ങൾ നിറവേറ്റണമെന്നും അവർ ആവശ്യപ്പെട്ടു. മേഖലയിൽ സുരക്ഷയും സ്ഥിരതയും ഉറപ്പുനൽകുന്ന നീതിയുക്തവും സമഗ്രവുമായ സമാധാനം കൈവരിക്കാനുള്ള ഏക മാർഗമാണിതെന്നും അവർ പറഞ്ഞു.


