ജപ്പാൻ കൾചറൽ ഡേയ്സ്; ‘ഇത്റ’യിൽ എത്തിയത് രണ്ടുലക്ഷം സന്ദർശകർ
text_fieldsഇത്റയിലെ ‘ജപ്പാൻ കൾചറൽ ഡേയ്സ്’ ഫെസ്റ്റിവലിൽനിന്നുള്ള കാഴ്ചകൾ
അൽ ഖോബാർ: കിങ് അബ്ദുൽ അസീസ് സെന്റർ ഫോർ വേൾഡ് കൾച്ചർ (ഇത്റ)യിൽ 17 ദിവസം നീണ്ടുനിന്ന ‘ജപ്പാൻ കൾച്ചറൽ ഡേയ്സ്’ ആഘോഷങ്ങളിൽ പങ്കെടുത്തത് രണ്ടു ലക്ഷം ആളുകളെന്ന് റിപ്പോർട്ട്. എല്ലാ പ്രായക്കാർക്കും ആകർഷകമായ അനുഭവം പകരുന്നതായിരുന്നു അവതരിപ്പിക്കപ്പെട്ട വിവിധ പരിപാടികൾ.
കരകൗശല ശിൽപശാലകൾ, പരമ്പരാഗത കാലിഗ്രഫി, ഒറിഗാമി, മാംഗ ഡ്രോയിങ് സെഷനുകൾ എന്നിവയിൽ സന്ദർശകർക്ക് പങ്കെടുക്കാനുള്ള അവസരവുമുണ്ടായിരുന്നു.
ജാപ്പനീസ് നാടോടിക്കഥകളും ഇതിഹാസങ്ങളും ഉൾക്കൊള്ളുന്ന കഥപറച്ചിൽ സെഷനുകൾ യുവസന്ദർശകരാണ് ഏറ്റവും കൂടുതൽ ആസ്വദിച്ചത്. ആഗോളപ്രശസ്തമായ ജാപ്പനീസ് ഡ്രമ്മിങ് സംഘമായ ‘ഡ്രം ടാവോ’ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
പരമ്പരാഗത ടൈക്കോ ഡ്രമ്മിങ്ങിനെ ആധുനിക നൃത്തസംവിധാനവും ലൈറ്റിങ് ഇഫക്റ്റുകളും സംയോജിപ്പിച്ച് പ്രേക്ഷകരെ അമ്പരപ്പിച്ചു.
വിർച്വലായി ജാപ്പനീസ് മാർക്കറ്റുകളും സാംസ്കാരികാഘോഷങ്ങളും കണ്ട് ജപ്പാനിലെത്തിയപോലുള്ള പ്രതീതിയനുഭവം സന്ദർശകർ ആസ്വദിക്കാനായി. ജാപ്പനീസ് സാഹിത്യസംബന്ധിയായ നിരവധി സെഷനുകളുമുണ്ടായിരുന്നു. ഹരൂക്കി മുറകാമിയെപ്പോലുള്ള പ്രശസ്ത എഴുത്തുകാരുടെ കൃതികളാണ് ഏറെ പരാമർശിക്കപ്പെട്ടത്.
ഈ ജാപ്പനീസ് എഴുത്തുകാരെക്കുറിച്ച് വിശദമായി അറിയാനുള്ള അവസരമാണ് സന്ദർശകർക്ക് ഈ ഫെസ്റ്റിവലിൽ ലഭിച്ചത്.
ധ്യാനസ്വരങ്ങൾക്ക് പേരുകേട്ട പരമ്പരാഗത ജാപ്പനീസ് മുള ഓടക്കുഴലായ ‘ഷാകുഹാച്ചി’യുടെ ശാന്തസുന്ദരമായ നാദധാര മുതൽ ഹൈ-എനർജി ഡ്രം മേളങ്ങൾ വരെയുള്ള പ്രകടനങ്ങളോടെ ജാപ്പനീസ് സംഗീതമേളയും ആളുകളുടെ മനസ് നിറയ്ക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ചു.
ജാപ്പനീസ് പാചക പാരമ്പര്യങ്ങളുടെ രുചിനുണയാൻ സുഷി, വാഗാഷി തുടങ്ങിയ വിഭവങ്ങളും ഫെസ്റ്റിവലിൽ നിരന്നു.
പൊട്ടിയ മൺപാത്രങ്ങൾ സ്വർണംകൊണ്ട് നന്നാക്കുന്ന ജാപ്പനീസ് കലയായ ‘കിന്റസ്സുഗി മൂടിയ’ പരിശീലന കളരിയിൽ അത് അഭ്യസിക്കാൻ സന്ദർശകർ തിരക്കുക്കൂട്ടി. ‘അപൂർണതയിൽ സൗന്ദര്യം കണ്ടെത്തുക’ എന്ന തത്വശാസ്ത്രം ഉൾക്കൊണ്ട്, തകർന്ന സെറാമിക്സ് അലങ്കാര കഷണങ്ങളാക്കി മാറ്റാൻ സന്ദർശകരെ പഠിപ്പിച്ചു.
സൗദിയിലെ ജാപനീസ് അംബാസഡർ മോറിനോ യാസുനാരി ഫെസ്റ്റിവലിലെത്തി സന്ദർശകരെ വരവേൽക്കുകയും പ്രദർശനങ്ങൾ സന്ദർശിക്കുകയും കലാകാരന്മാരുമായും സാംസ്കാരിക പ്രതിനിധികളുമായും സംവദിക്കുകയും ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള സാംസ്കാരിക ബന്ധം ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.